ഇമ്മിണി ബല്യ കോഴിക്കോടിന്  അതിലും ബല്യ പുരസ്‌ക്കാരം

പത്തു ഏഷ്യന്‍ രാജ്യങ്ങള്‍ സാഹിത്യനഗര പട്ടികയില്‍ കോഴിക്കോട് ഇടം നേടുമ്പോള്‍ ഇന്നാട്ടുകാരുടെ ഹൃദയം അഭിമാന ബോധത്താല്‍ മനം നിറയുന്നു

author-image
Anagha Rajeev
New Update
a
Listen to this article
0.75x 1x 1.5x
00:00 / 00:00

നെല്ലിയോട്ട് ബഷീര്‍

വായനാ പക്ഷാചരണ കാലയളവില്‍ കോഴിക്കോട്  സാഹിത്യ നഗര പദവിയണഞ്ഞത് ഏറെ ആനന്ദകരവും സന്തോഷകരവുമായി.സര്‍ഗ്ഗത്മക നഗരങ്ങളുടെ നിരയിലേക്ക് ഇനി കോഴിക്കോടും എത്തുകയാണ് .സാമാന്യമായി മലയാളഭാഷ അറിയാവുന്ന ആര്‍ക്കും ബഷീര്‍ സാഹിത്യം വഴങ്ങുമെന്ന് തീര്‍ച്ച. വളരെ കുറച്ചുമാത്രം എഴുതിയിട്ടും ബഷീര്‍ സാഹിത്യം മലയാളത്തിലെ ഒരു സാഹിത്യശാഖയായിമാറിയത്, അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ടായിരുന്നു. ഹാസ്യംകൊണ്ട്, അദ്ദേഹം വായനക്കാരെ ചിരിപ്പിക്കുകയും ഭാവതീവ്രതകൊണ്ട് കരയിപ്പിക്കുകയും ചെയ്തു. സമൂഹത്തിന്റെ അടിത്തട്ടില്‍ ജീവിക്കുന്ന മനുഷ്യരുടെ കഥകള്‍ അദ്ദേഹം പറഞ്ഞപ്പോള്‍, അതു ജീവസ്സുറ്റതായി, കാലാതിവര്‍ത്തിയായി. ജയില്‍പ്പുള്ളികളും ഭിക്ഷക്കാരും വേശ്യകളും പട്ടിണിക്കാരും സ്വവര്‍ഗ്ഗാനുരാഗികളും നിറഞ്ഞ ഒരു ഫാന്റസിയായിരുന്നു ബഷീറിന്റെ ലോകം.

ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകള്‍ക്കോ വികാരങ്ങള്‍ക്കോ അതുവരെയുള്ള സാഹിത്യത്തില്‍ സ്ഥാനമുണ്ടായിരുന്നില്ല. സമൂഹത്തിനുനേരെയുള്ള വിമര്‍ശനം നിറഞ്ഞ ചോദ്യങ്ങള്‍ അദ്ദേഹം ഹാസ്യത്തില്‍ ഒളിപ്പിച്ചുവെച്ചു. അനുഭവങ്ങളുടെ തീവ്രത അദ്ദേഹത്തിന്റെ കൃതികളെ അനശ്വരമാക്കി. മുസ്ലിം സമുദായത്തില്‍ ഒരുകാലത്തു നിലനിന്നിരുന്ന എല്ലാവിധ അനാചാരങ്ങള്‍ക്കെതിരെയും വിമര്‍ശനാത്മകമായി അദ്ദേഹം തൂലിക ചലിപ്പിച്ചു.അതു കൊണ്ടു തന്നെ ഈ സാഹിത്യനഗര പദവി പട്ടം മൂന്നു പതിറ്റാണ്ട് മുന്‍പ് നമ്മോട് വിട പറഞ്ഞ കോഴിക്കോട് നഗരത്തിന്റെ സുല്‍ത്താന് സമര്‍പ്പിക്കുന്നു.

