കേരളം വികസനത്തിന്റെ പാതയില്‍, കേന്ദ്രത്തെ പഴിച്ച് ഗവര്‍ണറുടെ നയപ്രഖ്യപന പ്രസംഗം

ജിഎസ്ടി വിഹിതത്തിലെ കുറവും വായ്പാ വിഹിതം വെട്ടിക്കുറച്ചതും ഉള്‍പ്പെടെ ചൂണ്ടിക്കാട്ടുകയും കേന്ദ്രം സംസ്ഥാന അധികാരങ്ങള്‍ക്ക് മേല്‍ കൈ കടത്തുന്നെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു

author-image
Biju
Updated On
New Update
arlekar2

തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം ആരംഭിച്ചു. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടാണ് ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചത്. കേരളം വികസന പാതയില്‍ കുതിക്കുന്നെന്നും പത്തുവര്‍ഷം ഉണ്ടായത് മികച്ച നേട്ടമാണ്, വികേന്ദ്രീകരണത്തില്‍ സംസ്ഥാനം ദേശീയ തലത്തില്‍ മാതൃകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. കൂടാതെ ശിശുമരണ നിരക്ക് സംസ്ഥാനത്ത് കുറഞ്ഞതിന്റേയും തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പടെ മികച്ച നേട്ടം കൈവരിച്ചതിനെ കുറിച്ചും ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയെ കുറിച്ചും പ്രസംഗത്തിന്റെ ആദ്യ ഭാഗത്തില്‍ ഗവര്‍ണര്‍ സൂചിപ്പിച്ചു.

കേരളത്തിന് അര്‍ഹമായ വിഹിതം വെട്ടിക്കുറച്ചതിലുള്‍പ്പെടെയുള്ള കേന്ദ്ര തീരുമാനങ്ങളെയും നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ വിമര്‍ശിച്ചു. ജിഎസ്ടി വിഹിതത്തിലെ കുറവും വായ്പാ വിഹിതം വെട്ടിക്കുറച്ചതും ഉള്‍പ്പെടെ ചൂണ്ടിക്കാട്ടുകയും കേന്ദ്രം സംസ്ഥാന അധികാരങ്ങള്‍ക്ക് മേല്‍ കൈ കടത്തുന്നെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു. കൂടാതെ സംസ്ഥാനം വരുമാനം കൂട്ടി, ചെലവുകള്‍ പരിമിതപ്പെടുത്തി, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തി. കേരളത്തിന്റെ സാമ്പത്തിക രംഗം വികസനപാതയിലാണ്. വിഴിഞ്ഞം തുറമുഖം വളര്‍ച്ചയക്ക് സഹായകരമാകും. പുതിയ തൊഴില്‍ അവസരങ്ങള്‍ ഉറപ്പാക്കും എന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

കൂടാതെ, വിദ്യാഭ്യാസമുള്ള യുവജങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ ഉണ്ടാകും. ക്രമസമാധാന പരിപാലനം പത്ത് വര്‍ഷത്തിനിടെ മെച്ചപ്പെടുത്തി. തടസ്സമില്ലാത്ത വൈദ്യുതി ഉറപ്പാക്കി. ജീവിത നിലവാരം മെച്ചപ്പെടുത്തുന്നത് നവകേരള ലക്ഷ്യം. വന്യജീവി ശല്യം കൊണ്ടുണ്ടാക്കുന്ന കൃഷിനഷ്ടത്തിന് കൃത്യമായ നഷ്ടപരിഹാരം ഉറപ്പാക്കും. കലാവസ്ഥ വ്യതിയാനത്തെ നേരിടാന്‍ കാര്‍ഷികരംഗത്തെ പ്രാപ്തമാകും എന്നും ഗവര്‍ണര്‍ പറഞ്ഞു.

  • Jan 20, 2026 11:41 IST

    നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ മാറ്റം വരുത്തി, വായിക്കാതെ വിട്ട ഭാഗം വായിച്ച് മുഖ്യമന്ത്രി

