/kalakaumudi/media/media_files/2025/02/14/hUCgzr7E43wEYfmEKy6i.jpg)
Rep. Img.
കൊച്ചി: കോഴിക്കോട് കൊയിലാണ്ടി കുറവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തില്‍ ആന ഇടഞ്ഞ് 3 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ തീരുമാനം. സംഭവത്തെക്കുറിച്ച് അന്വേഷിച്ച സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ആന എഴുന്നെള്ളിപ്പിനുള്ള 2012ലെ നാട്ടാന പരിപാലന ചട്ടം ഇവിടെ പാലിക്കപ്പെട്ടില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മാതൃകാപരമായ ശിക്ഷാനടപടികളുമായി മുന്നോട്ടു പോകുമെന്നു വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ആനയുടെ ഉടമസ്ഥര്‍, ക്ഷേത്രം ഭാരവാഹികള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുക്കുന്നത്.
''കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതോടൊപ്പം ഈ ക്ഷേത്രത്തിന് ആനയെ എഴുന്നള്ളിക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് റദ്ദാക്കാന്‍ നിര്‍ദേശം നല്‍കി. പൊലീസും നിയമനടപടി സ്വീകരിക്കുന്നുണ്ട്'' - മന്ത്രി ശശീന്ദ്രന്‍ വ്യക്തമാക്കി.
ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ആനകളെ എഴുന്നള്ളിപ്പിക്കുന്ന ആചാരത്തിന് എതിരാണ് തങ്ങളെന്നു മന്ത്രി പറഞ്ഞു. ''അതു നാട്ടിലെ ഉത്സവത്തിന്റെ ഭാഗമാണ്. സര്‍ക്കാര്‍ അതിനോട് അനുകൂലവുമാണ്. എന്നാല്‍ അതിനുള്ള നിബന്ധനകള്‍ ലംഘിച്ചാല്‍ ആരാധനാലയങ്ങളാണെങ്കിലും അല്ലെങ്കിലും അത് ജനങ്ങള്‍ക്ക് ദുരിതമായി മാറും. അതിനാലാണ് ആ നിബന്ധനകള്‍ കര്‍ശനമായി നടപ്പാക്കുന്നത്. കോടതിയും ഇക്കാര്യത്തില്‍ സമാനമായാണ് പറഞ്ഞിരിക്കുന്നത്.
സോഷ്യല്‍ ഫോറസ്ട്രി നല്‍കിയ റിപ്പോര്‍ട്ടില്‍ ആനയ്ക്ക് ഇടച്ചങ്ങല ഇട്ടിരുന്നില്ല എന്നു വ്യക്തമാക്കിയിട്ടുണ്ട്. ഇത് ക്ഷേത്രം ഭാരവാഹികളുടെയും ആന ഉടമസ്ഥരുടെയും ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണ്.'' മന്ത്രി പറഞ്ഞു.