അമ്മ മരിച്ച ആശുപത്രിയില്‍ ജോലി ചെയ്യാന്‍ ബുദ്ധിമുട്ടെന്ന് ബിന്ദുവിന്റെ മകന്‍

കഴിഞ്ഞ ദിവസം നവനീതിന് താല്‍ക്കാലിക ജോലി നല്‍കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മകന്‍ പഠിച്ചതുമായി ബന്ധപ്പെട്ട ജോലി ലഭിച്ചാല്‍ നന്നായിരിക്കുമെന്ന് ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതനും പ്രതികരിച്ചു

author-image
Biju
New Update
bbhjhg

കോട്ടയം: മെഡിക്കല്‍ കോളേജില്‍ മകളുടെ ചികിത്സയ്‌ക്കെത്തിയ ബിന്ദു മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനമെങ്ങും പ്രതിഷേധം കനക്കുകയാണ്. ഭരണകൂടത്തിന്റെ അനാസ്ഥയെന്ന് ആരോപണം ശക്തമാകുന്നതിനിടെ മന്ത്രി വി എന്‍ വാസവന്‍ ഇന്നലെ ബിന്ദുവിന്റെ വീട്ടിലെത്തിയിരുന്നു. 

ബിന്ദുവിന്റെ മകന് സര്‍ക്കാര്‍ ജോലി ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചതായി മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ അമ്മ മരിച്ച ആശുപത്രിയില്‍ ജോലി ചെയ്യാന്‍ ബുദ്ധിമുട്ട് ഉണ്ടെന്ന് ബിന്ദുവിന്റെ മകന്‍ നവനീത് അറിയിച്ചുവെന്ന് സിപിഎം നേതാവ് വൈക്കം വിശ്വന്റെ അറിയിപ്പ് വാര്‍ത്തയായി. നവനീതിന് സ്ഥിരം ജോലി ഉറപ്പാക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്നും വൈക്കം വിശ്വന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നവനീതിന് താല്‍ക്കാലിക ജോലി നല്‍കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മകന്‍ പഠിച്ചതുമായി ബന്ധപ്പെട്ട ജോലി ലഭിച്ചാല്‍ നന്നായിരിക്കുമെന്ന് ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതനും പ്രതികരിച്ചു. മകന്‍ പഠിച്ചച് എന്‍ജിനിയറിങുമായി ബന്ധപ്പെട്ട വിഷയമാണെന്നും അത്തരത്തിലുള്ള ജോലി ലഭിക്കണണെന്നും ചാനല്‍ മുഖേന അഭിപ്രായപ്പെട്ടിട്ടുണ്ട്.

മകളുടെ ശസ്ത്രക്രിയയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കെട്ടിടം തകര്‍ന്നു വീണ് ബിന്ദു മരിച്ചത്. അതിനിടെ ബിന്ദുവിന്റെ മകന് സ്ഥിരം ജോലി അനുവദിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ഇന്നലെ മന്ത്രി വിഎന്‍ വാസവന്‍ പ്രഖ്യാപിച്ച താത്കാലിക ജോലി വേണ്ടെന്ന് കുടുംബം വ്യക്തമാക്കി. മന്ത്രി വീണാ ജോര്‍ജ് ഇന്ന് കുടുംബത്തെ കാണാന്‍ എത്തില്ലെന്ന് വീട്ടിലെത്തിയ സിപിഎം നേതാക്കള്‍ പറഞ്ഞു. 

അതേസമയം, തുടര്‍ ചികിത്സയ്ക്കായി നവമിയെ തിങ്കളാഴ്ച കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കും. കുടുംബത്തിനുള്ള നഷ്ടപരിഹാരം എങ്ങനെ വേണമെന്ന കളക്ടറുടെ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് കൈമാറും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും വെള്ളിയാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം നഷ്ടപരിഹാരം എത്ര വേണമെന്ന തീരുമാനം എടുക്കുക. വീടിന്റെ നിര്‍മാണം ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എന്‍എസ്എസ് യൂണിറ്റുകള്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു കുടുംബത്തെ അറിയിച്ചു.