മലബാറില്‍ നിര്‍ത്തി ജയിപ്പിക്കാം; ജോസ് കെ മാണിയെ റാഞ്ചാന്‍ കോണ്‍ഗ്രസ്

കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ ഇനി കഷ്ടിച്ച് ഒന്നരവര്‍ഷം മാത്രമേ ബാക്കിയുള്ളു. ഇക്കുറിയും ഭരണം പിടിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിന്റെ കാര്യം അതോഗതിയാണ്.അല്‍പ്പമൊന്ന് പ്രതിച്ഛായ മങ്ങിയ എല്‍ഡിഎഫില്‍ ഭരണം പിടിക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.

author-image
Rajesh T L
New Update
mani

തിരുവനന്തപുരം  :കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ ഇനി കഷ്ടിച്ച് ഒന്നരവര്‍ഷം മാത്രമേ ബാക്കിയുള്ളു.ഇക്കുറിയും ഭരണം പിടിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിന്റെ കാര്യം അതോഗതിയാണ്.അല്‍പ്പമൊന്ന് പ്രതിച്ഛായ മങ്ങിയ എല്‍ഡിഎഫില്‍ ഭരണം പിടിക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. മറിച്ച് ഭരണം നിലനിര്‍ത്താന്‍ എല്‍ഡിഎഫ് ആകട്ടെ സകല വഴികളും പയറ്റുന്നുണ്ട്. 

അതിനിടെയാണ് എല്‍ഡിഎഫില്‍ നിന്നും യുഡിഎഫിലേക്ക് മാറണമെന്ന ആവശ്യം കേരള കോണ്‍ഗ്രസില്‍ എം അണികള്‍ക്കും നേതാക്കള്‍ക്കുമിടയില്‍ ചര്‍ച്ച ഉടലെടുത്തിരിക്കുന്നത്.ഇത് മുതലാക്കാനുള്ള പദ്ധതിയുമായാണ്  ഇപ്പോള്‍ കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.കേരള കോണ്‍ഗ്രസിനെ അടര്‍ത്തിയെടുക്കാന്‍ ലീഗിനെ കോണ്‍ഗ്രസ് രംഗത്തിറക്കുമെന്നാണ് സൂചന.മുനമ്പം ഭൂമി പ്രശ്‌നം, വനനിയമഭേദഗതി ബില്‍ എന്നിവയില്‍ സഭകള്‍ സര്‍ക്കാരിന് എതിരായിരുന്നു. ഇതുകൊണ്ട് തന്നെയാണ് മുന്നണിമാറ്റം എന്ന ആവശ്യം കേരള കോണ്‍ഗ്രസിനുള്ളില്‍ ഉയര്‍ന്നത്.

പാലാ,കടുത്തുരുത്തി മണ്ഡലങ്ങള്‍ കേരള കോണ്‍ഗ്രസിന് കൈമാറാതെ പകരം ഉറപ്പുള്ള മണ്ഡലങ്ങളാണ് ലീഗുമായുള്ള ചര്‍ച്ചയില്‍ ഉയര്‍ന്നത്.യുഡിഎഫിന്റെ തിരുവമ്പാടി സീറ്റ് ജോസ്.കെ.മാണിക്ക് നല്‍കാമെന്ന വാഗ്ദാനവും കേരള കോണ്‍ഗ്രസിന് മുന്നിലുണ്ട്.എന്നാല്‍ ചീഫ് വിഎന്‍. ജയരാജ്,മന്ത്രി റോഷി അഗസ്റ്റിന്‍, പ്രമോദ് നാരായണ്‍ എംഎല്‍എ.എന്നിവര്‍ ഇടതുമുന്നണി വിടുന്നതിനോട് അനുകൂലിക്കുന്നില്ല.ഇതും പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