    തിരുവനന്തപുരം: നിയമസഭയില്‍ അസാധാരണ നീക്കവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സമ്മേളനത്തിന് മുന്നോടിയായുള്ള നയ പ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ മാറ്റം വരുത്തുകയും ചില ഭാഗങ്ങള്‍ വായിക്കാതെ വിടുകയും ചെയ്തു. തുടര്‍ന്ന് ഗവര്‍ണര്‍ വായിക്കാതെ വിട്ട ഭാഗം മുഖ്യമന്ത്രി വായിച്ചു. ഗവര്‍ണര്‍ കേന്ദ്ര വിമര്‍ശനം വായിക്കാതെ വിട്ടതില്‍ എതിര്‍പ്പുമായി മുഖ്യമന്ത്രി രംഗത്തെത്തുകയായിരുന്നു. സ്പീക്കറും ഗവര്‍ണറുടെ നീക്കത്തില്‍ പ്രതികരിച്ചു. വായിക്കാതെ വിട്ടതും അംഗീകരിക്കണമെന്നും സര്‍ക്കാര്‍ അംഗീകരിച്ച പ്രസംഗം മുഴുവന്‍ വായിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക രംഗത്ത് കേന്ദ്രം കേരളത്തെ ഞെരിക്കുന്നു എന്ന ഭാഗമാണ് ഗവര്‍ണര്‍ വായിക്കാതെ വിട്ടത്.

    ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് നിയമസഭാ സമ്മേളനം ആരംഭിച്ചത്. കേരളം വികസന പാതയില്‍ കുതിക്കുന്നെന്നും പത്തുവര്‍ഷം ഉണ്ടായത് മികച്ച നേട്ടമാണ്, വികേന്ദ്രീകരണത്തില്‍ സംസ്ഥാനം ദേശീയ തലത്തില്‍ മാതൃകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണര്‍ സഭയെ അഭിസംബോധന ചെയ്ത് നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ ചില കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലുകളും വരുത്തിയിട്ടുള്ളത് അംഗങ്ങളുടെയും ശ്രദ്ധയില്‍പ്പെടുത്തുന്നു എന്ന രീതിയിലാണ് മുഖ്യമന്ത്രി ഗവര്‍ണര്‍ വിട്ട ഭാഗം വായിച്ചത്.

    മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിലെ ഖണ്ഡിക 12, 15, 16 എന്നിവയില്‍ ഗവര്‍ണറുടെ പ്രസംഗത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഭരണഘടനയുടെ അന്തഃസത്തയ്ക്കും സഭയുടെ കീഴ്വഴക്കങ്ങള്‍ക്കും അനുസൃതമായി മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗമാണ് നിലനില്‍ക്കുന്നത്. ഗവണ്‍മെന്റിന്റെ നയപ്രഖ്യാപനമാണ് ഗവര്‍ണര്‍ സഭയില്‍ നടത്തുന്നത് എന്നതിനാല്‍ മന്ത്രിസഭ അംഗീകരിച്ച 12, 15, 16 ഖണ്ഡികകള്‍ അതേപടി നിലനില്‍ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

    ധനകാര്യ ഫെഡറലിസത്തിന്റെ ഭരണഘടനാപരമായ തത്വങ്ങളെ ദുര്‍ബലപ്പെടുത്തുന്ന യൂണിയന്‍ ഗവണ്‍മെന്റിന്റെ തുടര്‍ച്ചയായ പ്രതികൂല നടപടികളുടെ ഫലമായി കേരളം ഗുരുതരമായ സാമ്പത്തിക ഞെരുക്കം നേരിട്ടുകൊണ്ടിരിക്കുകയാണ് എന്ന ഭാഗം ഗവര്‍ണര്‍ ഒഴിവാക്കി. കൂടാതെ സംസ്ഥാന നിയമസഭകള്‍ പാസാക്കിയ ബില്ലുകള്‍ ദീര്‍ഘകാലമായി കെട്ടിക്കിടക്കുകയാണ്. ഈ വിഷയങ്ങളില്‍ സുപ്രീംകോടതിയെ സമീപിക്കുകയും അവ ഒരു ഭരണഘടനാ ബെഞ്ചിന് റഫര്‍ ചെയ്തിരിക്കുകയുമാണെന്നുമുള്ള വാചകവും ഗവര്‍ണര്‍ ഒഴിവാക്കിയിട്ടുണ്ട്. നയപ്രഖ്യാപനത്തിലെ ഭനികുതി വിഹിതവും ധനകാര്യ കമ്മീഷന്‍ ഗ്രാന്റുകളും സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളാകുന്നതും ഔദാര്യമല്ലാത്തതും, ഈ ചുമതല ഏല്‍പ്പിക്കപ്പെട്ടിട്ടുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് മേലുള്ള ഏതൊരു സമ്മര്‍ദ്ദവും ഫെഡറല്‍ തത്വങ്ങളെ ദുര്‍ബ്ബലപ്പെടുന്നതുമാണ്' എന്ന വാചകത്തിനോടൊപ്പം 'എന്റെ സര്‍ക്കാര്‍ കരുതുന്നു'' എന്ന് ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തതായും മുഖ്യമന്ത്രിയുടെ തിരുത്തല്‍ പ്രസംഗത്തില്‍ പറയുന്നു.