മാണിഗ്രൂപ്പ് വീണ്ടും പിളര്‍പ്പിലേക്കോ?, ജോസും റോഷിയും രണ്ടുതട്ടില്‍

സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ (പൂഞ്ഞാര്‍), ജോബ് മൈക്കിള്‍ (ചങ്ങനാശ്ശേരി), റോഷി അഗസ്റ്റിന്‍ (ഇടുക്കി), പ്രമോദ് നാരായണ്‍(റാന്നി), എന്‍. ജയരാജ് (കാഞ്ഞിരപ്പള്ളി) എന്നിങ്ങനെ അഞ്ച് എംഎല്‍എമാരാണ് കേരളാ കോണ്‍ഗ്രസ് എമ്മിന് നിയമസഭയിലുള്ളത്.

author-image
Biju
New Update
jose k

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെുപ്പ് അടുത്തിരിക്കെ കേരളാ രാഷ്ട്രീയത്തില്‍ വീണ്ടും പിളര്‍പ്പിന്റെ കാറ്റുവീശുന്നു. കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് ചെയര്‍മാന്‍ ജോസ് കെ. മാണിയും യുഡിഎഫിലേക്ക് മടങ്ങിപ്പോകണമെന്ന അഭിപ്രായക്കാരായ രണ്ട് എംഎല്‍എമാരും ഒരുവശത്ത്. ഇടതിനൊപ്പം തുടരാം എന്ന നിലപാടുമായി പാര്‍ട്ടി മന്ത്രി റോഷി അഗസ്റ്റിനും മറ്റ് രണ്ട് എംഎല്‍എമാരും. തിരഞ്ഞെടുപ്പു കാലത്തെ പിളര്‍പ്പുകള്‍ പുത്തരിയല്ലാത്ത കേരളാ കോണ്‍ഗ്രസുകള്‍, ആ പതിവ് ഇക്കുറിയും ആവര്‍ത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ (പൂഞ്ഞാര്‍), ജോബ് മൈക്കിള്‍ (ചങ്ങനാശ്ശേരി), റോഷി അഗസ്റ്റിന്‍ (ഇടുക്കി), പ്രമോദ് നാരായണ്‍(റാന്നി), എന്‍. ജയരാജ് (കാഞ്ഞിരപ്പള്ളി) എന്നിങ്ങനെ അഞ്ച് എംഎല്‍എമാരാണ് കേരളാ കോണ്‍ഗ്രസ് എമ്മിന് നിയമസഭയിലുള്ളത്. ഇതില്‍ സെബാസ്റ്റ്യന്‍ കുളത്തിങ്കലും ജോബ് മൈക്കിളുമാണ് യുഡിഎഫിലേക്ക് തിരികെ പോകാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നതെന്നും റോഷിയും പ്രമോദ് നാരായണനും ഇടതുമുന്നണിയില്‍ തുടരാന്‍ താല്‍പര്യപ്പെടുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മുന്നണിമാറ്റ ചര്‍ച്ചകള്‍ 2-2 എന്ന നിലയ്ക്കായാല്‍, നിര്‍ണായകമാവുക എന്‍. ജയരാജിന്റെ നിലപാടാണെന്നത് നിശ്ചയം. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ സമയത്ത്, റോഷി മന്ത്രിയാകട്ടെ എന്ന നിലപാട് മുന്നോട്ടുവെച്ചത് ജയരാജ് ആയിരുന്നു. അതിനാല്‍തന്നെ ജയരാജ് വിഷയത്തില്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാണ്.

2026 നിയമസഭാ തിരഞ്ഞെടുപ്പ് അത്രമേല്‍ നിര്‍ണായകമായതിനാല്‍, അത്രയും സൂക്ഷ്മതയോടെയാണ് യുഡിഎഫ് കാര്യങ്ങളെ നോക്കിക്കാണുന്നത്. അതിന്റെ ഭാഗമായാണ് ഹൈക്കമാന്‍ഡ് തലത്തില്‍ ജോസ് കെ. മാണിയെ തിരികെ കൊണ്ടുവരാനുള്ള നീക്കം നടത്തുന്നത്. 

