കൊച്ചി: ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും മുകേഷിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ലെന്ന് അഭിഭാഷകൻ. മുകേഷിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് ലഭിച്ചിട്ടില്ല. പ്രഥമദൃഷ്ട്യാ അറസ്റ്റ് ഒരു അനീതിയാകുമെന്ന് തോന്നിയതു കൊണ്ടാകണം, കോടതി അറസ്റ്റ് തടഞ്ഞതെന്ന് മുകേഷിന്റെ അഭിഭാഷകൻ ജിയോ പോൾ പറഞ്ഞു.
അറസ്റ്റ് തടഞ്ഞു എന്നുവെച്ചാൽ താൽക്കാലികമായി ജാമ്യം അനുവദിച്ചു എന്നല്ല അർത്ഥം. അറസ്റ്റ്, വിചാരണയ്ക്ക് ആൾ ഉണ്ടെന്ന് ഉറപ്പു വരുത്താനാണ്. മുകേഷ് ഒളിച്ചുപോകുമെന്ന് സംശയിക്കേണ്ട ഒരു സാഹചര്യവുമില്ല. അദ്ദേഹം പൊതു സമൂഹത്തിന് മുന്നിലുള്ള വ്യക്തിയാണ്.
അറസ്റ്റു കൊണ്ട് അന്വേഷണ ഏജൻസിക്ക് പെട്ടെന്ന് ഒരു പ്രയോജനവുമില്ല. മുകേഷ് ഏതുതരത്തിലുള്ള അന്വേഷണവുമായി സഹകരിക്കാനും പൂർണമായും തയ്യാറാണ്. നാളെ വേണമെങ്കിൽ നാളെത്തന്നെ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാനും മൊഴി നൽകാനും, ചോദ്യം ചെയ്യലിന് തയ്യാറാകാനും മുകേഷ് തയ്യാറാണെന്നും അഡ്വ. ജിയോ പോൾ പറഞ്ഞു.
പൊലീസ് ബലാത്സംഗ കേസ് എടുത്തതോടെ മുകേഷ് രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ സംഘടനകൾ രംഗത്തുണ്ട്. ഇതിനിടെ മുകേഷ് രാവിലെ തിരുവനന്തപുരത്തെ വസതിയിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ടു. കാറിൽ നിന്നും എംഎൽഎ ബോർഡ് അഴിച്ചു മാറ്റിയാണ് മുകേഷ് കൊച്ചിയിലേക്ക് യാത്ര തിരിച്ചത്.