കോൺഗ്രസിൽ നിന്നും കെ മുരളീധരനെ പുകച്ചു പുറത്തുചാടിക്കലാണ് നേതാക്കളുടെ ലക്ഷ്യമെന്ന് പത്മജ വേണുഗോപാൽ. കെ മുരളീധരന് ഒരു മാസം കൊണ്ട് കാര്യങ്ങൾ മനസ്സിലായെന്ന് അവർ ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു. ‘കെ മുരളീധരന് ഒരു മാസം കൊണ്ട് കാര്യങ്ങൾ മനസ്സിലായി. 10 കൊല്ലം ഇവരുടെയൊക്കെ ആട്ടും തുപ്പും സഹിച്ചു അവിടെ കിടന്നു.
ഞങ്ങളെയൊക്കെ തോല്പിക്കാൻ നിന്നവർക്ക് ഉയർന്ന പദവിയും സമ്മാനങ്ങളും. എന്നെ ചീത്ത പറയുന്ന കോൺഗ്രസ് പ്രവർത്തകരോട് ഒരു കാര്യം പറയാനുണ്ട്. കെ കരുണാകരനെക്കൊണ്ട് വളർന്ന പലർക്കും കെ കരുണാകരന്റെ മക്കളെ വേണ്ട. അവരെ പുകച്ചു പുറത്തുചാടിക്കലാണ് അവരുടെ ഉദ്ദേശ്യം. എന്റെ കാര്യത്തിൽ അവർ വിജയിച്ചു. അടുത്ത ലക്ഷ്യം കെ മുരളീധരൻ ആണ്. എന്തൊക്കെ ഇനി കാണേണ്ടി വരുമോ എന്തോ?’ പത്മജ ഫേസ്ബുക്കിൽ കുറിച്ചു. തൃശൂരിൽ നിന്ന് ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് മുരളീധരൻ കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു.
തൃശൂരിൽ തന്നെ കുരുതി കൊടുത്തതായിരുന്നെന്നാണ് മുരളീധരന്റെ വിമർശനം. തോൽവിയിൽ തനിക്ക് പരാതിയില്ലെന്നും മുരളീധരൻ പറഞ്ഞു.
സംസ്ഥാനത്ത് കോൺഗ്രസ് എല്ലാ മണ്ഡലങ്ങളിലും വിജയിച്ചപ്പോൾ തനിക്ക് തോൽവിയ്ക്ക് നിന്നുകൊടുക്കേണ്ടി വന്നു. വിഷയത്തിൽ പാർട്ടി അച്ചടക്കം മാനിച്ച് കൂടുതൽ പറയുന്നില്ല. കെപിസിസി നിയോഗിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കട്ടെയെന്നും മുരളീധരൻ പറഞ്ഞു. തൃശൂർ മണ്ഡലത്തിലെ തോൽവിയിൽ സിപിഎമ്മിനെതിരെയും മുരളീധരൻ വിമർശനം ഉന്നയിച്ചു.
ഒരു പൊലീസ് കമ്മീഷണർ വിചാരിച്ചാൽ തൃശൂർ പൂരം അട്ടിമറിക്കാൻ സാധിക്കുമോ? പൂരം കലക്കിയതിന് പിന്നിൽ സംസ്ഥാന സർക്കാരാണ്. സംഭവത്തിന് പിന്നിൽ ചില അന്തർധാരകൾ ഉണ്ടായിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ അത് ബിജെപിയ്ക്ക് ഗുണകരമായി. മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ ഉൾപ്പെടെ സിപിഎം ക്രമക്കേട് നടത്തിയെന്നും മുരളീധരൻ ആരോപിച്ചു.