സോണിയാ ഗാന്ധി ജോസ് കെ. മാണിയുമായി ചര്‍ച്ചകള്‍ നടത്തിയെന്നാണ് സൂചന. ഇതിന് എഐസിസി ജനറല്‍ സെക്രട്ടറിയും എംപിയുമായ കെ.സി. വേണുഗോപാലിന്റെ ഇടപെടലുമുണ്ടായിരുന്നു എന്നാണ് സൂചനകള്‍. യുഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിം ലീഗും കേരളാ കോണ്‍ഗ്രസിന്റെ വരവിനെ സ്വാഗതം ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.

തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്ന കേന്ദ്ര അവഗണനയ്ക്കെതിരായ സത്യഗ്രഹത്തിലെ ജോസ് കെ. മാണിയുടെ അസാന്നിധ്യം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. വിദേശത്തേക്കു പോയതിനാലാണ് സത്യാഗ്രഹത്തിന് ജോസ് എത്താത്തതെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്ന വിശദീകരണം. പിറ്റേന്ന് ചൊവ്വാഴ്ച ഇതേ പരിപാടിയുടെ ചിത്രം 'തുടരും' എന്ന കുറിപ്പോടെ പാര്‍ട്ടി മന്ത്രി റോഷി അഗസ്റ്റിന്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി എല്‍ഡിഎഫ് പ്രഖ്യാപിച്ച മധ്യമേഖലാജാഥ ജോസ് കെ. മാണി നയിച്ചേക്കില്ലെന്നും സൂചനയുണ്ട്. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനമായതിനാല്‍ അതില്‍ പങ്കെടുക്കണമെന്നതാണ് വിട്ടുനില്‍ക്കുന്നതിന് കാരണമായി പറയുന്നത്. പകരം ചീഫ് വിപ്പ് എന്‍. ജയരാജിനെ ചുമതല ഏല്‍പ്പിക്കാമെന്ന നിര്‍ദേശമാണ് മുന്നോട്ടുവെച്ചത്. ജാഥയുടെ ഉദ്ഘാടന-സമാപന സമ്മേളനങ്ങളില്‍ പങ്കെടുക്കാമെന്നും എന്നാല്‍, ജാഥ ഉടനീളം നയിക്കാന്‍ ബുദ്ധിമുട്ടാണെന്നുമുള്ള നിലപാടിലാണ് നിലവില്‍ അദ്ദേഹം. കഴിഞ്ഞ രണ്ടു ഇടതുമുന്നണി യോഗങ്ങളിലും ജോസ് കെ. മാണി പങ്കെടുത്തില്ല. സാധാരണ സിപിഎം, സിപിഐ നേതാക്കള്‍ നയിക്കുന്ന രണ്ടു ജാഥകളാണ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി നടത്തുക. ഇപ്രാവശ്യം മൂന്നുജാഥകളായി ക്രമീകരിച്ചതുതന്നെ ജോസ് കെ. മാണിയെക്കൂടി ക്യാപ്റ്റനാക്കാനും അതുവഴി കേരള കോണ്‍ഗ്രസിനെ മുന്നണിയില്‍ ഉറപ്പിച്ചുനിര്‍ത്താനുമാണ്.