അധികാരത്തിലേക്ക് എത്തുന്നതിന്റെ ഭാഗമായി സാമുദായിക നേതാക്കളുമായി യുഡിഎഫ് ബന്ധം തിരികെ പിടിച്ചിട്ടുണ്ട്.മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എന്‍എസ്എസ് രമേശ് ചെന്നിത്തലയെ എത്തിച്ചിരുന്നു.ക്രൈസ്തവ സഭാ പരിപാടികളില്‍ പ്രാസംഗികനായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെയും സഭ നേതൃത്വം ക്ഷണിക്കുന്നുണ്ട്.ഈ ഘട്ടത്തില്‍ തന്നെയാണ് കേരള കോണ്‍ഗ്രസിനെയും യുഡിഎഫില്‍ എത്തിക്കാന്‍ നീക്കം നടക്കുന്നത്.എന്നാല്‍ യുഡിഎഫിലേക്കുള്ള തിരിച്ചുപോക്ക് കഴിയിലില്ലെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.കേരള കോണ്‍ഗ്രസ് മാണി വിഭാഗം എല്‍ഡിഎഫിന്റെ അവിഭാജ്യ ഘടകമാണ്.മതമേലധ്യക്ഷന്‍മാര്‍ മുന്നണി പ്രവേശനത്തില്‍ ഇടപെട്ടിട്ടില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.റബര്‍ വിലസ്ഥിരത ഫണ്ടും, കാരുണ്യ  പദ്ധതിയും ഇടതുപക്ഷ സര്‍ക്കാരിന് കീഴില്‍  അട്ടിമറിക്കപ്പെട്ടതില്‍ കേരള കോണ്‍ഗ്രസ് എമ്മില്‍  അതൃപ്തി പുകയുമ്പോഴാണ് യുഡിഎഫില്‍ നിന്നുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ക്ക്  വഴി തുറക്കുന്നത്. 

വില സ്ഥിരതാ ഫണ്ട് പദ്ധതി നടപ്പിലാക്കിയാല്‍  റബര്‍ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താന്‍  കഴിയുമെന്നിരിക്കെ  സംസ്ഥാന സര്‍ക്കാര്‍ തുടരുന്ന അലംഭാവത്തില്‍ അതൃപ്തരാണ് കേരള കോണ്‍ഗ്രസ്. മാത്രമല്ല, ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ  ഭരണവിരുദ്ധ വികാരത്തിന്റെ ചൂട് അറിഞ്ഞ കേരള കോണ്‍ഗ്രസ് എം  വരാന്‍ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍  അണികളെയും പ്രവര്‍ത്തകരെയും ബോധ്യപ്പെടുത്താന്‍ നന്നായി ബുദ്ധിമുട്ടും.ക്രൈസ്തവ മതമേലധ്യക്ഷന്‍മാരുടെ കൂടെ ഇടപെടലിലാണ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്.എന്നാല്‍, മുസ്ലിം ലീഗിന്റെ മധ്യസ്ഥതയില്‍ പലവട്ടം അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നതായി കേരള കോണ്‍ഗ്രസ് എം വൃത്തങ്ങള്‍ സമ്മതിക്കുന്നുണ്ട്.അറ്റകൈക്ക് ജോസ് കെ. മാണിയെ മലബാറില്‍ നിര്‍ത്തി ജയിപ്പിക്കാനുള്ള നീക്കങ്ങള്‍ക്കും ചരടുവലി നടന്നതായി സൂചനയുണ്ട്.

പാലാ സീറ്റില്‍ ഇനിയൊരു ഭാഗ്യ പരീക്ഷണത്തിന് ജോസ് കെ മാണി തയ്യാറാല്ലെങ്കിലും സീറ്റ്  കേരള കോണ്‍ഗ്രസ് എമ്മിന് തന്നെ വേണമെന്നതാണ് മുന്നോട്ടുവയ്ക്കുന്ന  ഉപാധി.  പ്രതിസന്ധിഘട്ടത്തില്‍ കൂടെ നിന്ന മാണി സി കാപ്പനെ തള്ളാന്‍ യുഡിഎഫിന് താല്‍പര്യവുമില്ല.

പാലായില്‍ പലതവണ ചര്‍ച്ച ധാരണയില്‍ എത്താതെ പിരിഞ്ഞെങ്കിലും ചര്‍ച്ചകള്‍ ഉപേക്ഷിച്ചിട്ടില്ല..അതേസമയം,തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മുന്നണി മാറുന്നത് പതിവാക്കിയാല്‍ അത് വിശ്വാസ്യതയെ ചോദ്യം ചെയ്യുമെന്ന അഭിപ്രായവും പാര്‍ട്ടിയില്‍ ഉയര്‍ന്നതോടെ കരുതലോടെയാണ് ഓരോ ചുവടും.

Kerala Congress(A) jose k mani