കോഴിക്കോടിനുമാത്രമല്ല രാജ്യത്തിനും  അഭിമാനകരമായ മുഹൂര്‍ത്തത്തിന് കോര്‍പ്പറേഷന്‍ മേയറും സെക്രട്ടറിയും മാത്രമാണ് ഭാഗമായതെങ്കിലും മുഴുവന്‍ ജനതക്കും വേണ്ടിയാണ് ഇവര്‍ ഈ ദൗത്യം ഏറ്റെടുത്തത്.ഈ നാടിന്റെ സാഹിത്യ സാംസ്‌കാരിക സാമൂഹ്യ  ചരിത്രം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ അവസരം കിട്ടുന്നത് തന്നെ അപൂര്‍വങ്ങളില്‍ അപൂര്‍വം.വാസ്‌ക്കോഡ ഗാമയുടെ നാട്ടിലെ ബ്രാഗ നഗരത്തില്‍ വെച്ച് ചടങ്ങ് നടന്നതും നിമിത്തം തന്നെ.പത്തു ഏഷ്യന്‍ രാജ്യങ്ങള്‍ സാഹിത്യനഗര പട്ടികയില്‍ കോഴിക്കോട് ഇടം നേടുമ്പോള്‍ ഇന്നാട്ടുകാരുടെ ഹൃദയം അഭിമാന ബോധത്താല്‍ മനം നിറയുന്നു.ഈ സന്ദര്‍ഭത്തില്‍ നാം മനസ്സില്‍ കോറിയിടേണ്ടത് നഗര മാതാവ് ഡോ. ബീനഫിലിപ്പിന്റെ പേരാണ്.അവരുടെ നേതൃത്വത്തില്‍ കിലയുടെ ടീം പ്രവര്‍ത്തനമാണ് വിജയം കണ്ടത്.മത രാഷ്ട്രീയ ഭേദമന്യേ ഏവരുടെയും പിന്തുണയും ലഭിച്ചതും കാര്യങ്ങള്‍ സുഗമമാക്കി.ലോകവ്യാപാര ഭൂപടത്തില്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പ് അടയാളപ്പെടുത്തപ്പെട്ട കോഴിക്കോട് ഇപ്പോള്‍ ആഗോള സാഹിത്യ നഗരങ്ങളില്‍ സ്ഥാനം പിടിച്ചിരിക്കുന്നത് ഏറെ ചാരിതാര്‍ഥ്യജനകമാണ.ഐക്യരാഷ്ട്രസഭയുടെ വിദ്യാഭ്യാസ-ശാസ്ത്ര-സാംസ്‌കാരിക സംഘടന (യുനെസ്‌കോ)യുടെ പട്ടികയില്‍ കോഴിക്കോടിനെ ഉള്‍പ്പെടുത്തിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നു കഴിഞ്ഞു.ലോകത്തെ സര്‍ഗാത്മക നഗരങ്ങളുടേതായ പട്ടികയില്‍ യുനെസ്‌കോ പുതുതായി ചേര്‍ത്ത 55 സ്ഥലങ്ങളിലൊന്ന് കേരളത്തിലെ ഈ പ്രിയനഗരം,ഇന്ത്യയില്‍നിന്നുള്ള ഏക സാഹിത്യനഗരം. ലോക സംഗീത നഗരങ്ങളില്‍ ഗ്വാളിയോറിനെയും ഉള്‍പ്പെടുത്തിയതിലും നമുക്ക് സന്തോഷിക്കാം.ഒരു വര്‍ഷക്കാലമായി തെരെഞ്ഞെടുക്കപ്പെട്ടി ട്ടെങ്കിലും ജൂണ്‍23 നാണ് ഔദ്യോഗിക പ്രഖ്യാപനം കോഴിക്കോട്ട് നടന്നത്.
ചരിത്രത്തില്‍ മുമ്പേതന്നെ ഇടമുറപ്പിച്ച ഈ സാംസ്‌കാരികകേന്ദ്രം വര്‍ത്തമാനകാല ഭൂപടത്തില്‍ അക്ഷരധന്യതയിലൂടെ വീണ്ടും വരവറിയിച്ചിക്കുകയാണ്. 62 പൊതു ലൈബ്രറികളടക്കം 540 ലധികം വായനശാലകള്‍, ഓരോ രണ്ട് കിലോമീറ്ററിനുള്ളിലും ഓരോ ലൈബ്രറി, എഴുപതിലധികം പുസ്തക പ്രസാധനാലയങ്ങള്‍, സാമൂഹിക ജീവിതത്തിന്റെ അവശ്യഭാഗമായുള്ള പുസ്തകമേളകളും സാഹിത്യ-സാംസ്‌കാരിക പരിപാടികളും, സാഹിത്യ സംസ്‌കാരത്തെ പുഷ്ടിപ്പെടുത്തുന്ന അനേകം സ്ഥാപനങ്ങള്‍, സാഹിത്യ പരിപാടികള്‍ സംഘടിപ്പിക്കുന്നതിലെ അനുഭവപരിചയം തുടങ്ങിയ വിവിധ പരിഗണനകളാണ് കോഴിക്കോടിന്റെ സാഹിത്യനഗരപദവിക്ക് ആധാരമായത്.മണ്‍മറഞ്ഞു പോയ എസ്.കെ. പൊറ്റെക്കാട്ടും വൈക്കം മുഹമ്മദ് ബഷീറും കെ.എ. കൊടുങ്ങല്ലൂരും എന്‍.പി. മുഹമ്മദും യു.എ. ഖാദറും തിക്കോടിയനും പി. വത്സലയും ഉറൂബൂം കെ.ടി. മുഹമ്മദും സഞ്ജയനും കുഞ്ഞുണ്ണിമാഷും എന്‍.എന്‍. കക്കാടും എന്‍ വി കൃഷ്ണവാര്യരും കെ പി കേശവമേനോനും ഗിരീഷ് പുത്തഞ്ചേരിയും ട്ടി പി രാജീവനും അക്ബര്‍ കക്കട്ടിലും പുനത്തില്‍ കുഞ്ഞാബ്ദുള്ളയും തുടങ്ങിയ മഹാരഥന്മാരുടെ പാദസ്പര്‍ശമേറ്റ മണ്ണ്,എം ടി വാസുദേവന്‍നായരും കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും പി കെ ഗോപിയും വി ആര്‍ സുധീഷും എം എന്‍ കാരശ്ശേരിയും പി ആര്‍ നാഥനുമടക്കം സാഹിത്യ ചരിത്രത്തില്‍ ഇടം പിടിച്ചുകൊണ്ടിരിക്കുന്ന മറ്റനേകം പുതു തലമുറയിലെ സാഹിത്യ പ്രതിഭകളും ആ ടിത്തിമര്‍ത്തുകൊണ്ടിരിക്കുന്ന കോഴിക്കോട്,കഴിഞ്ഞ അര നൂറ്റാണ്ടിനിടയില്‍ നിരവധി ചലച്ചിത്ര നാടക പ്രഫഷണലുകളെ  സംഭാവന ചെയ്ത നഗരം.നിരവധി ഗായകരാലും ഗാനരചയിതാക്കളാലും മാപ്പിള കവികളാലും മാപ്പിളപ്പാട്ട് ഗായകരാലും മൂളപ്പെട്ട ഈരടികള്‍ ഏവരുടെയും ചുണ്ടിലൂറുന്ന നഗരം. അവര്‍ പകര്‍ത്തിയ അനുഭവങ്ങള്‍, അനുഭൂതികള്‍ ഏറെയും ഈ നഗരത്തിന്റെ സമ്മാനമാണ്.

