/kalakaumudi/media/media_files/2024/11/19/g2JVla1iZFzbezmST7hP.jpg)
തിരഞ്ഞെടുപ്പിന് തലേദിവസം സുന്നി കാന്തപുരം വിഭാഗം മുഖപത്രമായ സിറാജ്, സമസ്ത മുഖപത്രമായ സുപ്രഭാതം എന്നിവയില്‍ എല്‍.ഡി.എഫ് പരസ്യം നല്‍കിയത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയില്ലാതെ. മീഡിയ മോണിറ്ററിങ് കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതി വാങ്ങാതെയാണ് പരസ്യം നല്‍കിയത്.
ജില്ലാ കളക്ടര്‍ അധ്യക്ഷനായ മീഡിയ മോണിറ്ററിങ് കമ്മിറ്റിയാണ് തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയപാര്‍ട്ടികള്‍ മാധ്യമങ്ങള്‍ക്കു നല്‍കുന്ന പരസ്യത്തിന് അനുമതി നല്‍കേണ്ടത്. എന്നാല്‍, എല്‍.ഡി.എഫ് നല്‍കിയ പരസ്യത്തിന് അനുമതി ഇല്ലെന്നാണ് വിവരം. സരിന്‍ തരംഗം എന്ന വലിയ തലക്കെട്ടിലാണ് പരസ്യം. എന്നാല്‍, സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകളും ഫെയ്‌സ്ബുക്ക് പോസ്റ്റുകളുമൊക്കെയാണ് പത്രപ്പരസ്യത്തിലുണ്ടായിരുന്നത്.
കാശ്മീര്‍ വിഷയത്തില്‍ സന്ദീപിന്റെ പഴയ ഫെയ്‌സ്ബുക്ക് പോസ്റ്റും ആര്‍.എസ്.എസ് വേഷം ധരിച്ച് നില്‍ക്കുന്ന ചിത്രവുമൊക്കെ പരസ്യത്തിലുണ്ട്. കാശ്മീരികളുടെ കൂട്ടകൊല ആഹ്വാനം, സി.എ.എ കേരളത്തില്‍ നടപ്പാക്കുമെന്ന് പറഞ്ഞുള്ള പോസ്റ്റുകള്‍, ഗാന്ധിവധം തുടങ്ങിയ വിഷയങ്ങളെ പറ്റിയുള്ള സന്ദീപ് വാര്യരുടെ പരാമര്‍ശങ്ങളാണ് പരസ്യത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
'ഈ വിഷ നാവിനെ സ്വീകരിക്കുകയോ? എന്ന് സന്ദീപിനെതിരായ തലക്കെട്ടും നല്‍കിയിട്ടുണ്ട്. മതേതരവാദിയായ സരിനെ പോലെ ഒരാളെ പുറത്താക്കി വര്‍ഗീയതയുടെ കാളകൂടവിഷത്തെ സ്വീകരിച്ചുവെന്നാണ് കോണ്‍ഗ്രസിനെതിരേ പരസ്യത്തില്‍ വിമര്‍ശിക്കുന്നത്.
വിഷയത്തില്‍ ഔദ്യോഗികമായി ആരും പ്രതികരിച്ചിട്ടില്ല. ജില്ലാ കളക്ടറുടേയും സിപിഎമ്മിന്റേയും ഔദ്യോഗിക പ്രതികരണം ഇനിയും വന്നിട്ടില്ല. അതേസമയം, വിഷയത്തില്‍ സന്ദീപ് വാര്യര്‍ നിയമനടപടിക്ക് ഒരുങ്ങുകയാണ്. പാര്‍ട്ടിയുമായി കൂടിയാലോചിച്ച് വിഷയത്തില്‍ തീരുമാനമെടുക്കുമെന്നാണ് വിവരം.