/kalakaumudi/media/media_files/2026/03/06/ks-busi-2026-03-06-14-21-49.jpg)
കൊച്ചി: കെഎസ്ആർടിസിയുടെ ബിസിനസ് ക്ലാസ് ബസ് ഈ മാസം പതിനഞ്ചിന് എത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞു . പാൻട്രി, ടോയ്‌ലറ്റ് ഉൾപ്പടെയുള്ള എല്ലാ സൗകര്യങ്ങളും ബസിൽ ഉണ്ടാകും. കൊച്ചിയിൽ നിന്ന് ഒരു ബസ് രാവിലെ തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്ത് നിന്ന് ഒരു ബസ് കൊച്ചിയിലേക്കുമാണ് സർവീസ് നടത്തുകയെന്ന് ഗണേഷ് കുമാർ പറഞ്ഞു. എറണാകുളം കാരയ്ക്കാമുറിയിൽ നിർമ്മിക്കുന്ന ബസ് സ്റ്റാന്റിന്റെ നിർമ്മാണ ഉദ്ഘാടനവും നവീകരിച്ച എറണാകുളം കെഎസ്ആർടിസി ഡിപ്പോയുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
റോഡ് പണി കഴിഞ്ഞാൽ സർവീസ് തൃശൂർ വരെ ദീർഘിപ്പിക്കും. മൂന്നര മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് എത്തും. ആലപ്പുഴ, കൊല്ലം തിരുവനന്തപുരം എന്നിവിടങ്ങളിലും സ്റ്റോപ്പ് ഉണ്ടാകും. ബുക്കിങ് മുഴുവൻ തിരുവനന്തപുരത്തേക്ക് ആണെങ്കിൽ എവിടെയും സ്റ്റോപ്പ് ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു. ബസിൽ ടിക്കറ്റ് പരിശോധിക്കുക ഹോസ്റ്റസ് ആയിരിക്കും. അവരാണ് ഭക്ഷണവും നൽകുക. അതിനുള്ള ഹോസ്റ്റസിനെ തെരഞ്ഞെടുത്തതായും മന്ത്രി പറഞ്ഞു.'ബസ് വന്നാൽ ഞാൻ ഒന്ന് ഓടിച്ചുനോക്കൂം. അതുകഴിഞ്ഞാൽ ഉദ്ഘാടനവും കഴിഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനത്തിന് മുൻപേ വണ്ടി ഉദ്ഘാടനം ചെയ്തിരിക്കുന്നു. അല്ലെങ്കിൽ ഉദ്ഘാടനം ചെയ്യേണ്ടെന്ന് പലരും പറയും. ഹോസ്റ്റസ് മലയാളിയാകണമെന്നില്ല. മലയാളിക്ക് ഒരു കുഴപ്പമുണ്ട്. നാലുദിവസം ട്രെയിനിങ് അനുസരിച്ച് കാര്യങ്ങൾ ചെയ്യും. അഞ്ചാം ദിവസം അത് വൃത്തികേടാക്കും. പഠിപ്പിച്ചുകൊടുക്കുന്ന കാര്യങ്ങൾ കൃത്യമായി ചെയ്യണമെന്നും ബസ് ഹോസ്റ്റസ് എന്നൊരു സങ്കൽപം ഉണ്ടാക്കുകയാണ് ലക്ഷ്യം'- കെബി ഗണേഷ് കുമാർ പറഞ്ഞു.
വോൾവോയുടെ രണ്ട് ബസുകളാണ് ബിസിനസ് ക്ലാസ് ബസായി എത്തുന്നത്. ഇതുവരെ ആരും കണ്ടിട്ടില്ലാത്ത അത്രയും സംവിധാനങ്ങളോടെയുള്ള അതിഗംഭീര ബസ് ആയിരിക്കും കെഎസ്ആർടിസിയുടെ ബിസിനസ് ക്ലാസ്. 35 സീറ്റുകളായിരിക്കും ഉണ്ടാകുക. എമിറേറ്റ്സ് വിമാനങ്ങളിലെ ബിസിനസ് ക്ലാസ് സീറ്റുകൾക്ക് സമാനമായ സൗകര്യങ്ങളോടെയാകും പുതിയ ബസുകൾ നിരത്തിലിറങ്ങുക.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
