ശബരിമല പാതയില്‍ കെയുആര്‍ടിസി ജന്റം ബസ് കത്തി നശിച്ചു

നിലയ്ക്കല്‍-പമ്പ പാതയില്‍ അട്ടത്തോടിന് സമീപം കെയുആര്‍ടിസി ജന്റം ബസ് തീ പിടിച്ച് പൂര്‍ണമായും കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം.

author-image
Prana
New Update
school bus

നിലയ്ക്കല്‍-പമ്പ പാതയില്‍ അട്ടത്തോടിന് സമീപം കെയുആര്‍ടിസി ജന്റം ബസ് തീ പിടിച്ച് പൂര്‍ണമായും കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. പമ്പയില്‍ ആളെ ഇറക്കിയ ശേഷം നിലയ്ക്കലിലേക്ക് ചെയിന്‍ സര്‍വീസിന് വന്ന പേരൂര്‍ക്കട ഡിപ്പോയിലെ ബസിനാണ് തീപിടിച്ചത്. ആറ്റിങ്ങല്‍ ഡിപ്പോയില്‍ നിന്നുളള ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസിലുണ്ടായിരുന്നത്. ബോണറ്റിന് സമീപം നിന്ന് തീ പടരുന്നത് കണ്ട് ജീവനക്കാര്‍ വാഹനം നിര്‍ത്തിയ ശേഷം അഗ്‌നിശമന യന്ത്രം ഉപയോഗിച്ച് അണയ്ക്കാന്‍ നോക്കിയെങ്കിലും കഴിഞ്ഞില്ല. ഇതിനിടെ ബസിലുണ്ടായിരുന്ന സാധനങ്ങള്‍ പൂര്‍ണമായും നീക്കി.പിന്നാലെ വന്ന വാഹനങ്ങളില്‍ നിന്നുള്ള ആറോളം അഗ്‌നിശമന യന്ത്രങ്ങള്‍ ഉപയോഗിച്ചെങ്കിലും തീ ആളിപ്പടര്‍ന്നു. വിവരമറിഞ്ഞ് ഫയര്‍ ഫോഴ്സിന്റെ മൂന്നു യൂണിറ്റ് വാഹനങ്ങളും ഇരുപതോളം ഉദ്യോഗസ്ഥരും സ്ഥലത്ത് വന്ന് ഒന്നര മണിക്കൂറോളം പണിപ്പെട്ടാണ് തീ പൂര്‍ണമായും അണച്ചത്. പക്ഷേ, ബസ് പൂര്‍ണമായും കത്തി നശിച്ചു. പമ്പ-നിലയ്ക്കല്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി കാലപ്പഴക്കം ചെന്ന ബസുകള്‍ ഉപയോഗിക്കുന്നുവെന്ന പരാതി ഏറെ നാളായി ഉണ്ട്. കഴിഞ്ഞ തീര്‍ഥാടന കാലത്ത് ഇത്തരത്തില്‍ മൂന്നു ബസുകളാണ് കത്തി നശിച്ചത്. ബസിനുള്ളില്‍ തീര്‍ഥാടകര്‍ ഉണ്ടായിരുന്നുവെങ്കില്‍ വന്‍ ദുരന്തം തന്നെ സംഭവിക്കുമായിരുന്നുവെന്ന് ഫയര്‍ഫോഴ്സ് ജീവനക്കാര്‍ പറഞ്ഞു

fire