പ്രതീകാത്മക ചിത്രം
ജിദ്ദ: കോഴിക്കോട്-ജിദ്ദ വിമാനത്തിൽ യാത്രക്കാരി കുഴഞ്ഞു വീണതിനെ തുടർന്ന് വിമാനം കണ്ണൂർ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. ബുധനാഴ്ച രാത്രി കോഴിക്കോട്ടുനിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട ഇൻഡിഗോയുടെ 6ഇ-65 വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്ന മലപ്പുറം കരുളായി സ്വദേശി ഹസനത്തിനാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഏഴു വയസ്സുള്ള മകന്റെ കൂടെ സൗദിയിലെ തായിഫിലുള്ള ഭർത്താവ് സക്കീറിന്റെ അടുത്തേക്ക് യാത്ര ചെയ്യുകയായിരുന്നു ഇവർ.
വിമാനം യാത്ര തുടർന്ന് ഒരു മണിക്കൂർ പിന്നിട്ടപ്പോഴാണ് ബോധക്ഷയം സംഭവിച്ചത്. ഉടൻ കാബിൻ ക്രൂ അംഗങ്ങൾ പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും ആരോഗ്യനിലയിൽ മാറ്റമുണ്ടായില്ല. ജിദ്ദയിലെ സ്വകാര്യ ക്ലിനിക്കിലെ ഡോക്ടർ വിനീത പിള്ളയും വിമാനത്തിലുണ്ടായിരുന്നു. ഇവരും രോഗിയെ പരിശോധിച്ചെങ്കിലും പൾസ് റേറ്റ് തീരെ കുറവായാതായി കണ്ടെത്തി. ഏറെ നേരം സിപിആർ നൽകിയതോടെ പൾസ് റേറ്റിൽ കാര്യമായ പുരോഗതിയുണ്ടായി. ദീർഘദൂര യാത്ര യുവതിയുടെ ആരോഗ്യം പ്രതിസന്ധിയിലാക്കുമെന്ന് തിരിച്ചറിഞ്ഞതിനാൽ വിമാനം ഉടൻ എമർജൻസി ലാൻഡിങ് നടത്തുകയായിരുന്നു.
കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയ യുവതിയെ വിദഗ്ധ പരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റി. മകനെയും കണ്ണൂരിൽ ഇറക്കിയാണ് വിമാനം തിരിച്ചത്. ഇന്നലെ രാത്രി 12.30ന് ജിദ്ദയിൽ എത്തേണ്ട വിമാനം പുലർച്ചെ അഞ്ചിനാണ് ജിദ്ദയിൽ എത്തിയത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
