വൈറ്റില സബ് ഡിവിഷനിലെ തൃക്കാക്കര ഇലക്ട്രിക്കൽ സെക്ഷനിൽ ജീവനക്കാരുടെ അഭാവം; അടിയന്തര നടപടി വേണമെന്ന് ഉമ തോമസ് എം.എൽ.എ

തൃക്കാക്കര മണ്ഡലത്തിൽ വൈദ്യുതി സേവനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിന് ഇലക്ട്രിക്കൽ സെക്ഷനിൽ ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് തൃക്കാക്കര എം.എൽ.എ ശ്രീമതി ഉമാ തോമസ് ആവശ്യപ്പെട്ടു.

author-image
Shyam Kopparambil
New Update
UMA THOMAS.

കൊച്ചി : തൃക്കാക്കര മണ്ഡലത്തിൽ വൈദ്യുതി സേവനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിന് ഇലക്ട്രിക്കൽ സെക്ഷനിൽ ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് തൃക്കാക്കര എം.എൽ.എ ശ്രീമതി ഉമാ തോമസ് ആവശ്യപ്പെട്ടു. വൈറ്റില സബ് ഡിവിഷന്റെ പരിധിയിൽ പ്രവർത്തിക്കുന്ന തൃപ്പൂണിത്തുറ ഇലക്ട്രിക്കൽ ഡിവിഷനു കീഴിലുള്ള തൃക്കാക്കര ഇലക്ട്രിക്കൽ സെക്ഷനിൽ നിലവിൽ 42,300-ലധികം കൺസ്യൂമർമാരുണ്ട്. കാക്കനാട് ഉൾപ്പെടെയുള്ള ദിനംപ്രതി വികസിച്ചുകൊണ്ടിരിക്കുന്ന പ്രസ്തുത മേഖലയിൽ ഓരോ മാസവും 200-ലധികം പുതിയ കണക്ഷനുകൾ ഈ സെക്ഷനിൽ നിന്ന്  അധികരിച്ചുകൊണ്ടിരിക്കുകയാണ്.
നിരവധി സർക്കാർ ഓഫീസുകൾ, കളക്ടറേറ്റ്, ഇൻഫോപാർക്ക്, സ്മാർട്ട് സിറ്റി, വിവിധ സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങി നിരവധി പ്രധാന സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതും ഈ സെക്ഷന് കീഴിലാണ്. എന്നാൽ, നിലവിലുള്ള ജീവനക്കാരുടെ എണ്ണം ഈ ഭാഗത്തെ ഉപഭോക്താക്കളെ ഗുണമേന്മയുള്ള സേവനം നൽകുന്നതിനായി പര്യാപ്തമല്ല. അതിനാൽ, അടിക്കടി ഉണ്ടാകുന്ന വൈദ്യുതി തടസങ്ങൾക്കും മറ്റ് പരാതികൾക്കും സമയബന്ധിത പരിഹാരമെത്തിക്കാൻ കാലതാമസം നേരിടുന്നുവെന്ന് എം.എൽ.എ പരാതിയിൽ പറയുന്നു.തൃക്കാക്കര ഇലക്ട്രിക്കൽ സെക്ഷനെ രണ്ട് ഭാഗങ്ങളായി വിഭജിക്കേണ്ടത് ഏറെ നാളായുള്ള ജനങ്ങളുടെ ആവശ്യമാണ്. എന്നാൽ വിഭജന നടപടികൾക്ക് സമയം വേണ്ടിവരുമെന്നതിനാൽ, താത്കാലിക പരിഹാരമായി കൂടുതൽ ജീവനക്കാരെ അടിയന്തരമായി നിയോഗിക്കണമെന്ന ആവശ്യവുമായി മന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് എം.എൽ.എ നിവേദനം നൽകി.സബ് എൻജിനീയർ - 2, ഓവർസിയർ - 3, ലൈൻമാൻ - 4, ഇലക്ട്രിസിറ്റി വർക്കർ - 3 എന്നിങ്ങനെ തസ്തികകളിൽ അധിക നിയമനം അനുവദിക്കണമെന്നാണ് എംഎൽഎ യുടെ ആവശ്യം.തൃക്കാക്കര ജനതക്ക് ഗുണമേന്മയുള്ള, സമയബന്ധിതമായ വൈദ്യുതി സേവനമെത്തിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഉമാ തോമസ് എം.എൽ.എ അറിയിച്ചു.

KSEB Uma Thomas MLA