ഓഫ് ആക്കിയ വൈദ്യുതി ലൈനില്‍നിന്നു ഷോക്കേറ്റ് കരാർ തൊഴിലാളി മരിച്ച സംഭവത്തിൽ അപകട കാരണം കണ്ടെത്താനാകാതെ കെ എസ് ഇ ബി

വൈദ്യുതി ലൈൻ ഓഫാക്കിയിരിക്കുന്ന സമയത്ത് ലൈനിൽ വൈദ്യുതി വന്നത് എങ്ങനെയാണെന്നുള്ളതിന് വിശദീകരിക്കാൻ കെഎസ്ഇബിക്ക് കഴിയുന്നില്ല.ഹൈടെൻഷൻ ലൈൻ പോകുന്ന വൈദ്യുതതൂണിലൂടെ മെഡിക്കൽ കോളജിലേക്ക് എബിസി കവറേജോടുകൂടിയുള്ള ലൈനും വലിച്ചിട്ടുണ്ട്

author-image
Devina
New Update
ksebbbbbbbbbbbbbbbb

കോന്നി: ഓഫാക്കിയ വൈദ്യുതി  ലൈനിൽനിന്ന് ഷോക്കേറ്റ് കരാർ തൊഴിലാളി മരിച്ച സംഭവത്തിൽ അപകട കാരണം കണ്ടെത്താനാകാതെ വൈദ്യുതി വകുപ്പ്. കലഞ്ഞൂർ പറയൻതോട് ചരുവുവിള സുബീഷ് (35) ആണ് ബുധനാഴ്ച വൈകീട്ട് വൈദ്യുതാഘാതമേറ്റ് മരിച്ചത്.

മുരിംഗമംഗലം മെഡിക്കൽ കോളജ് ഹൈടെൻഷൻ ലൈനിൽ പണി നടക്കുമ്പോഴായിരുന്നു അപകടം.

 സംഭവത്തിൽ വകുപ്പിലെ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

 പത്തനംതിട്ട ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ് വിഭാഗം പരിശോധന നടത്തി നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുന്നത്.

 അവരും അന്വേഷണം തുടങ്ങിയിട്ടുണ്ട്. എന്നാൽ, അപകടം നടന്ന് 24 മണിക്കൂർ കഴിഞ്ഞിട്ടും അപകട കാരണം കണ്ടെത്താനായിട്ടില്ല.

മുരിംഗമംഗലം ട്രാൻസ്ഫോർമറിൽനിന്ന് വൈദ്യുതിലൈൻ ഓഫാക്കി മെഡിക്കൽ കോളജ് ലൈനിൽ പണി നടക്കുകയാണ്.

വൈദ്യുതി ലൈൻ ഓഫാക്കിയിരിക്കുന്ന സമയത്ത് ലൈനിൽ വൈദ്യുതി വന്നത് എങ്ങനെയാണെന്നുള്ളതിന് വിശദീകരിക്കാൻ കെഎസ്ഇബിക്ക് കഴിയുന്നില്ല.

 ഹൈടെൻഷൻ ലൈൻ പോകുന്ന വൈദ്യുതതൂണിലൂടെ മെഡിക്കൽ കോളജിലേക്ക് എബിസി കവറേജോടുകൂടിയുള്ള ലൈനും വലിച്ചിട്ടുണ്ട്.

 അതിന്റെ നിയന്ത്രണം സബ് സ്റ്റേഷനിൽ നിന്നാണെന്ന് പറയുന്നു. അതിൽ വൈദ്യുതി ഉണ്ടെങ്കിൽ അപകടം സംഭവിക്കാൻ ഇടയുള്ളതായി പറയുന്നു.

മരിച്ച കരാർ തൊഴിലാളിയുടെ ആശ്രിതർക്ക് അപകട ഇൻഷുറൻസ് തുക നൽകുമെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.