കോട്ടയം മെഡിക്കല്‍ കോളേജ് അപകടം; പുറത്തെടുത്ത സ്ത്രീ മരിച്ചു

ആരും കുടുങ്ങിട്ടില്ലെന്ന് ആരോഗ്യമന്ത്രി ഉള്‍പ്പെടെ പറഞ്ഞെങ്കിലും പൊലീസും ഫയര്‍ഫോഴ്‌സും മണിക്കൂറികള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് സ്ത്രീയെ പരിക്കേറ്റ നിലയില്‍ പുറത്തെടുത്തത്. പിന്നീട് ഇവരെ അടിയന്തരചികിത്സാ വിഭാഗത്തിലേക്ക് പ്രവേശിപ്പിച്ചെങ്കിലും ഉച്ചയ്ക്ക് ഒന്നരയോടെ മണം സ്ഥിരീകരിക്കുകയായിരുന്നു

author-image
Biju
New Update
bewds

കോട്ടയം: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. മകളുടെ ചികില്‍സാ ആവശ്യത്തിനെത്തിയതായിരുന്നു ബിന്ദുവും ഭര്‍ത്താവും. കെട്ടിടം തകര്‍ന്നുവീണ് രണ്ടര മണിക്കൂറിനു ശേഷമാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നു ബിന്ദുവിനെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. അപ്പോഴേക്കും മരിച്ചിരുന്നു. തകര്‍ന്നുവീണ കെട്ടിടത്തിലെ ശുചിമുറിയില്‍ കുളിക്കാന്‍ പോയതായിരുന്നു ബിന്ദുവെന്ന് ഭര്‍ത്താവ് വിശ്രുതന്‍ പറഞ്ഞു. ഇവരുടെ മകള്‍ ട്രോമാ കെയറില്‍ ചികില്‍സയിലാണ്.

ഇന്നു രാവിലെ പതിനൊന്നുമണിയോടെയാണ് പതിനാലാം വാര്‍ഡിലെ ശുചിമുറിയുടെ ഭാഗം ഇടിഞ്ഞുവീണത്. മുഖ്യമന്ത്രിയുടെ അവലോകന യോഗം കോട്ടയത്തു നടക്കുമ്പോഴാണ് അപകടം. മന്ത്രിമാരായ വീണാ ജോര്‍ജും വി.എന്‍. വാസവനും മെഡിക്കല്‍ കോളജിലെത്തിയിട്ടുണ്ട്. തകര്‍ന്നുവീണ കെട്ടിടഭാഗം ഉപയോഗിക്കുന്നില്ലായിരുന്നെന്ന് മന്ത്രിമാര്‍ പറഞ്ഞു. ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡെയും സ്ഥലത്തുണ്ട്. അഗ്‌നിരക്ഷാ സേനയും പൊലീസും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

അതിനിടെ കെട്ടിടം തകര്‍ന്നുവീണ ഗവ. മെഡിക്കല്‍ കോളജില്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രതിഷേധിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് എംഎല്‍എ പ്രതിഷേധിച്ചത്. ആളൊഴിഞ്ഞ കെട്ടിടമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. ''തെറ്റായ വാര്‍ത്തകള്‍ പരത്താന്‍ ശ്രമിച്ചു. രക്ഷാപ്രവര്‍ത്തനം വൈകിയതിന് കാരണം ഇതാണ്. അപകടം ഉണ്ടായപ്പോള്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിനുള്ള ശ്രമങ്ങള്‍ വേണ്ടരീതിയില്‍ കൈകാര്യം ചെയ്തില്ല. ആരും പ്രശ്‌നമുണ്ടാക്കാന്‍ വന്നതല്ല.''  ചാണ്ടി ഉമ്മന്‍ പറഞ്ഞു.

അപകടത്തില്‍ വയനാട് മീനങ്ങാടി സ്വദേശി അലീന വിന്‍സന്റിന് (11) ആണ് പരുക്കേറ്റിട്ടുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ് പത്താം വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന മുത്തശി ത്രേസ്യാമ്മയുടെ കൂടെ ബൈ സ്റ്റാന്‍ഡറായി നില്‍ക്കുകയായിരുന്നു അലീന. പരുക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. രോഗികളെ ഒഴിപ്പിക്കുന്നതിനിടെ അത്യാഹിത വിഭാഗത്തിലെ ജീവനക്കാരന്‍ അമല്‍ പ്രദീപിനു ട്രോളി വന്നിടിച്ച് നിസാര പരുക്കേറ്റു. 10,11,14 വാര്‍ഡുകളിലും പരിസരങ്ങളിലുമുണ്ടായിരുന്ന രോഗികളെയും കൂട്ടിരിപ്പുകാരെയും ഉടന്‍ ഒഴിപ്പിച്ചു.