സ്റ്റോപ്പ്  അല്ലെങ്കിലും യാത്രക്കാർ കൈ നീട്ടിയാൽ സൂപ്പർ ഫാസ്റ്റ് നിർത്തണം; ജീവനക്കാർക്ക് കെഎസ്ആർടിസി സിഎംഡിയുടെ നിർദേശം

സ്‌ത്രീകളുടെ സുരക്ഷയും സൗകര്യവും മുൻനിർത്തി രാത്രി എട്ടുമുതൽ രാവിലെ ആറുവരെ മിന്നൽ ഒഴികെയുള്ള ബസുകൾ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലോ സ്‌റ്റോപ്പുകളിലോ നിർത്തണമെന്നാണ് കെഎസ്ആർടിസി സിഎംഡി പ്രമോജ്‌ ശങ്കറിന്റെ നിർദേശം.

author-image
Greeshma Rakesh
New Update
ksrtc-

ksrtc super fast bus

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: സ്റ്റോപ്പ് അല്ലെങ്കിലും യാത്രക്കാർ കൈ നീട്ടിയാൽ സൂപ്പർ ഫാസ്റ്റ് ഉൾപ്പെടെയുള്ള ബസുകൾ നിർത്തണമെന്ന് ജീവനക്കാർക്ക്  കെഎസ്ആർടിസി സിഎംഡിയുടെ  നിർദേശം.രാത്രി 10 മുതൽ രാവിലെ 6 വരെ യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ ബസ് നിർത്തിക്കൊടുക്കണമെന്നാണ് കെഎസ്ആർടിസി സിഎംഡി പ്രമോജ്‌ ശങ്കറിന്റെ നിർദേശം.

സൂപ്പർ ഫാസ്റ്റ് ഉൾപ്പെടെയുള്ള ബസുകളിലെ ജീവനക്കാർക്കാണ് നിർദേശം നൽകിയിരിക്കുന്നത്. സ്‌ത്രീകളുടെ സുരക്ഷയും സൗകര്യവും മുൻനിർത്തി രാത്രി എട്ടുമുതൽ രാവിലെ ആറുവരെ മിന്നൽ ഒഴികെയുള്ള ബസുകൾ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലോ സ്‌റ്റോപ്പുകളിലോ നിർത്തണം.മാത്രമല്ല യാത്രക്കാരുടെ പരാതികളിൽ ജീവനക്കാർ നിയമാനുസൃതം അടിയന്തര പരിഹാരം കാണണം തുടങ്ങിയ നിർദേശങ്ങളും സിഎംഡി ജീവനക്കാർക്ക് നൽകിയിട്ടുണ്ട്. സ്റ്റോപ്പുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ നിർത്തുമ്പോൾ മറ്റു വാഹനങ്ങൾക്ക് തടസ്സമുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. ഗതാഗത നിയമങ്ങൾ പാലിച്ചുവേണം വാഹനം നിർത്തേണ്ടതെന്നും ഡ്രൈവർമാർക്കുള്ള നിർദേശത്തിൽ സിഎംഡി വ്യക്തമാക്കുന്നു.

അതെസമയം ബസിൽ കയറാനും ഇറങ്ങാനും ബുദ്ധിമുട്ടുന്നവർ, വയോജനങ്ങൾ, കുട്ടികൾ, ഭിന്നശേഷിക്കാർ എന്നിവരെ കണ്ടക്ടർമാർ സഹായിക്കണം, ഡ്യൂട്ടിക്ക്‌ എത്തുന്ന എല്ലാ ഡ്രൈവർമാരും വനിതകൾ ഒഴികെയുള്ള കണ്ടക്ടർമാരും മദ്യപിച്ചിട്ടില്ലെന്ന്‌ ഇൻസ്‌പെക്ടർമാർ/സ്‌റ്റേഷൻമാസ്റ്റർമാർ ബ്രീത്ത്‌ അനലൈസർ ഉപയോഗിച്ച്‌ ഉറപ്പുവരുത്തണമെന്നും നിർദേശമുണ്ട്.

ഇനിമുതൽ ദീർഘദൂര ബസുകൾ യാത്രാവേളയിൽ ഭക്ഷണം കഴിക്കാനായി നിർത്തുന്ന ഹോട്ടലുകളുടെ പട്ടിക മുൻകൂർ പ്രസിദ്ധീകരിക്കും. വൃത്തിയുള്ളതും സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ശുചിമുറികൾ ഉള്ളതുമായ ഹോട്ടലുകളിൽ മാത്രമേ ഭക്ഷണം കഴിക്കുന്നതിനുള്ള സ്റ്റോപ്പ് അനുവദിക്കൂ. ഇത് പാലിക്കാത്ത 13 ഹോട്ടലുകളെ പട്ടികയിൽനിന്ന് ഇതിനകം ഒഴിവാക്കിയിട്ടുണ്ട്.

ksrtc kerala news pramoj shankar