/kalakaumudi/media/media_files/2025/01/23/UqPwhLMMOIaImnQfWmk5.jpg)
Dmo
കോഴിക്കോട്: കോഴിക്കോട് ഡിഎംഒ കസേര തര്‍ക്കത്തില്‍ വീണ്ടും മാറ്റം. ഡോ. രാജേന്ദ്രന്‍ കോഴിക്കോട് ഡിഎംഒ ആയി തുടരും. ഡോ. ആശാദേവിയെ നിയമിച്ചത് ഉള്‍പ്പെടെയുളള സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്തു. അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലാണ് ആരോഗ്യവകുപ്പിന്റെ ഉത്തരവ് സ്റ്റേ ചെയ്തത്.
കണ്ണൂര്‍ ഡിഎംഒ ഡോക്ടര്‍ പീയൂഷ് നമ്പൂതിരി നല്‍കിയ ഹര്‍ജിയിലാണ് സ്റ്റേ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. ഡോ. ആശാദേവിയെ കോഴിക്കോട് ഡിഎംഒ ആക്കി ആരോഗ്യ വകുപ്പ് പുതിയ ഉത്തരവിറക്കിയിരുന്നു. ഡോ. രാജേന്ദ്രനെ ഡി എച്ച്‌സിലേക്കും മാറ്റിയിരുന്നു. ഡോ. രാജേന്ദ്രന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ (വിജിലന്‍സ്) ആയാണ് നിയമനം നല്‍കിയിരുന്നത്. ഈ ഉത്തരവിലാണ് ഇപ്പോള്‍ സ്റ്റേ വന്നിരിക്കുന്നത്.
കഴിഞ്ഞ മാസം ഒമ്പതിന് ആരോഗ്യവകുപ്പ് ഇറക്കിയ സ്ഥലംമാറ്റ ഉത്തരവോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. മൂന്ന് ഡിഎംഒമാരെയും നാല് അഡീഷണല്‍ ഡയറക്ടര്‍മാരെയും ആണ് സ്ഥലം മാറ്റിയത്. കോഴിക്കോട് ഡിഎംഒ ഡോക്ടര്‍ എന്‍ രാജേന്ദ്രനു പകരം ഡോക്ടര്‍ ആശാദേവി ഡിസംബര്‍ പത്തിന് ചുമതല ഏറ്റു. പിന്നാലെ സ്ഥലം മാറ്റ ഉത്തരവിന് എതിരെ എന്‍ രാജേന്ദ്രന്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമര്‍പ്പിച്ചു.
അനുകൂല ഉത്തരവ് വാങ്ങി രാജേന്ദ്രന്‍ വീണ്ടും കോഴിക്കോട് ഡിഎംഒ ആയി ചുമതലയേറ്റു. അവധിയില്‍ ആയിരുന്ന ഡോക്ടര്‍ ആശാദേവി ഡിഎംഒ ഓഫീസില്‍ എത്തിയതോടെ ഒരു ഓഫീസില്‍ രണ്ടു ഡിഎംഒ എന്നായി സ്ഥിതി. ഇത് നാണക്കേടായതോടെ നേരത്തെ ഇറക്കിയ സ്ഥലംമാറ്റ ഉത്തരവ് എല്ലാവരും പാലിക്കണമെന്ന് കാട്ടി സര്‍ക്കാര്‍ വീണ്ടും ഉത്തരവിറക്കി.
ഇതോടെയാണ് ഡോക്ടര്‍ രാജേന്ദ്രനും സ്ഥലംമാറ്റപ്പെട്ട, കണ്ണൂര്‍ ഡിഎംഒ ഡോക്ടര്‍ പിയുഷ് നമ്പൂതിരിയും അഡീഷണല്‍ ഡയറക്ടര്‍ ഡോക്ടര്‍ ജയശ്രീയും ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഹൈക്കോടതി സ്ഥലംമാറ്റ ഉത്തരവ് താത്കാലികമായി തടഞ്ഞു.