കേന്ദ്രത്തിന്റെ ഭൂപടത്തില്‍ കേരളമില്ലെന്ന് കുഞ്ഞാലിക്കുട്ടി

കേന്ദ്രത്തിന്റേത് പക്ഷപാത നിലപാടാണെന്നു പറഞ്ഞ കുഞ്ഞാലിക്കുട്ടി പ്രധാനമന്ത്രി വന്ന് ഫോട്ടോഷൂട്ടൊക്കെ നടത്തിപ്പോയതാണെന്നും കേരളം കേന്ദ്രത്തിന്റെ ഭൂപടത്തില്‍ ഇല്ലെന്നും ആരോപിച്ചു.

author-image
Prana
New Update
kunjalikutty

ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന കേന്ദ്രനിലപാടിനെതിരേ ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. കേന്ദ്രത്തിന്റേത് പക്ഷപാത നിലപാടാണെന്നു പറഞ്ഞ കുഞ്ഞാലിക്കുട്ടി പ്രധാനമന്ത്രി വന്ന് ഫോട്ടോഷൂട്ടൊക്കെ നടത്തിപ്പോയതാണെന്നും കേരളം കേന്ദ്രത്തിന്റെ ഭൂപടത്തില്‍ ഇല്ലെന്നും ആരോപിച്ചു. കേരളത്തിന്റെ ഭൂപടത്തില്‍ അവരും ഉണ്ടാകാന്‍ പാടില്ല. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇതിന് ഒറ്റക്കെട്ടായി മറുപടി പറയണമെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.
കേന്ദ്രസഹായം നേടിയെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരള സര്‍ക്കാര്‍ കത്ത് എഴുതി കാത്തിരിക്കുകയാണ് ചെയ്തത്. സഹായം വാങ്ങി എടുക്കാന്‍ കേരളത്തിന് ത്രാണി ഇല്ലാതെപോയി. വയനാട്ടില്‍ ഒരുനാടുതന്നെ ഒഴുകിപ്പോയി. ദുരിതബാധിതരെ പുനരുജ്ജീവിപ്പിക്കാന്‍ കേന്ദ്ര, സംസ്ഥാന സഹായം വേണം. സന്നദ്ധ സംഘടനകളുടെ സഹായം മാത്രം പോരെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യുഡിഎഫ് ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രക്ഷോഭം സംഘടിപ്പിക്കാനാണ് തീരുമാനം.
പരാജയപ്പെടുന്ന സര്‍ക്കാരുമായി ചേര്‍ന്ന് എങ്ങനെയാണ് പ്രക്ഷോഭം സംഘടിപ്പിക്കുകയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. സര്‍ക്കാര്‍ ആദ്യം കഴിവ് തെളിയിക്കട്ടെ. അതിന് ശേഷം കേന്ദ്രത്തിനെതിരെ ഒരുമിച്ച് പ്രക്ഷോഭം സംഘടിപ്പിക്കുന്ന കാര്യം തീരുമാനിക്കും. പാര്‍ലമെന്റ് സമ്മേളനത്തില്‍ വയനാട് വിഷയം ഉയര്‍ത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

pk kunjalikutty mundakkai landslides central government kerala government