കുന്നംകുളത്തിൻറെ പരമ്പരാഗത ഓണാഘോഷമായ ഓണത്തല്ല് ഇത്തവണയില്ല; സർക്കാർ ഗ്രാൻഡ് മൂന്ന് വർഷമായി ലഭിച്ചില്ലെന്ന് പരാതി

മൂന്ന് വർഷത്തെ ഗ്രാന്റ് ലഭിക്കാത്തതും യുവാക്കളുടെ താൽപര്യക്കുറവും കാരണമാണ് ഓണത്തല്ല് ഒഴിവാക്കുന്നതെന്ന് സംഘാടകർ.

author-image
Devina
New Update
onathallu

തൃശൂർ: ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ വർഷങ്ങളായി കുന്നംകുളത്ത് സംഘടിപ്പിച്ചിരുന്ന ഗ്രാമീണ കലാരൂപമായ ഓണത്തല്ല് ഇത്തവണയില്ല. കുന്നംകുളത്തിൻറെ പരമ്പരാഗത ഓണാഘോഷമായി മാറിയ ഓണത്തല്ല് സർക്കാർ അവഗണന മൂലം നിലച്ചു. ഇത്തവണ ഓണത്തല്ല് ഇല്ലെന്ന് സംഘാടകരായ പോപ്പുലർ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് സെന്റർ ഭാരവാഹികളായ പ്രസിഡന്റ് സി കെ രവി, സെക്രട്ടറി എം കെ ശിവദാസൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.രണ്ട് ലക്ഷം രൂപയാണ് സർക്കാർ ഗ്രാൻഡ് അനുവദിക്കാറുള്ളത്. മൂന്ന് വർഷത്തെ ഗ്രാൻഡ് ഇതുവരെയും ലഭിച്ചിട്ടില്ല. പലരുമായി പലതരത്തിലുള്ള ചർച്ചകൾ നടത്തിയെങ്കിലും യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിൽ സാമ്പത്തിക ബാധ്യത സഹിക്കാൻ കഴിയാതെ ഓണത്തല്ല് ഒഴിവാക്കുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു. ഓണത്തല്ല് സംഘടിപ്പിക്കാൻ ഏകദേശം അഞ്ച് ലക്ഷം രൂപ ചെലവ് വരും. യുവാക്കൾക്ക് താല്പര്യമില്ലാത്തതും സംഘാടകരെ പരിപാടിയിൽ നിന്നും പിന്തിരിപ്പിച്ചു.

ഓണത്തല്ല് ശാസ്ത്രീയമായി പഠിപ്പിക്കാനും പഠിക്കാനും താല്പര്യമില്ലാത്ത അവസ്ഥയിലേക്ക് ഈ ഗ്രാമീണ കലാരൂപം മാറിക്കഴിഞ്ഞതായി ഭാരവാഹികൾ സൂചിപ്പിച്ചു. ഓണത്തല്ല് ഇല്ലാത്ത സാഹചര്യത്തിൽ സെപ്റ്റംബർ ആറിന് ഉച്ചതിരിഞ്ഞ് രണ്ടു മുതൽ കുന്നംകുളം ടൗൺഹാളിൽ കരാട്ടെ, വാൾ പയറ്റ്, കഠാരിപയറ്റ്, ഉറുമി പ്രയോഗം തുടങ്ങിയ അഭ്യാസങ്ങൾ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മാത്യു ചെമ്മണ്ണൂർ, എം കെ നാരായണ നമ്പൂതിരി തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.