/kalakaumudi/media/media_files/2025/07/04/sha2fsd-2025-07-04-15-05-22.jpg)
തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നു തലയോലപ്പറമ്പ് സ്വദേശിനി വീട്ടമ്മ മരിക്കാനിടയായ സംഭവത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്. പ്രതിപക്ഷ സംഘടനകളുടെ ഭാഗത്തുനിന്നും പത്തനംതിട്ട സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കള്‍ക്കുമിടയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനെതിരെ അമര്‍ഷം തുടരുന്നതിനിടെ ആരോഗ്യവകുപ്പ് മുന്‍ ഡയറക്ടര്‍ സരിത ശിവരാമന്‍ വിമര്‍ശനവുമായി ഫേസ്ബുക്ക് കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. 'രക്ഷാപ്രവര്‍ത്തനം വൈകിയെന്നറിഞ്ഞപ്പോള്‍ ഭൂതകാലത്തിലേക്ക് തിരഞ്ഞുനോക്കിപ്പോയി' എന്നായിരുന്നു സരിതയുടെ കുറിപ്പ്.
പിന്നാലെ മുന്‍ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജയുടെ ഫേസ്ബുക്ക് കുറിപ്പും പ്രത്യക്ഷപ്പെട്ടു.
കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നു വീണ് മരണമടഞ്ഞ ബിന്ദുവിന്റെ വേര്‍പാടില്‍ അഗാധമായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തുന്നുവെന്നായിരുന്നു ശൈലജയുടെ ഫേസ്ബുക്ക് കുറിപ്പ്.
വളരെ തുച്ഛമായ വരുമാനം കൊണ്ട് കുടുംബം പുലര്‍ത്തുന്ന ബിന്ദുവിന്റെ കുടുംബത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഗവണ്‍മെന്റ് ഏറ്റെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജില്‍ ബിന്ദുവിന്റെ മകളുടെ ഓപ്പറേഷന്‍ കൃത്യസമയത്ത് നടത്തുന്നതിനുള്ള തീരുമാനവും എടുത്തിട്ടുണ്ട്.
LDF ഭരണകാലത്ത് വമ്പിച്ച പുരോഗതിയാണ് കോട്ടയം മെഡിക്കല്‍ കോളേജിന് ഉണ്ടായിട്ടുള്ളത്. ഇപ്പോള്‍ തകര്‍ന്നു വീണ കെട്ടിടം മാറ്റിപ്പണിയുന്നതിന് 2018ല്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി കിഫ്ബിയില്‍ ഇടപെട്ട് ഫണ്ട് ലഭ്യമാക്കിയിരുന്നു. കോവിഡ് മഹാമാരി കാരണം നിര്‍മ്മാണ പ്രവര്‍ത്തനന്നിന് തടസ്സം നേരിട്ടെങ്കിലും ഇപ്പോള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പുതിയ കെട്ടിടത്തിലേക്ക് രോഗികളെ മാറ്റാന്‍ തീരുമാനിച്ചതിനിടയിലാണ് കെട്ടിടം തകര്‍ന്ന് വേദനാജനകമായ അനുഭവമുണ്ടായത്.
മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാര്‍ മുന്‍കയ്യെടുത്താണ്
കോളേജില്‍ ഇപ്പോള്‍ നടന്നിട്ടുള്ള എല്ലാ വികസനങ്ങളും ഉണ്ടായിട്ടുള്ളത്. ഹൃദയ ശസ്ത്രക്രിയക്കായി വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച് ആയിരക്കണക്കിന് മനുഷ്യരുടെ ജീവന്‍ രക്ഷിച്ച ഡോക്ടറേയും ആരോഗ്യ വകുപ്പിന്റെ നേട്ടങ്ങളെയും കരുതിക്കൂട്ടി അവഹേളിക്കുന്നത് ജനങ്ങള്‍ തിരിച്ചറിയണം.
ബിന്ദുവിന്റെ മരണം അങ്ങേയറ്റം വേദനാജനകമാണ്. ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതോടൊപ്പം അവരുടെ കുടുംബത്തെ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുന്നുവെന്നായിരുന്നു കെ കെ ശൈലജയുടെ കുറിപ്പ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