രണ്ട് ജ്ഞാനപീഠ ജേതാക്കള്‍ കോഴിക്കോടിന് മാത്രം സ്വന്തം. പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ രചിക്കപ്പെട്ട ആദ്യകാല മാപ്പിളപ്പാട്ടായ 'മുഹിയുദ്ദീന്‍ മാല' മുതല്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട അപ്പുനെടുങ്ങാടിയുടെ 'കുന്ദലത'യും ഒ ചന്തുമേനോന്റെ 'ഇന്ദുലേഖ'യും മുതല്‍, ഇന്ന് ആനുകാലികങ്ങളിലൂടെ കൈരളിയെ ധന്യമാക്കുന്ന പുതുകാല രചനകള്‍ വരെ സാഹിത്യ ശാഖയെ ധന്യമാക്കുന്നു. മലയാളം, സംസ്‌കൃതം, അറബി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളുടെ സ്വാധീനം കോഴിക്കോടന്‍ സാഹിത്യത്തില്‍ കാണാം.കോഴിക്കോടിന്റെ ജീവവായുവേറ്റ കൃതികളാണ് ഒട്ടുമിക്കവയും . എന്നാല്‍, സാഹിത്യരംഗത്തെ അതികായരുടെ സാന്നിധ്യത്തിനും പ്രസാധകരുടെ പെരുപ്പത്തിനും പത്ര പ്രസിദ്ധീകരണങ്ങളുടെ ആധിക്യത്തിനുമപ്പുറം കോഴിക്കോടിനെ സാഹിത്യനഗരമാക്കുന്ന മറ്റൊരു സവിശേഷതയുണ്ട്. സാഹിത്യത്തെയും സാഹിത്യകാരന്മാരെയും അകമഴിഞ്ഞ് സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന പൊതുസമൂഹമാണത്. ഗ്രന്ഥശാലകളുടെയും വായനശാലകളുടെയും എണ്ണംപോലെ ശ്രദ്ധേയമാണ് അവ ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണവും. സാഹിത്യത്തെ മാത്രമല്ല, സംഗീതത്തെയും സിനിമയെയും നാടകത്തെയും മറ്റ് സാംസ്‌കാരിക വിനിമയങ്ങളെയും ചിഹ്നങ്ങളെയും അറിഞ്ഞ് അംഗീകരിക്കുന്ന ജനങ്ങള്‍. രാഷ്ട്രീയക്കാര്‍ക്കും അധികാര കേന്ദ്രങ്ങള്‍ക്കും നല്‍കുന്നതിലേറെ ബഹുമാനം എഴുത്തിനും എഴുത്തുകാര്‍ക്കും നല്‍കുന്നവരാണവര്‍.

