/kalakaumudi/media/media_files/2025/01/29/1QAgBcwxxW6nKFy2zXD0.jpeg)
തൃക്കാക്കര: പീഡനക്കേസിൽ പ്രതിയായ തൃക്കാക്കര നഗരസഭ വൈസ്.ചെയർമാൻ അബ്ദു ഷാന രാജിവെക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു.ഇന്നലെ നഗരസഭ ചെയര്പേഴ്സൻ രാധാമണി പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിനിടെയാണ് എൽ.ഡി.എഫ് കൗൺസിലർമാമാരായ എം.കെ ചന്ദ്ര ബാബു,ജിജോ ചിങ്ങംതറ,അജുന ഹാഷിം, റസിയ നിഷാദ്,പി.സി മനൂപ് എന്നിവരുടെ നേതൃത്വത്തിൽ അബ്ദു ഷാന രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് പ്ലക്കാർഡുമായി പ്രതിപക്ഷ കൗൺസിലർമാർ കൗൺസിൽ ഹാളിലെത്തിയത്.പീഢന കേസിൽ പ്രതിയായ വൈസ് ചെയർമാനെ പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് എം കെ ചന്ദ്രബാബു ചെയര്പേഴ്സനോട് ആവശ്യപ്പെട്ടു. പോലീസ് അന്വേഷണം പൂർത്തിയാക്കട്ടെയെന്ന് രാധാമണി പിള്ള പറഞ്ഞു.
# ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ പേരിൽ തട്ടിപ്പെന്ന്
പുതുക്കി പണിത കാക്കനാട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിനായി 14 ലക്ഷം രൂപ അനുവദിച്ചതിൽ അഴിമതി ഉണ്ടെന്ന് സ്വതന്ത്ര കൗൺസിലർ പി.സി മനൂപ് ആരോപിച്ചു. അനുവദിച്ച തുകയുടെ രേഖകൾ ഉൾപ്പടെ കൗൺസിൽ യോഗത്തിൽ ഹാജരാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു .കാത്തിരിപ്പ് കേന്ദ്രത്തിന് കണക്കാക്കിയ തുകയിൽ വളരെ കൂടുതലാണന്ന് പൊതുമരാമത്ത് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ സമ്മതിച്ചു. ഫയൽ പരിശോധിച്ചതിനുശേഷം തുടർ നടപടി സ്വീകരിക്കുമെന്നും അസി.എൻജിനിയർ അറിയിച്ചു.
കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യാതെ നഗരസഭയിലെ ആക്രി സാധനങ്ങൾ കടത്തി കൊണ്ടുപോയതായി എൽ.ഡി.എഫ് അംഗങ്ങൾ ആരോപിച്ചു. ആക്രി സാധനങ്ങൾ ലേലം ചെയ്യുന്നതിൽ സുതാര്യതയില്ലന്ന് കൗൺസിലറും കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കൂടിയായ റാഷിദ് ഉള്ളമ്പിള്ളി പറഞ്ഞു.ആക്രി സാധനങ്ങൾ കൊണ്ടുപോകുമ്പോൾ കൃത്യമായ അളവ് തൂക്കം നോക്കാറില്ലന്ന് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ പറഞ്ഞു.ആക്രി സാധനങ്ങൾ കൊണ്ടു പോകുന്നത് പരിശോധിക്കാൻ കൗൺസിലർമാരുടെ ഒരു കമ്മിറ്റിയെ നിയോഗിക്കാം എന്ന നഗരസഭ അധ്യക്ഷയുടെ നിർദ്ദേശം യു ഡി എഫ് അംഗങ്ങൾ അംഗീകരിച്ചില്ല.അളവു തൂക്കം കൃത്യമായി രേഖപ്പെടുത്തി വേണം ആക്രി സാധനങ്ങൾ കൈമാറ്റം ചെയ്യാവൂ എന്ന് എൽ.ഡി.എഫ് പറഞ്ഞു.