പമ്പ :കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ശബരിമലയിൽ ഇന്ന് തിരക്ക് കുറഞ്ഞു. കാരണം ചൊവ്വാഴ്ച ഉച്ചയ്ക്ക് 31,000 ഭക്തർ ദർശനം നടത്തിയിരുന്നു. ഇന്ന് രാവിലെ ഒമ്പതുവരെയുള്ള കണക്കുകൾ പരിശോധിച്ചപ്പോൾ ആകെ 23,000 പേർ ദർശനം നടത്തിയതായാണ് റിപ്പോർട്ട്.ബുധനാഴ്ച പുലർച്ചെ ശബരിമലയിൽ കഴിഞ്ഞ ദിവസത്തേക്കാൾ തിരക്ക് കുറവായിരുന്നുവെന്നാണ് പൊലീസ് കണക്കുകൾ വ്യക്തമാക്കുന്നത്.ചൊവ്വാഴ്ച സന്നിധാനത്ത് വൻ തിരക്കാണ് അനുഭവപ്പെട്ടത്.
ഒരു ലക്ഷത്തോളം ഭക്തരാണ് ചൊവ്വാഴ്ച ദർശനത്തിനെത്തിയത്.ചൊവ്വാഴ്ച മാത്രം മൊത്തം ഒരു ലക്ഷത്തി നാനൂറ്റി എൺപത്തിമൂന്ന് പേർ ദർശനം നടത്തിയതായും ദേവസ്വം ബോർഡ് വ്യക്തമാക്കുന്നു.ചൊവ്വാഴ്ചത്തെ തിരക്ക് നിയന്ത്രിക്കാൻ പോലീസ് ഏറെ ബുദ്ധിമുട്ട് നേരിട്ടിരുന്നു.പലയിടത്തും പമ്പയിൽ നിന്നു തന്നെ ഭക്തരെ തടയേണ്ട സാഹചര്യമുണ്ടായി.പുതുതായി നിയമിതരായ പോലീസുകാരെ പതിനെട്ടാം പടിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.അതിനാൽ, എൺപത് ഭക്തർക്ക് ഒരു മിനിറ്റിനുള്ളിൽ പതിനെട്ടാം പടി കയറാൻ പലപ്പോഴും കഴിഞ്ഞില്ല.ചിലപ്പോൾ അമ്പതോ അറുപതോ ഭക്തർ മാത്രമാണ് പതിനെട്ടാം പടി കയറിയത്.
ജനത്തിരക്ക് കണക്കിലെടുത്ത് കാനനപാതയിലൂടെയുള്ള പ്രത്യേക പാസും നിർത്തലാക്കി.എന്നാൽ ചൊവ്വാഴ്ച മുതൽ കാനന പാതയിലൂടെ ഭക്തർക്ക് വരുന്നതിന് തടസ്സമില്ല.എങ്കിലും ചൊവ്വാഴ്ച വരെ സ്പെഷൽ പാസിലൂടെ നേരിട്ട് പതിനെട്ടാംപടിയിൽ എത്താവുന്ന സാഹചര്യം ഉണ്ടായിരുന്നെങ്കിലും നിലവിൽ അതിനും നിയന്ത്രണം ഏർപ്പെടുത്തിയതായാണ് വിവരം. എന്തായാലും അടുത്ത ഒന്നോ രണ്ടോ ദിവസം കഴിയുമ്പോൾ തിരക്ക് നേരിയ തോതിൽ കുറയുമെന്നാണ് ദേവസ്വം ബോർഡിൻ്റെ കണക്കുകൂട്ടൽ.