"വോട്ട് ചെയ്ത് പഠിക്കാം" കാക്കനാട് സിവിൽ സ്റ്റേഷനിലുണ്ട് പോളിംഗ് ബൂത്ത്

തദ്ദേശ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ വോട്ട് ചെയ്ത് പഠിക്കാൻ അവസരമൊരുക്കി ജില്ലാ ഇലക്ഷൻ വിഭാഗം. തദ്ദേശ തിരഞ്ഞെടുപ്പ് ബോധവൽക്കരണ പദ്ധതിയുടെ (ലീപ്) ഭാഗമായാണ് വോട്ട് ചെയ്യാനുള്ള സൗകര്യം ജില്ലാ ഭരണ സിരാകേന്ദ്രത്തിൽ സജ്ജീകരിച്ചിട്ടുള്ളത്.

author-image
Shyam Kopparambil
New Update
WhatsApp Image 2025-08-15 at 2.51.38 PM

തൃക്കാക്കര: തദ്ദേശ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ വോട്ട് ചെയ്ത് പഠിക്കാൻ അവസരമൊരുക്കി ജില്ലാ ഇലക്ഷൻ വിഭാഗം. തദ്ദേശ തിരഞ്ഞെടുപ്പ് ബോധവൽക്കരണ പദ്ധതിയുടെ (ലീപ്) ഭാഗമായാണ് വോട്ട് ചെയ്യാനുള്ള സൗകര്യം ജില്ലാ ഭരണ സിരാകേന്ദ്രത്തിൽ സജ്ജീകരിച്ചിട്ടുള്ളത്. ലീപുമായി ബന്ധപ്പെട്ട ജില്ലയിലെ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ച് മോക്ക് പോളിംഗ് യൂണിറ്റിൻ്റെ ഉദ്ഘാടനം ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടർ ജി. പ്രിയങ്ക നിർവഹിച്ചു.ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് നൽകുന്ന സുപ്രധാനമായ അവകാശമാണ് വോട്ടെന്ന് ജില്ലാ കളക്ടർ പറഞ്ഞു. അതേസമയം നഗര മേഖലയിലും യുവാക്കൾക്കിടയിലും പിന്നാക്ക വിഭാഗങ്ങളിലും തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഭാഗമാകാതെ മാറി നിൽക്കുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇവർക്ക് ബോധവൽക്കരണം നൽകുന്നതിനുള്ള വിപുലമായ പ്രവർത്തനങ്ങളാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നേതൃത്വത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് ബോധവൽക്കരണ പദ്ധതിയുടെ ഭാഗമായി നടത്തുന്നത്. ഇതിനായി പോളിംഗ് യൂണിറ്റുകൾ ഉള്ള വോട്ട് വണ്ടി, റീൽസ് മത്സരങ്ങൾ, മറ്റ് ബോധവൽക്കരണ പരിപാടികൾ തുടങ്ങിയവ സംഘടിപ്പിക്കും. തിരഞ്ഞെടുപ്പിൻ്റെ സുതാര്യത ഉറപ്പുവരുത്തുന്നതിനും വോട്ടർമാരുടെ സംശയ നിവാരണവും ലക്ഷ്യമിട്ടാണ് വോട്ട് ഇവ സജ്ജീകരിക്കു ന്നത്. കോളേജുകളിലും ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലും വോട്ട് വണ്ടി സഞ്ചരിക്കുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന യഥാർത്ഥ പോളിംഗ് യൂണിറ്റുകളും കൺട്രോൾ യൂണിറ്റുകളുമാണ് സാമ്പിൾ ബൂത്തിൽ സജ്ജീകരിച്ചിട്ടുള്ളത്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പു മാതൃകയിലാണ് ഒരുക്കിയിട്ടുള്ളത്.

ജില്ലാ കളക്ടർ അധ്യക്ഷയായ സമിതിയാണ് ലീപുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടറാണ് കൺവീനർ. തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ തുടങ്ങിയവർ സമിതി അംഗങ്ങളാണ്. അസിസ്റ്റൻ് കളക്ടറാണ് നോഡൽ ഓഫീസർ. ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്ററാണ് അസി. നോഡൽ ഓഫീസർ.വരും ദിവസങ്ങളിൽ ജില്ലയിലെ എല്ലാ താലൂക്കുകളിലേക്കും തദ്ദേശസ്ഥാപനങ്ങളിലേക്കും പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനാണ് തീരുമാനം. താലൂക്കുകളിൽ തഹസിൽദാർമാർക്കും തദ്ദേശസ്ഥാപനങ്ങളിൽ സെക്രട്ടറിമാർക്കുമായിരിക്കും ചുമതല.

ജില്ലാ കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ അസി. കളക്ടർ പാർവതി ഗോപകുമാർ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സുനിൽ മാത്യു, മറ്റ് ഡെപ്യൂട്ടി കളക്ടർമാരായ വി.ഇ അബ്ബാസ്, കെ. മനോജ്, സുനിത ജേക്കബ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ.ബി ബിജു, കണയന്നൂർ താലൂക്ക് അഹസിൽദാർ ഡി. വിനോദ്, ഡെപ്യൂട്ടി തഹസിൽദാർ ബിനോ തോമസ്, ജൂനിയർ സൂപ്രണ്ട് കെ.പി പോൾ, ജില്ലാ തെരഞ്ഞെടുപ്പ് അസിസ്റ്റൻറ് കെ.എ ജയന്തൻ, മുഹമ്മദ് ഷാഫി തുടങ്ങിയവർ പങ്കെടുത്തു.

kochi election