അഭിഭാഷകര്‍ പെരുമാറ്റം മാറ്റണം ; പൊലീസ് ഒഫിസേഴ്‌സ് അസോസിയേഷന്‍

അഭിഭാഷകരോട് പൊലീസ് പെരുമാറേണ്ടതെങ്ങനെ എന്നതിനു മാര്‍ഗരേഖ തയ്യാറാക്കി നല്‍കാന്‍ഹൈക്കോടതി ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് സംഘടനകളോട് ഡിജിപി റിപ്പോര്‍ട്ട് തേടി.

author-image
Sneha SB
New Update
POA

തിരുവനന്തപുരം: പൊലീസിനോടുള്ള അഭിഭാഷകരുടെ  പെരുമാറ്റത്തില്‍ തിരുത്തല്‍ വേണമെന്ന് പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശം. തുടര്‍ന്നു നടന്ന ചര്‍ച്ചയിലും അഭിഭാഷകരുടെ പെരുമാറ്റത്തിനെതിരെ വിമര്‍ശനമുയര്‍ന്നു.നിയമലംഘനത്തിന് അഭിഭാഷകര്‍ക്കെതിരെ നടപടിയെടുത്താല്‍ പൊലീസിനെ ആക്രമിക്കുന്ന രീതിയാണ് നിലവിലുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോടതിമുറ്റത്ത് പൊലീസിനെ അഭിഭാഷകര്‍ സംഘടിതമായി കയ്യേറ്റം ചെയ്ത സംഭവവും നടപടിയെടുത്ത പൊലീസുദ്യോഗസ്ഥര്‍ പിന്നീട്  കോടതിയില്‍ എത്തിയപ്പോള്‍ അഭിഭാഷകരില്‍ ചിലര്‍ അദ്ദേഹത്തെ മര്‍ദ്ദിച്ച സാഹചര്യവും ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അഭിഭാഷകരോട് പൊലീസ് പെരുമാറേണ്ടതെങ്ങനെ എന്നതിനു മാര്‍ഗരേഖ തയ്യാറാക്കി നല്‍കാന്‍ഹൈക്കോടതി ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് സംഘടനകളോട് ഡിജിപി റിപ്പോര്‍ട്ട് തേടി. തുടര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടാണു സമ്മേളനത്തില്‍ അവതരിപ്പിച്ചത്. പ്രതിനിധി സമ്മേളനം മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കെപിഒഎ സംസ്ഥാന പ്രസിഡന്റ് ആര്‍.പ്രശാന്ത് അധ്യക്ഷനായിരുന്നു. വി.കെ.പ്രശാന്ത് എംഎല്‍എ, മേയര്‍ ആര്യ രാജേന്ദ്രന്‍, തിരുവനന്തപുരം റേഞ്ച്  ഡിഐജി അജിത ബീഗം, എഐജി. ജി.പൂങ്കുഴലി, കെപിഎസ്ഒഎ സംസ്ഥാന പ്രസിഡന്റ് എസ്പിഇ.എസ്. ബിജുമോന്‍,  കെപിഎ സംസ്ഥാന പ്രസിഡന്റ് സുധീര്‍ഖാന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രേംജി കെ.നായര്‍,കെ.എല്‍.നിഷാന്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്‍.ബിജു സംസ്ഥാന ട്രഷറര്‍ വി.ചന്ദ്രശേഖരന്‍ എന്നിവര്‍ പ്രസംഗിച്ചു.ഇന്ന് യാത്രയയപ്പു സമ്മേളനം മേയര്‍ ആര്യ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സമാപനദിനമായ നാളെ വൈകിട്ട് 4 ന് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായിവിജയന്‍  ഉദ്ഘാടനം ചെയ്യും.

lawyer police