ആകാശവാണി എന്ന സര്‍ക്കാര്‍ സ്ഥാപനത്തിന് ജനകീയ സാംസ്‌കാരികതയുടെ ഈട് നല്‍കിയവര്‍ ഏറെയുണ്ടിവിടെ. കേരള ഗ്രന്ഥശാല സംഘം 1958ലാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടതെങ്കിലും, കോഴിക്കോട്ട് 1937ല്‍ മലബാര്‍ വായനശാലാ സമ്മേളനം നടന്നിരുന്നു, 149 വായനശാലകളെ പ്രതിനിധീകരിച്ച് 300 പ്രതിനിധികള്‍ അതില്‍ പങ്കെടുത്തിരുന്നു എന്നതും ശ്രദ്ധേയമാണ്.കോഴിക്കോട്ടെ പബ്ലിക് ലൈബ്രറി 1927 മുതല്‍ നിലവിലുണ്ട്. നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് രേവതിപ്പട്ടത്താനം പണ്ഡിതസദസ്സും 'പതിനെട്ടര കവി'കളും ആട്ടക്കഥകളും സാധാരണക്കാരുടെ ജീവിതത്തില്‍നിന്ന് വളരെ അകലെയായിരുന്നില്ല. മാപ്പിളപ്പാട്ട് കവികള്‍ നിരക്ഷരരോട് വളരെ ശക്തമായി സംവദിച്ചതും കാണാം.
മനുഷ്യന്റെ അന്തസ്സും സ്വാതന്ത്ര്യവും ഉയര്‍ത്തിപ്പിടിച്ചും സാസ്‌കാരിക ബഹുത്വം ആഘോഷിച്ചുമാണ് കോഴിക്കോടിന്റെ അക്ഷരലോകം ജനകീയമായതെന്ന് പറയാം. കേരളത്തിലെ ഇതര പ്രദേശങ്ങളില്‍നിന്ന് കോഴിക്കോട്ടേക്ക് കുടിയേറിയ സാഹിത്യപ്രവര്‍ത്തകര്‍ ധാരാളമുണ്ട്. അപരരെ സ്നേഹിച്ചുകൊണ്ടാണ് കോഴിക്കോട് സാഹിത്യരചനയെ ഉത്സവമാക്കിയത്.

