വീണ വിജയൻ്റെ കേസിൽ ഹാജരാകാന്‍ പുറമെ നിന്ന് അഭിഭാഷകൻ; കെഎസ്‌ഐഡിസി പ്രതിഫലം നല്‍കിയത് 82.5 കോടി

കെഎസ്‌ഐഡിസിക്ക് നിയമോപദേശം നല്‍കാന്‍ സ്ഥിരം അഭിഭാഷകന്‍ ഉള്ളപ്പോഴാണ് വീണാ വിജയനുമായി ബന്ധപ്പെട്ട കേസിൽ ഹാജരാകാന്‍ പുറമേ നിന്ന് ഇത്രയും വലിയ തുക നല്‍കി മറ്റൊരു അഭിഭാഷകനെ കൂടി വെച്ചത്

author-image
Sukumaran Mani
New Update
Veena Vijayan

Veena Vijayan

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: മാസപ്പടി കേസില്‍ എസ്എഫ്‌ഐഒ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതിയില്‍ വാദിക്കാന്‍ പുറമേ നിന്നുള്ള അഭിഭാഷകന് കെഎസ്‌ഐഡിസി നല്‍കിയത് 82.5 ലക്ഷം രൂപ. കെഎസ്‌ഐഡിസിക്ക് നിയമോപദേശം നല്‍കാന്‍ സ്ഥിരം അഭിഭാഷകന്‍ ഉള്ളപ്പോഴാണ് വീണാ വിജയനുമായി ബന്ധപ്പെട്ട കേസിൽ ഹാജരാകാന്‍ പുറമേ നിന്ന് ഇത്രയും വലിയ തുക നല്‍കി മറ്റൊരു അഭിഭാഷകനെ വെച്ചത്.

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിലെ എസ്എഫ്‌ഐഒ അന്വേഷണം റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കേസ് നടത്താന്‍ അഡ്വ. സി എസ് വൈദ്യനാഥനാണ് കെഎസ്‌ഐഡിസി 82.5 ലക്ഷം രൂപ നല്‍കിയത്. നിയമോപദേശം നല്‍കാന്‍ പ്രതിവര്‍ഷം 3.36 ലക്ഷം രൂപ നല്‍കി പി യു ഷൈലജന്‍ എന്ന അഭിഭാഷകന്‍ ഉണ്ടെന്നിരിക്കെയാണ് ഈ കേസില്‍ മാത്രം പുറമെ നിന്ന് വന്‍ തുകയ്ക്ക് അഭിഭാഷകനെ നിയോഗിച്ചത്.

ഇക്കഴിഞ്ഞ ജനുവരി 24, ഫെബ്രുവരി 7, 12 എന്നീ ദിവസങ്ങളിലാണ് മൂന്ന് സിറ്റിംഗിനായി ഈ കനത്ത പ്രതിഫലം നല്‍കിയത്. പ്രോപ്പര്‍ ചാനല്‍ പ്രസിഡന്റ് എം കെ ഹരിദാസിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് കെഎസ്‌ഐഡിസിയുടെ വെളിപ്പെടുത്തല്‍.

 

2022- 23 കാലയളവില്‍ ഈ വിഷയത്തിലെ നിയമോപദേശത്തിന് കെഎസ്‌ഐഡിസി 4.05 ലക്ഷം രൂപ വേറെയും ചെലവഴിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട കേസില്‍ പുറമെ നിന്ന് നിയമോപദേശം തേടാന്‍ ചെലവഴിച്ച വന്‍ തുകയ്ക്ക് പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഡിസിഐ ഉത്തരം പറയണം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെഎസ്‌ഐഡിസിയുടെ അഭിഭാഷക ചെലവിനെ കുറിച്ച് ഉത്തരം പറയാന്‍ സര്‍ക്കാറിനും ബാധ്യതയുണ്ട്.

അതേസമയം വിഷയത്തില്‍ പ്രതികരിക്കാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ തയ്യാറായില്ല. കെഎസ്‌ഐഡിസിയുടെ അഭിഭാഷക ചെലവിനെ കുറിച്ച് അവരോട് തന്നെ ചോദിക്കണമെന്നാണ് എം.വി ഗോവിന്ദന്‍ പറഞ്ഞത്.

mv govindan High Court chief minister pinarayi vijayan veena vijayan KSIDC