/kalakaumudi/media/media_files/2025/07/04/vasavanf-2025-07-04-19-43-57.jpg)
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന്റെ നാല് ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചു. കുടുംബത്തിന് അടിയന്തിര സഹായമായി അരലക്ഷം രൂപ മന്ത്രി വാസവന് ബിന്ദുവിന്റെ വീട്ടിലെത്തി നല്കി. ബിന്ദുവിന്റെ മകള്‍ നവമിയുടെ ചികിത്സ ഏറ്റെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മകന് മെഡിക്കല്‍ കോളേജില്‍ താത്കാലിക ജോലി നല്‍കും. ഇത് പിന്നീട് സ്ഥിരപ്പെടുത്തും. മന്ത്രിസഭാ യോഗം ചേര്‍ന്ന് കുടുംബത്തിന് നല്‍കേണ്ട ധനസഹായം സംബന്ധിച്ച് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം സംഭവത്തില്‍ മന്ത്രി വീണാ ജോര്‍ജിനെതിരെ വിമര്‍ശനം ശക്തമാകുന്നതിനിടെ വീണയെ പ്രശംസിച്ച് മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത്. ഏല്‍പ്പിച്ച ഉത്തരവാദിത്തം നാടിനു വേണ്ടി ആത്മാത്ഥമായി നിറവേററുന്ന മന്ത്രിയാണ് വീണാ ജോര്‍ജെന്ന് റിയാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു. കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം ദൗര്‍ഭാഗ്യകരവും വേദനാജനകവുമാണ്. ദൗര്‍ഭാഗ്യകരമായ സംഭവത്തെ സര്‍ക്കാരിനെതിരെ തിരിക്കാനുള്ള ചിലരുടെ ശ്രമം അപലനീയമാണ്. ആരോഗ്യ മന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കാനും മാതൃകയായ കേരളത്തിന്റെ പൊതുജന ആരോഗ്യസമ്പ്രദായത്തെ തകര്‍ക്കാനുമാണ് ഇവര്‍ ശ്രമിക്കുന്നതെന്നും റിയാസ് കുറ്റപ്പെടുത്തി.
മുഹമ്മദ് റിയാസിന്റെ കുറിപ്പ്
ഏല്‍പ്പിച്ച ഉത്തരവാദിത്തം നാടിനു വേണ്ടി ആത്മാത്ഥമായി നിറവേററുന്ന മന്ത്രിയാണ് വീണാ ജോര്‍ജജ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം ദൗര്‍ഭാഗ്യകരവും വേദനാജനകവുമാണ്. അപകടത്തില്‍ മരിച്ച സഹോദരി ബിന്ദുവിന് ആദരാഞ്ജലികള്‍. ബന്ധുമിത്രാദികള്‍ക്ക് അവരുടെ വിയോഗം നികത്താനാകാത്തതാണ്. മറ്റ് കാര്യങ്ങള്‍ എല്ലാം പരിശോധിക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞിട്ടുണ്ട്. ദൗര്‍ഭാഗ്യകരമായ സംഭവത്തെ സര്‍ക്കാരിനെതിരെ തിരിക്കാനുള്ള ചിലരുടെ ശ്രമം അപലനീയമാണ്. ആരോഗ്യ മന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കാനും മാതൃകയായ കേരളത്തിന്റെ പൊതുജന ആരോഗ്യസമ്പ്രദായത്തെ തകര്‍ക്കാനുമാണ് ഇവര്‍ ശ്രമിക്കുന്നത്. ഏല്‍പ്പിച്ച ഉത്തരവാദിത്തം ആത്മാത്ഥമായി നിറവേററുന്ന മന്ത്രിയാണ് വീണാ ജോര്‍ജജ്.
യു ഡി എഫ് ഭരണകാലത്ത് തകര്‍ന്നു കിടന്ന കേരളത്തിലെ ആരോഗ്യമേഖലയുടെ ദയനീയാവസ്ത മലയാളിക്ക് മറക്കാനാകുമോ? അന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നോ? -ഇല്ല-
മരുന്നും സജ്ജീകരണങ്ങളും ഉണ്ടായിരുന്നോ ? -ഇല്ല-
അന്ന് യു ഡി എഫ് സര്‍ക്കാര്‍ ഇന്നത്തെ പോലെ പൊതുജന ആരോഗ്യ സമ്പ്രദായത്തിന് ഫണ്ട് നീക്കിവെച്ചിരുന്നോ ? -ഇല്ല-
അതാണ് എല്‍ ഡി എഫ് -യു ഡി എഫ് നയങ്ങള്‍ തമ്മിലുള്ള വിത്യാസം. ഇനി കോണ്‍ഗ്രസും, ബി ജെ പിയും ഇപ്പോള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലും ആരോഗ്യ മേഖലയുടെ സ്ഥിതി ദയനീയമല്ലേ? അവിടെയൊക്കെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരോ സജ്ജീകരണങ്ങളോ ഇല്ല എന്നത് വസ്തുതയല്ലേ? പൊതുജന ആരോഗ്യ സമ്പ്രദായത്തെ ലോകോത്തരമാക്കി വളര്‍ത്തിയത് 9 വര്‍ഷമായി തുടരുന്ന എല്‍ ഡി എഫ് ഭരണമാണ്. കേരളത്തിലെ സാധാരണ ജനങ്ങളുടെ ആശ്രയമായി സര്‍ക്കാര്‍ ആശുപത്രികളെ കൂടുതല്‍ ഫണ്ടുകള്‍ ചെലവഴിച്ച് ശക്തിപ്പെടുത്താന്‍ ഇടതുപക്ഷ ബദലിന് സാധിച്ചു. ഇന്ത്യയില്‍ ഏറ്റവും അധികം ജനങ്ങള്‍ക്ക് സൗജന്യ ചികിത്സ നല്കുന്ന സംസ്ഥാനമായി കേരളത്തെ മാറ്റി തീര്‍ത്തത് ഇടതുപക്ഷ ബദലാണ്. ഇന്ത്യയില്‍ ജനങ്ങള്‍ ഏറ്റവും അധികം സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്ന സംസ്ഥാനമായി കേരളം മാറിയതിന്റെ കാരണവും ഇതു വരെ ഭരിച്ച ഇടതുപക്ഷ സര്‍ക്കാറുകളും ഇടതുപക്ഷ ബദലുമാണ്. സംസ്ഥാനത്ത് എങ്ങിനെയെങ്കിലും അധികാരത്തില്‍ വന്ന് ആരോഗ്യമേഖലയില്‍ ഉള്‍പ്പടെ പഴയതുപോലെ കൊള്ളയടിക്കാന്‍ യു ഡി എഫ് നടത്തുന്ന ശ്രമം ജനം തിരിച്ചറിയുന്നുണ്ട്.