സാമൂതിരിയുടെ നഗരത്തിന്റെ സിനിമ പാരമ്പര്യം, രചയിതാക്കള്‍, എഴുത്തിന്റെ പാരമ്പര്യം തുടങ്ങിയവയെപ്പറ്റിയെല്ലാം പ്രതിപാദിക്കേണ്ടിയിരിക്കുന്നു.സാഹിത്യ നഗരപദവി നേടാനായുള്ള പ്രാഥമിക പഠനങ്ങള്‍ നടത്തിയപ്പോള്‍തന്നെ കോഴിക്കോട്ട് അഞ്ഞൂറിലേറെ ലൈബ്രറിയും 70ഓളം പ്രസാധകരുമുണ്ടെന്ന് ബോധ്യപ്പെട്ടെന്ന് ബ്രാഗ സര്‍വകലാശാലയില്‍നിന്നെത്തിയ ഗവേഷക ലുഡ്മില കൊളഷോവ പറഞ്ഞിരുന്നു.

യുനെസ്‌കോ സാഹിത്യനഗരം എന്നത് സമ്പന്നമായ സാഹിത്യ പൈതൃകവും സജീവമായ സാഹിത്യ രംഗവും നിലനിര്‍ത്തുന്ന നഗരങ്ങളുടെ ഒരു ആഗോള ശ്ര്‍ഖലയാണ്.ലോകമെമ്പാടുമുള്ള ഈ നഗരങ്ങള്‍ സാഹിത്യം, കല, വിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് പ്രവര്‍ത്തിക്കുന്നത്.2004ലാണ് ഇത് ആരംഭിച്ചത്.ഒരു സാഹിത്യനഗരമായി അംഗീകരിക്കപ്പെടുന്നതിന് നഗരങ്ങള്‍ യുനെസ്‌കോ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍  പാലിക്കേണ്ടതുണ്ട്.2004ല്‍ എഡിന്‍ബര്‍ഗ് ആദ്യത്തെ സാഹിത്യ നഗരമായി.സമ്പന്നമായ സാഹിത്യ പൈതൃകം,പ്രസിദ്ധ സാഹിത്യകാരന്‍മാരുടെ ജന്മസ്ഥലം,ചരിത്രപരമായ പ്രാധാന്യമുള്ള ലൈബ്രറികള്‍,പുരാതന ഗ്രന്ഥശേഖരങ്ങള്‍, സജീവമായ പുസ്തകശാലകള്‍,പ്രസാധക സ്ഥാപനങ്ങള്‍,എഴുത്തുകാരുടെ സംഘടനകള്‍,സാഹിത്യോത്സവങ്ങള്‍, വായനശാലകള്‍ എന്നിവയുടെ സജീവ സാന്നിധ്യം നിര്‍ബന്ധമാണ്.
കോഴിക്കോടിന് സാഹിത്യ നഗര പദവി ലഭിച്ചത് നഗരത്തിന്റെ സാംസ്‌കാരിക ജീവിതത്തിന് ഒരു വലിയ നേട്ടമാണ് ഇത് നഗരത്തിലെ സാഹിത്യപ്രവര്‍ത്തനങ്ങളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയും ലോകമെമ്പാടുമുള്ള സാഹിത്യകാരന്മാരെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും കൂടുതല്‍ ബന്ധം സ്ഥാപിക്കാന്‍ സഹായിക്കുകയും ചെയ്യും.

kozhikode