ടിക്കറ്റ് വരുമാനത്തില്‍ കെഎസ്ആര്‍ടിസിക്ക് സര്‍വ്വകാല റെക്കോര്‍ഡ്

കഴിഞ്ഞവര്‍ഷം നിലനിന്നിരുന്ന സമാന സാഹചര്യത്തിലും ടിക്കറ്റ് നിരക്കില്‍ വര്‍ദ്ധനയില്ലാതെയും പ്രവര്‍ത്തനം മെച്ചപ്പെടുത്തിയാണ് ഈ വലിയ ലക്ഷ്യം കെഎസ്ആര്‍ടിസി കൈവരിച്ചത്.

author-image
Devina
New Update
ksrtcbsas

തിരുവനന്തപുരം: ടിക്കറ്റ് വരുമാനത്തില്‍ കെ എസ് ആർ ടി സിയ്ക്ക് സര്‍വ്വകാല റെക്കോര്‍ഡ്.

 തിങ്കളാഴ്ചത്തെ കലക്ഷന്‍ 10 കോടി ക്ലബില്‍ ഇടംപിടിച്ചു.

ടിക്കറ്റ് വരുമാനമായി 10.77 കോടി രൂപയും ടിക്കറ്റിതര വരുമാനമായ 0.76 കോടി രൂപയും ഉള്‍പ്പെടെ ആകെ 11.53 കോടി രൂപയാണ് തിങ്കളാഴ്ചത്തെ മൊത്തം വരുമാനം.

ജീവനക്കാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും ഓഫീസര്‍മാരുടെയും ഏകോപിതമായ പരിശ്രമങ്ങളിലൂടെയാണ് തുടര്‍ച്ചയായി മികച്ച വരുമാനം നേടി മുന്നേറുന്നതിന് കെഎസ്ആര്‍ടിസിക്ക് സഹായകരമാകുന്നതെന്ന് മാനേജിങ് ഡയറക്ടര്‍ ഡോ. പി എസ് പ്രമോജ് ശങ്കര്‍ പറഞ്ഞു.

 കഴിഞ്ഞവര്‍ഷം ഡിസംബര്‍ 16ന് 8.57 കോടി രൂപയായിരുന്നു ടിക്കറ്റ് വരുമാനം.

 കഴിഞ്ഞവര്‍ഷം നിലനിന്നിരുന്ന സമാന സാഹചര്യത്തിലും ടിക്കറ്റ് നിരക്കില്‍ വര്‍ദ്ധനയില്ലാതെയും പ്രവര്‍ത്തനം മെച്ചപ്പെടുത്തിയാണ് ഈ വലിയ ലക്ഷ്യം കെഎസ്ആര്‍ടിസി കൈവരിച്ചത്.

പുതിയ ബസുകളുടെ വരവും സേവനങ്ങളില്‍ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും യാത്രക്കാരില്‍ വന്‍ സ്വീകാര്യത ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ കെഎസ്ആര്‍ടിസിയുടെ എല്ലാ ഡിപ്പോകളും നിലവില്‍ പ്രവര്‍ത്തന ലാഭത്തിലാണ്.

മികച്ച ടിക്കറ്റ് വരുമാനം നേടുന്നതിനായി കെഎസ്ആര്‍ടിസി നിശ്ചയിച്ചു നല്‍കിയിരുന്ന ടാര്‍ജറ്റ് നേടുന്നതിനായി ഡിപ്പോകളില്‍ നടന്ന മത്സരബുദ്ധിയോടെയുള്ള പ്രവര്‍ത്തനങ്ങളും ഓഫ് റോഡ് കുറച്ച് പരമാവധി ബസുകള്‍ നിരത്തിലിക്കാനായതും സേവനങ്ങളില്‍ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും വരുമാനം വര്‍ദ്ധിക്കുന്നതിന് കാരണമായിട്ടുണ്ടെന്നും പ്രമോജ് ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.