നീണ്ടകാലത്തെ യുഡിഎഫ് ബന്ധം കെ.എം മാണിയുടെ കേരള കോണ്‍ഗ്രസ് വിച്ഛേദിച്ചത് 2016 ലായിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ ബാര്‍ കോഴ വിവാദത്തിന് പിന്നാലെയാണ് യുഡിഎഫ് വിടുന്നത്. ശേഷം സഭയില്‍ പ്രത്യേക ബ്ലോക്കായി മാറി. എന്നാല്‍ രണ്ടുകൊല്ലത്തിനിപ്പുറം 2018-ല്‍ രാജ്യസഭാ സീറ്റ് ജോസ് കെ.മാണിക്ക് നല്‍കാന്‍ യുഡിഎഫ് തയ്യാറായതോടെ വീണ്ടും മാണിയും പാര്‍ട്ടിയും യുഡിഎഫിലെത്തി. എന്നാല്‍ 2019-ല്‍ കെ.എം. മാണിയുടെ മരണത്തിന് പിന്നാലെ പാര്‍ട്ടിയിലെ ശാക്തിക സമവാക്യങ്ങള്‍ മാറിമറിഞ്ഞു, മാണി കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗവും പി.ജെ. ജോസഫ് വിഭാഗവുമായി മാറി. മുന്‍ധാരണ പ്രകാരം 2020-ല്‍ കോട്ടയം പഞ്ചായത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ കൂട്ടാക്കാത്തതിന് പിന്നാലെ ജോസ് കെ. മാണി വിഭാഗത്തെ യുഡിഎഫില്‍നിന്ന് പുറത്താക്കി. ഇന്ന് പൂഞ്ഞാര്‍ എംഎല്‍എ ആയ സെബാസ്റ്റ്യന്‍ കുളത്തിങ്കലായിരുന്നു അന്ന് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. മാസങ്ങള്‍ക്കിപ്പുറം 2020 ഒക്ടോബര്‍ 14-ന് ജോസ് കെ. മാണി എല്‍ഡിഎഫില്‍ ചേര്‍ന്നു. അതിനിടെ പാര്‍ട്ടിയുടെ ചിഹ്നമായ രണ്ടിലയ്ക്കു വേണ്ടി ജോസ് വിഭാഗവും ജോസഫ് വിഭാഗവും കോടതി കയറി. ഒടുവില്‍ ചിഹ്നം ജോസ് വിഭാഗത്തിന് ലഭിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പിലെ വലിയ തിരിച്ചടിയും എല്‍ഡിഎഫിന് മൂന്നാംവട്ടം ലഭിക്കാതെ പോയാലുണ്ടാകുന്ന രാഷ്ട്രീയ അനാഥത്വവുമാണ് ജോസ് കെ. മാണിയേയും സംഘത്തെയും മുന്നണിമാറ്റ ആലോചനയിലേക്ക് നയിക്കുന്നത്. എല്‍ഡിഎഫില്‍ ഇക്കുറി 13 സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അതങ്ങനെ തന്നെ സംഭവിച്ചുകൊള്ളണമെന്നില്ല എന്നതും തലവേദനയാണ്. ഇടത് അനുകൂല രാഷ്ട്രീയ കാലാവസ്ഥ ആയിരുന്നിട്ടും 2021-ല്‍ പന്ത്രണ്ടിടത്ത് മത്സരിച്ചപ്പോള്‍ കേവലം അഞ്ചുസീറ്റില്‍ മാത്രമാണ് കേരളാ കോണ്‍ഗ്രസ് എമ്മിന് വിജയിക്കാനായത്. പാലായില്‍ ചെയര്‍മാനും കെ.എം. മാണിയുടെ രാഷ്ട്രീയ പിന്‍ഗാമിയുമായ ജോസ്, മാണി സി. കാപ്പനോട് പരാജയപ്പെട്ടിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് നല്‍കുന്ന രാഷ്ട്രീയ സൂചന മനസ്സിലാക്കി സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങണമെന്നാണ് ജോസിനൊപ്പമുള്ളവരുടെ വാദമെന്നാണ് സൂചന.

കേരളാ കോണ്‍ഗ്രസ് എല്‍ഡിഎഫ് വിടുമെന്നത് അഭ്യൂഹമാണെന്നാണ് ജലവിഭവ വകുപ്പുമന്ത്രി കൂടിയായ റോഷി അഗസ്റ്റിന്റെ പ്രതികരണം. തുടരും എന്ന കുറിപ്പോടെ കഴിഞ്ഞ ദിവസത്തെ ഇടതുപ്രതിഷേധ സത്യഗ്രഹ ചിത്രം പങ്കുവെച്ചത് വാര്‍ത്തയാവുകയും പിന്നാലെ മാധ്യമങ്ങളോടു പ്രതികരിക്കുകയുമായിരുന്നു അദ്ദേഹം. മുന്നണി വിടുന്ന കാര്യത്തേക്കുറിച്ച് അറിയില്ല. കേരള കോണ്‍ഗ്രസിനേക്കുറിച്ച് മുന്‍പും ഇത്തരത്തില്‍ വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ഉപവാസ സമരത്തില്‍ ജോസ് കെ. മാണി പങ്കെടുക്കാത്തതിനെക്കുറിച്ചുള്ള വിശദീകരണം അദ്ദേഹം തന്നെ നല്‍കിയിട്ടുണ്ട്. കേരളാ കോണ്‍ഗ്രസിന്റെ കാര്യത്തില്‍ ഒരു സഭയും ഇടപെട്ടിട്ടില്ലെന്നും എന്തിനാണ് അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ പോകുന്നതെന്നും റോഷി ചോദിച്ചു.