/kalakaumudi/media/media_files/2026/01/07/arattupuzha-velayudha-panicker-kalakaumudi-2026-01-07-12-17-33.jpg)
ആറാട്ടുപുഴ വേലായുധപ്പണിക്കര്‍! നവോത്ഥാന കേരളത്തിന് മറക്കാനാവില്ല ഈ പേര്. കേരളത്തിന്റെ സമൂഹ്യ ജീവിതത്തെ ഉഴുതു മറിച്ച ശ്രീനാരായണ ഗുരുദേവന് മുമ്പ് ആശയക്കരുത്തും കൈക്കരുത്തുമായി നിറഞ്ഞുനിന്ന നവോത്ഥാന നായകന്‍. 1825 ജനുവരിയിലാണ് ജനനം, വിയോഗം 1874 ജനുവരിയിലും. വെറും നാല്‍പ്പത്തി ഒന്‍പത് വര്‍ഷം നീണ്ട ജീവിതം സംഭവ ബഹുലമായിരുന്നു, ചരിത്രവും! ജനുവരി ഏഴിനാണ് ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ രക്തസാക്ഷിത്വ ദിനം.
വന്‍ സ്വത്തിന് ഉടമയായിരുന്നു വേലായുധപ്പണിക്കര്‍. അനീതിക്കെതിരെ സന്ധിയില്ലാ പോരാട്ടം നടത്തി. കളരിപ്പയറ്റും കുതിര സവാരിയും പഠിച്ച വേലായുധപ്പണിക്കര്‍, അനീതി കണ്ടാല്‍ കായികമായി നേരിടാന്‍ പോലും മടി കാണിച്ചില്ല.
അവര്‍ണര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനമില്ലാതിരുന്ന കാലം. അവര്‍ക്കു വേണ്ടി ക്ഷേത്രം സ്ഥാപിച്ചു. 1854 ലാണ് സവര്‍ണ്ണരെ വെല്ലുവിളിച്ച് വേലായുധപ്പണിക്കര്‍ അവര്‍ണ്ണര്‍ക്കായി ക്ഷേത്രം സ്ഥാപിച്ചത്. ആറാട്ടുപുഴ മംഗലം ഇടയ്ക്കാട് ക്ഷേത്രം വലിയൊരു ചരിത്രത്തിന്റെ ഓര്‍മയായി ഇപ്പോഴും നിലകൊള്ളുന്നു.
അവര്‍ണ്ണ സ്ത്രീകള്‍ക്ക് മേല്‍മുണ്ട് ധരിക്കാന്‍ അനുവാദമില്ലായിരുന്ന കാലം. പണിക്കരിലെ വിപ്ലവകാരിയെ അടയാളപ്പെടുത്തുന്നതാണ് 1859-ല്‍ നടത്തിയ ഏത്താപ്പു സമരം. കായംകുളത്ത് അവര്‍ണ്ണ സ്ത്രീയുടെ മേല്‍മുണ്ട് സവര്‍ണ്ണ പ്രമാണിമാര്‍ കീഴിയെറുഞ്ഞു. അവിടേക്കെത്തിയ വേലായുധപ്പണിക്കര്‍ അവര്‍ണ്ണ സ്ത്രീകള്‍ക്ക് ഏത്താപ്പ് നല്‍കി സവര്‍ണ്ണരെ വെല്ലുവിളിച്ചു. അധ:സ്ഥിതര്‍ക്ക് കഥകളി കാണാന്‍ പോലും അവകാശമില്ലാത്ത കാലത്ത് ഈഴവര്‍ക്കായി 1861-ല്‍ കഥകളിയോഗമുണ്ടാക്കി. സവര്‍ണര്‍ പരാതിയുമായി ദിവാനുമുന്നിലെത്തി. എന്നാല്‍, താഴ്ന്ന ജാതിക്കാര്‍ക്കും കഥകളി പഠിച്ച് അവതരിപ്പിക്കാമെന്നായിരുന്നു ദിവാന്റെ ഉത്തരവ്. പണിക്കര്‍ സ്വയം കഥകളി പഠിച്ച് അരങ്ങേറ്റം നടത്തി.
ആദ്യത്തെ കര്‍ഷക തൊഴിലാളി സമരവും പണിക്കരുടെ നേതൃത്വത്തിലാണ് അരങ്ങേറിയത്. ഈഴവ സ്ത്രീകളുടെ ഉടുവസ്ത്രം മുട്ടിന് താഴെയെത്തിയാല്‍ കുറ്റമായിരുന്ന കാലം. കായംകുളം പത്തിയൂരില്‍ ഒരു സ്ത്രീ മുണ്ട് ഇറക്കിയുടുത്ത് പണിക്കെത്തി. സ്ത്രീയെ പ്രമാണിമാര്‍ അധിക്ഷേപിച്ചു. പണി ഉപേക്ഷിക്കാനായിരുന്നു തൊഴിലാളികളോട് പണിക്കര്‍ ആഹ്വാനം ചെയ്തത്. പുറത്തുനിന്ന് തൊഴിലാളികളെ എത്തിച്ചാല്‍ കൊന്നുകളയുമെന്ന മുന്നറിയിപ്പും പണിക്കര്‍ പ്രമാണിമാര്‍ക്ക് നല്‍കി. ഇതോടെ അപമാനിക്കപ്പെട്ട സ്ത്രീക്ക് മുണ്ട് നല്‍കി മാപ്പു പറഞ്ഞ് പ്രമാണിമാര്‍ തടിയൂരി!
ധീരനായ വേലായുധപ്പണിക്കരെ പിന്നില്‍ നിന്ന് കുത്തി വീഴ്ത്തിയാണ് ഇല്ലാതിക്കിയത്. 1874 ജനുവരിയില്‍ വള്ളത്തില്‍ കൊല്ലത്തേക്ക് പോകുമ്പോഴാണ് ചതി പ്രയോഗത്തില്‍ പണിക്കരെ എതിരാളികള്‍ വീഴ്ത്തിയത്. പണിക്കരുടെ പിന്നാലെ വള്ളത്തിലെത്തിയ ഒരു സംഘം സംസാരിക്കണമെന്ന് അറിയിച്ചു. പണിക്കര്‍ വള്ളം നിര്‍ത്തി. അതോടെ വളളത്തിലേക്ക് കയറിയ എതിരാളികള്‍ പണിക്കരെ പിന്നില്‍ നിന്ന് ആക്രമിക്കുകയായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
