പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് പിന്നാലെ നിരക്ക് ഉയർത്തി സർക്കാർ.ഈ മാസത്തെ വൈദ്യുതി ബില്ലിനൊപ്പം യൂണിറ്റിന് 19 പൈസ സർചാർജ് കൂടി കെഎസ്ഇബി ഈടാക്കും.കഴിഞ്ഞ ആറ് മാസത്തിലേറെയായി 9 പൈസ സർചാർജായി ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നുണ്ടായിരുന്നു.ഇതിനു പിന്നാലെയാണ് പെട്ടെന്നുള്ള 10 പൈസയുടെ വർദ്ധന.മുൻ കാലത്തെ നഷ്ടം നികത്താനായുള്ള കെഎസ്ഇബിയുടെ അപേക്ഷ വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ പരിഗണിച്ചതോടെയാണ് സർചാർജ് വർദ്ധിപ്പിക്കാനുള്ള തീരുമാനം.
വെള്ളിയാഴ്ച സംസ്ഥാനത്ത് ലോഡ് കൂടുന്ന മേഖലകളിൽ പ്രാദേശിക നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി വൈദ്യുതി ഉപഭോഗത്തിൽ 200 മെഗാവാട്ടിന്റെ കുറവുണ്ടായതായി മന്ത്രി കെ കൃഷ്ണൻകുട്ടി മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.വെള്ളിയാഴ്ചത്തെ ഉപഭോഗം 5,800 മെഗാവാട്ടിൽ നിന്ന് 5,600 ആയാണ് കുറഞ്ഞത്.
അതേസമയം, രാത്രിയിൽ ഉൾപ്പെടെയുള്ള അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണത്തിൽ ജനരോഷം ശക്തമാണ്. വെള്ളിയാഴ്ച രാത്രി വൈദ്യുതി നിലച്ചതിനെ തുടർന്ന് പന്തീരാങ്കാവ് കെഎസ്ഇബി ഓഫീസിലേക്ക് ജനങ്ങൾ പ്രതിഷേധവുമായി എത്തിയിരുന്നു. സംഘടിച്ചെത്തിയ ജനങ്ങൾ ഓഫീസ് ആക്രമിച്ചിരുന്നു. ഇതിനെതിരെ ഉദ്യോഗസ്ഥർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.