/kalakaumudi/media/media_files/2025/09/19/forest-2025-09-19-13-27-11.jpg)
തിരുവനന്തപുരം: വനം വകുപ്പ് വാച്ചര്‍മാരുടെ 1961 മുതലുള്ള അധികാരം വെട്ടിക്കുറയ്ക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കേരള നിയമസഭയുടെ സബ്ജക്റ്റ് കമ്മിറ്റി യോഗം തീരുമാനിച്ചു. കഴിഞ്ഞ 64 വര്‍ഷമായി വനം വകുപ്പ് വാച്ചര്‍മാര്‍ക്ക് വന കുറ്റകൃത്യങ്ങളില്‍പ്പെടുന്ന കുറ്റവാളികളെ അറസ്റ്റ് ചെയ്യാന്‍ അധികാരമുണ്ടായിരുന്നു. ഈ അധികാരം എടുത്തുമാറ്റാനാണ് സബ്ജക്റ്റ് കമ്മിറ്റി തീരുമാനിച്ചത്.
1961-ല്‍ പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരുന്ന സമയത്താണ് ഈ നിയമം പാസ്സാക്കിയത്. അന്ന് മുതല്‍ നിലവിലുള്ള അധികാരം ഇപ്പോള്‍ വെട്ടിച്ചുരുക്കുന്നതില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസം നിയമസഭയില്‍ അവതരിപ്പിച്ച വന(ഭേദഗതി) ബില്ലില്‍ വനം ഉദ്യോഗസ്ഥര്‍ എന്ന നിര്‍വ്വചനത്തില്‍ ഉദ്യോഗസ്ഥരുടെ പദവിയുടെ പഴയ പേരുകള്‍ മാറ്റി പല സമയത്തായി കൊണ്ടുവന്ന പുതിയ പേരുകള്‍ ചേര്‍ക്കാന്‍ വ്യവസ്ഥ ഉണ്ടായിരുന്നു. വാച്ചറുടെ തസ്തികയുടെ പേര് 1961-ലും കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബില്ലിലും വാച്ചര്‍ എന്നുതന്നെയാണ് ചേര്‍ത്തിട്ടുള്ളത്. യാതൊരു ഉദ്യോഗസ്ഥന്റെയും അധികാരം സംബന്ധിച്ച വ്യവസ്ഥകളൊന്നും ബില്ലില്‍ ഉണ്ടായിരുന്നില്ല.
എന്നാല്‍ വാച്ചര്‍ എന്ന ഉദ്യോഗപേര് ബില്ലില്‍ കണ്ട ചില നിയമസഭാംഗങ്ങളാണ് അവരുടെ നിലിവിലുള്ള അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടത്. ഈ ആവശ്യം സബ്ജക്റ്റ് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.