കുണ്ടറ ഇരട്ടക്കൊലപാതകം: പ്രതി ജമ്മു കശ്മീരില്‍ പിടിയില്‍

ലഹരിക്ക് അടിമയായ അഖില്‍ ലഹരിപദാര്‍ഥം വാങ്ങിക്കുന്നതിന് പണം ആവശ്യപ്പെട്ടതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഇരുവരെയും ആക്രമിച്ചത്.

author-image
Prana
New Update
arrested

കൊല്ലം കുണ്ടറ പടപ്പക്കരയില്‍ വീട്ടിനുള്ളില്‍ അമ്മയേയും മുത്തച്ഛനേയും കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. കൊല്ലപ്പെട്ട സ്ത്രീയുടെ മകന്‍ അഖില്‍ കുമാറാണ് ജമ്മു കശ്മീരില്‍ വെച്ച് പിടിയിലായത്. 2024 ഓഗസ്റ്റ് 17 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സെന്റ് ജോസഫ് പള്ളിക്കുസമീപം പുഷ്പവിലാസത്തില്‍ പുഷ്പലതയും പിതാവ് ആന്റണിയുമാണ് കൊല്ലപ്പെട്ടത്.
ലഹരിക്ക് അടിമയായ അഖില്‍ ലഹരിപദാര്‍ഥം വാങ്ങിക്കുന്നതിന് പണം ആവശ്യപ്പെട്ടതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഇരുവരെയും ആക്രമിച്ചത്. പുഷ്പലത സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുത്തച്ഛന്‍ ആന്റണി രണ്ടാഴ്ചയോളം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന ശേഷമാണ് മരണപ്പെട്ടത്.
ആക്രമണശേഷം അമ്മയുടെ മൊബൈല്‍ ഫോണും മോഷ്ടിച്ചാണ് അഖില്‍ കടന്നുകളഞ്ഞത്. കൊട്ടിയത്തെ ഒരു കടയില്‍ ഈ മൊബൈല്‍ ഫോണ്‍ വിറ്റു. അതിന് ശേഷം ഇയാള്‍ മൊബൈല്‍ ഫോണും മറ്റും ഉപയോഗിച്ചിരുന്നില്ല. മുമ്പ് പലതവണ ഇന്ത്യയിലുടനീളം യാത്ര ചെയ്തിട്ടുള്ള അഖിലിന് പല സ്ഥലങ്ങളും പരിചിതമായിരുന്നു. ആദ്യം പോയത് ഡല്‍ഹിയിലേക്കാണ്. അമ്മയുടെ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് അവിടെ നിന്ന് 2000 രൂപ പിന്‍വലിച്ചിരുന്നു. അങ്ങനെയാണ് അഖില്‍ ഡല്‍ഹിയിലെത്തിയെന്ന് മനസിലായത്. എന്നാല്‍ പോലീസ് അവിടെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
പിന്നീട് കുണ്ടറ സി.ഐ അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുവന്നു. ഇയാള്‍ നടത്തിയ എടിഎം ഇടപാടിലൂടെയാണ് ജമ്മുകശ്മീരിലെ ശ്രീനഗറിനടുത്തുള്ള ഒരു സ്ഥലത്ത് എത്തിയതായി കണ്ടെത്തിയത്. അതിന്റെ അടിസ്ഥാനത്തില്‍ കുണ്ടറ സിഐ, സി.പി.ഒ, ഹരിപ്പാട് സ്‌റ്റേഷനില്‍ നിന്നുള്ള സി.പി.ഒ എന്നിവര്‍ സ്ഥലത്തെത്തി ഇയാളെ പിടികൂടുകയായിരുന്നു.

 

Murder Case kundara Arrest