കൊച്ചിയിൽ ഓട്ടോറിക്ഷകളിൽ മിന്നൽ പരിശോധന; 174 പേർക്കെതിരെ നടപടി, അന്യജില്ലാ വാഹനങ്ങളും പിടിയിൽ

നഗരത്തിൽ രാത്രികാലങ്ങളിൽ സർവ്വീസ് നടത്തുന്ന ഓട്ടോറിക്ഷകൾ കേന്ദ്രീകരിച്ച് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ 174 പേർക്കെതിരെ നടപടി.

author-image
Shyam
New Update
WhatsApp Image 2026-01-23 at 6.29.18 PM

കൊച്ചി : നഗരത്തിൽ രാത്രികാലങ്ങളിൽ സർവ്വീസ് നടത്തുന്ന ഓട്ടോറിക്ഷകൾ കേന്ദ്രീകരിച്ച് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ 174 പേർക്കെതിരെ നടപടി. ഓട്ടോറിക്ഷാ ഡ്രൈവർമാർക്കെതിരെ യാത്രക്കാരുടെ പരാതികൾ വർദ്ധിച്ച സാഹചര്യത്തിൽ ജില്ലാ കളക്ടർ ജി. പ്രിയങ്ക യുടെ പ്രത്യേക നിർദ്ദേശപ്രകാരമായിരുന്നു പരിശോധന.എറണാകുളം ആർ.ടി.ഒ ബിജു ഐസക്കിന്റെ നേതൃത്വത്തിൽ ആറ് സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന. എം.ജി റോഡ്, വൈറ്റില, സൗത്ത്-നോർത്ത് റെയിൽവേ സ്റ്റേഷനുകൾ, ഹൈക്കോടതി ജംഗ്ഷൻ, കലൂർ-കതൃക്കടവ്, സ്റ്റേഡിയം ലിങ്ക് റോഡ് തുടങ്ങി നഗരത്തിന്റെ പ്രധാന ഭാഗങ്ങളിൽ നടന്ന പരിശോധനയിൽ 365 ഓട്ടോറിക്ഷകൾ തടഞ്ഞുനിർത്തി പരിശോധിച്ചു. ഇതിൽ നിയമലംഘനം കണ്ടെത്തിയ 174 പേർക്കെതിരെ ഇ-ചല്ലാൻ തയ്യാറാക്കി പിഴ ചുമത്തി.72 ഓട്ടോറിക്ഷകളും ഫെയർ മീറ്റർ പ്രവർത്തിപ്പിക്കാതെയാണ് സർവീസ് നടത്തിയിരുന്നത്. കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ നിന്നും പെർമിറ്റില്ലാതെ കൊച്ചിയിലെത്തി അനധികൃതമായി സർവീസ് നടത്തിയ 20 ഓട്ടോറിക്ഷകൾ പിടികൂടി. ഫിറ്റ്നസ് ഇല്ലാത്ത 15 ഓട്ടോകളും, ടാക്സ് അടക്കാത്ത 10 എണ്ണവും, ഇൻഷുറൻസ് ഇല്ലാത്ത ഒന്നും കണ്ടെത്തി. പെർമിറ്റ് കാലാവധി കഴിഞ്ഞ 12 ഓട്ടോകളും സർവീസ് നടത്തിയിരുന്നു. ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ച 7 പേർക്കെതിരെ കർശന നടപടി സ്വീകരിച്ചു. നമ്പർ പ്ലേറ്റ് ഇല്ലാത്ത 15 ഓട്ടോകളും, അമിത പ്രകാശം പുറപ്പെടുവിക്കുന്ന ലൈറ്റുകൾ ഘടിപ്പിച്ച 10 ഓട്ടോകളും പിടിയിലായി. കൊച്ചിയിൽ സ്ത്രീ സൗഹൃദ ഓട്ടോറിക്ഷാ സംസ്കാരം വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകത ഉദ്യോഗസ്ഥർ ഡ്രൈവർമാരെ ബോധ്യപ്പെടുത്തി. ഡ്രൈവർമാർ നിയമം അനുശാസിക്കും വിധം സുരക്ഷിതമായും സ്ത്രീ സൗഹാർദ്ദപരമായും സർവീസ് നടത്തണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശം നൽകി.റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി കൂടിയാണ് പരിശോധന സംഘടിപ്പിച്ചത്. വരും ദിവസങ്ങളിലും രാത്രികാല പരിശോധനകൾ കർശനമായി തുടരുമെന്ന് ആർ.ടി.ഒ ബിജു ഐസക് അറിയിച്ചു.

kochi motor vehicle department Enforcement RTO