/kalakaumudi/media/media_files/2025/05/16/UBX5VjKJVmxon4WVROln.png)
തിരുവനന്തപുരം: ‘പൊന്നിനെക്കാൾ തിളക്കമുണ്ട് ആ മനസ്സിന്. എന്റെ ജീവിതത്തിൽ ഇത്രയും സന്തോഷംതോന്നിയൊരു നിമിഷം വേറെയില്ല. മന്ത്രി ഒരു സ്വർണമാല വാങ്ങിത്തന്നൂന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല’-സന്തോഷത്താൽ ലക്ഷ്മിയുടെ വാക്കുകളിടറി.
ബുധനാഴ്ച വൈകീട്ട് കായികവകുപ്പ് സംഘടിപ്പിച്ച ലഹരിസന്ദേശയാത്രയ്ക്കിടെയാണ് പിരപ്പൻകോട് സ്വദേശി ലക്ഷ്മിയുടെ സ്വർണമാല നഷ്ടപ്പെട്ടത്. വിവരമറിഞ്ഞ മന്ത്രി വി.അബ്ദുറഹിമാൻ, മണിക്കൂറുകൾക്കുള്ളിൽ മറ്റൊരു സ്വർണമാല ലക്ഷ്മിക്കു വാങ്ങിനൽകി.
ബുധനാഴ്ച സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ, അച്ഛൻ വിമൽകുമാറിനൊപ്പം കരാട്ടെസംഘത്തെ പ്രതിനിധീകരിച്ചെത്തിയതായിരുന്നു ലക്ഷ്മി. യൂണിവേഴ്‌സിറ്റി കോളേജിൽനിന്നു പരീക്ഷയ്ക്കു ശേഷം നേരേ പരിപാടിക്കെത്തുകയായിരുന്നു. വല്യച്ഛന്റെ മകനൊപ്പം ബൈക്കിൽ മടങ്ങുന്നതിനിടെയാണ് മാല നഷ്ടപ്പെട്ടതു തിരിച്ചറിഞ്ഞത്. അച്ഛനോട് ലക്ഷ്മി വിവരം പറഞ്ഞിരുന്നില്ല. കോളേജിൽ ഒരാവശ്യത്തിനു പോകുന്നതായി വിളിച്ചുപറഞ്ഞ് നേരേ സെൻട്രൽ സ്റ്റേഡിയത്തിലേക്കു പോയി. എല്ലായിടത്തും തിരഞ്ഞെങ്കിലും മാല കിട്ടിയില്ല. സെക്യൂരിറ്റിയോടു വിവരം പറഞ്ഞപ്പോൾ, അനൗൺസ്‌മെന്റ് നടത്താമെന്നു പറഞ്ഞു.
തുടർന്ന് മാല കളഞ്ഞുവന്ന അറിയിപ്പ് മൈക്കിലൂടെ മുഴങ്ങി. അതേസമയത്ത് സെൻട്രൽ സ്റ്റേഡിയത്തിലുണ്ടായിരുന്ന മന്ത്രി അറിയിപ്പു കേട്ട് ലക്ഷ്മിയെ അടുത്തേക്കു വിളിച്ചു. ‘മോള് വിഷമിക്കണ്ട, മാല നാളെ രാവിലെതന്നെ വീട്ടിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു. എന്റെ നമ്പറും വാങ്ങിെവച്ചു. അപ്പോഴും കരുതിയില്ല, പുതിയ മാല വാങ്ങിനൽകുമെന്ന്’ -ലക്ഷ്മി പറഞ്ഞു.
പിതൃസഹോദരപുത്രനൊപ്പം ബൈക്കിൽ തിരികെ മടങ്ങവേ, മന്ത്രിയുടെ ഫോണിൽനിന്നു വിളിയെത്തി. സെൻട്രൽ സ്റ്റേഡിയത്തിലേക്കു മടങ്ങിവരാനായിരുന്നു നിർദേശം. തിരികെയെത്തിയയുടൻ മാല എവിടെനിന്നാണു വാങ്ങിയതെന്നും അവിടെ പോയി അതേ മാല വാങ്ങിക്കൊള്ളാനും പറഞ്ഞു. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെയും ഒപ്പം വിട്ടയച്ചു.