കൂട്ടിലാക്കിയ പുലിയുടെ ചിത്രം
പാലക്കാട്: കൊല്ലങ്കോട് കമ്പിവേലിയിൽ കുടുങ്ങിയ പുലിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. പുലി ചത്തത് ആന്തരിക രക്തസ്രാവം മൂലമെന്ന് കണ്ടെത്തി. പുലി കമ്പിക്കുരുക്കിൽപ്പെട്ടത് ശ്വാസകോശങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചതായും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പുലിയുടെ കാലിന് തളർച്ചയുണ്ടായതായും പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഹൃദയത്തിനും തകരാർ സംഭവിച്ചിട്ടുണ്ട്. ഇന്നലെ പ്രാഥമിക പരിശോധനയിൽ മരണകാരണം ആന്തരിക രക്തസ്രാവമെന്ന് കണ്ടെത്തിയിരുന്നു.
കമ്പിവേലിയിൽ നിന്നും പുറത്തെടുത്ത സമയത്ത് പുലി ചത്തിരുന്നു. അടിവയർ ഏറെ നേരം കമ്പിവേലിയിൽ കുടുങ്ങിക്കിടന്നിരുന്നതിനാൽ രക്തം കട്ടപിടിച്ചിരിക്കാമെന്നും കമ്പി ഊരി മാറ്റിയപ്പോൾ കട്ടപിടിച്ച രക്തം ശരീരത്തിന്റെ മറ്റു ഭാഗത്തേക്ക് പടർന്നിരിക്കാമെന്നുമായിരുന്നു നിഗമനം. പുലിയുടെ മലദ്വാരത്തിലൂടെ രക്തം പുറത്തു വന്നിരുന്നു. പുലിയെ കൂട്ടിലാക്കുന്നതിനായി മയക്കുവെടി വെച്ചെങ്കിലും വളരെ കുറച്ച് മരുന്ന് മാത്രമേ പുലിയുടെ ശരീരത്തിൽ കയറിയിരുന്നുള്ളൂ.