കണ്ണിൽച്ചോരയില്ലാതെ കെ.എസ്.ഇ.ബി; രോഗികളുടെ ഡയാലിസിസ് നടക്കുന്നതിനിടെ ആശുപത്രിയുടെ ഫ്യൂസ് ഊരി

രോഗികളുടെ ബന്ധുക്കളും കൊയ്‌നോണിയ അധികൃതരും വെങ്ങോല കെ.എസ്.ഇ.ബി. ഓഫീസിൽ ബന്ധപ്പെട്ടെങ്കിലും ബിൽ തുക അടയ്ക്കാതെ വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിയില്ലെന്നായിരുന്നു കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരുടെമറുപടി

author-image
Vishnupriya
New Update
kseb

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

പെരുമ്പാവൂർ: നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്യുന്നതിനിടെ ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി കെ എസ് ഇ ബി . പിന്നാലെ വ്യാപക പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു. യാക്കോബായ സുറിയാനി സഭയുടെ കീഴിലുള്ള അല്ലപ്ര കൊയ്‌നോണിയ ആശുപത്രിയിലെ സൗജന്യ ഡയാലിസിസ് കേന്ദ്രത്തിലാണ് സംഭവം.

വ്യാഴാഴ്ച,  രോഗികൾക്ക് സൗജന്യ നിരക്കിൽ ഡയാലിസിസ് നടത്തുന്നതിനിടെ രാവിലെ 8.30-ഓടെയാണ് കെ.എസ്.ഇ.ബി. ലൈൻമാനെത്തി ഫ്യൂസ് ഊരിയത്. എന്നാൽ, ഇൻവെർട്ടർ സംവിധാനമുപയോഗിച്ച് കുറച്ചുസമയം മാത്രമേ ഡയാലിസിസ് തുടരാൻ സാധിച്ചുള്ളൂ. സെന്ററിലെ ജനറേറ്റർ തകരാറിലായിരുന്നു. 

രോഗികളുടെ ബന്ധുക്കളും കൊയ്‌നോണിയ അധികൃതരും വെങ്ങോല കെ.എസ്.ഇ.ബി. ഓഫീസിൽ ബന്ധപ്പെട്ടെങ്കിലും ബിൽ തുക അടയ്ക്കാതെ വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിയില്ലെന്നായിരുന്നു കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരുടെമറുപടി. തുടർന്ന്, വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് നേരിട്ടും എം.എൽ.എ. ഓഫീസിൽനിന്നും ബന്ധപ്പെട്ടെങ്കിലും ഉദ്യോഗസ്ഥർ വഴങ്ങിയില്ല. 

പിന്നീട് പഞ്ചായത്ത് പ്രസിഡന്റും വാർഡ് മെംബറും നാട്ടുകാരുൾപ്പെടുന്ന സംഘം വെങ്ങോല കെ.എസ്.ഇ.ബി. ഓഫീസിൽ നേരിട്ടെത്തി ഉപരോധം തീർത്തതിനെത്തുടർന്നാണ് വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായത്. സ്ഥിതി കൂടുതൽ വഷളാവുമെന്ന ഘട്ടത്തിൽ 11 മണിയോടെയാണ് ഓവർസിയറെത്തി വൈദ്യുതി പുനഃസ്ഥാപിച്ചത്.

ഏകദേശം 30,000 രൂപയോളമാണ് കൊയ്‌നോണിയ സെന്ററിലെ വൈദ്യുതി ബിൽ കുടിശ്ശിക. മേയ് ഒന്നിന് ബിൽ തുകയ്ക്കുള്ള ചെക്കുമായി കൊയ്‌നോണിയയിലെ ജീവനക്കാരൻ വൈദ്യുതി ഓഫീസിലെത്തിയെങ്കിലും അവധിയായതിനാൽ പിറ്റേദിവസം അടച്ചാൽ മതി എന്നുപറഞ്ഞ് മടക്കിയെന്ന് പറയുന്നു. പിറ്റേന്ന് ഓഫീസ് തുറക്കുന്നതിനു മുൻപുതന്നെ ലൈൻമാനെത്തി ഫ്യൂസ് ഊരുകയായിരുന്നു. കൊയ്‌നോണിയയിൽ ആയിരത്തോളം പേർക്ക് മാസം  സൗജന്യനിരക്കിൽ ഡയാലിസിസ് നൽകുന്നുണ്ട്.

koininia hospital KSEB