താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ; റോഡ് തുറക്കുക സുരക്ഷ ഉറപ്പാക്കിയതിന് ശേഷം, അപകട സാധ്യത നിലനിൽക്കുന്നു, പ്രതികരിച്ച് കെ രാജൻ

താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിലിൽ പ്രതികരിച്ച റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ

author-image
Devina
New Update
thamarassery

താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ; റോഡ് തുറക്കുക സുരക്ഷ ഉറപ്പാക്കിയതിന് ശേഷം, അപകട സാധ്യത നിലനിൽക്കുന്നു, പ്രതികരിച്ച് കെ രാജൻ
   വയനാട്: താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിലിൽ പ്രതികരിച്ച റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. മണ്ണിടിച്ചിലിനെ തുടർന്ന് അടച്ച ചുരം റോഡ് നിലവിൽ പൂർണമായി തുറക്കാൻ സാധിക്കില്ലെന്ന് മന്ത്രി. ആധുനീക ഉപകരണങ്ങൾ എത്തിച്ച് പരിശോധിക്കണമെന്നും സുരക്ഷ ഉറപ്പാക്കിയതിന് ശേഷം മാത്രമേ റോഡ് പൂർണമായി തുറക്കൂ. പരിശോധനയ്ക്ക് ശേഷം മാത്രമേ തീരുമാനം ഉണ്ടാവൂ. ചുരത്തിലെ ഒമ്പതാം വളവിൽ അപകടക സാധ്യത നിലനിൽക്കുന്നുണ്ട്. ബന്ധപ്പെട്ട അധികൃതർ ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്തും എന്ന് മന്ത്രി പ്രതികരിച്ചു.മഴ ശക്തമായി പെയ്യുന്ന സമയങ്ങളിൽ വാഹന ഗതാഗതം അനുവദിക്കില്ലെന്നും മഴ കുറയുന്ന സമയത്ത് മാത്രമേ ഒറ്റലൈനായി വാഹനങ്ങളെ കടത്തിവിടുകയുള്ളൂ എന്നും ജില്ലാ കലക്ടർ ഇന്നലെ വ്യക്തമാക്കിയിരുന്നു. നിലവിൽ ഒറ്റലൈനായി വാഹനങ്ങൾ കടത്തിയിരുന്നു. റോഡിന്റെ താമരശ്ശേരി, വയനാട് ഭാഗങ്ങളിൽ ഇതിനായുള്ള ക്രമീകരണങ്ങൾ വരുത്താനും ജില്ലാ കലക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതുവഴി പോകുന്ന വാഹനങ്ങൾ ജാഗ്രതയോടെയും വേഗത കുറച്ചും സഞ്ചരിക്കണം. ഇതുവഴിയുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും കളക്ടർ അറിയിച്ചു.

വയനാട്ടിലേക്കും തിരിച്ചുമുള്ള ഭാരം കൂടിയ വാഹനങ്ങൾ കുറ്റ്യാടി, നാടുകാണി ചുരങ്ങളും കണ്ണൂർ റോഡും ഉപയോഗപ്പെടുത്തണമെന്നും ജില്ലാ കലക്ടർ അറിയിച്ചു. നിലവിൽ താമരശ്ശേരി ചുരം റോഡിലേക്ക് വീണ പാറക്കല്ലുകളും മണ്ണും പൂർണമായും നീക്കം ചെയ്തിട്ടുണ്ട്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അടർന്നു നിൽക്കുന്ന പാറകൾ ഇനിയും റോഡിലേക്ക് വീഴാൻ സാധ്യതയുണ്ട്. അതിനാൽ പ്രദേശത്ത് മുഴുവൻ സമയ നിരീക്ഷണം ഏർപ്പെടുത്തും. പ്രദേശത്ത് റോഡിൽ രാത്രികാലത്ത് ആവശ്യത്തിന് വെളിച്ചം ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഫയർ ആന്റ് റെസ്‌ക്യൂ വിഭാഗവും തഹസിൽദാറും ഉറപ്പുവരുത്തും. ആവശ്യത്തിന് ക്രെയിനുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങളും സജ്ജമാക്കും. ആംബുലൻസ് സർവീസ് ഉറപ്പുവരുത്തുകയും പ്രദേശത്തെ ആശുപത്രികൾക്ക് ജാഗ്രതാനിർദ്ദേശം നൽകാനും ജില്ലാകലക്ടർ നിർദ്ദേശം നൽകി.

minister k rajan Thamaraserry Churam