ചൂരല്‍മല ദുരന്തത്തില്‍ കാണാതായവരുടെ ലിസ്റ്റിന് അംഗീകാരം

ഇവരുടെ മരണം രജിസ്റ്റര്‍ ചെയ്യാന്‍വേണ്ട നടപടിക്രമങ്ങളും സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ മരണം രജിസ്റ്റര്‍ ചെയ്തു മരണസര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിനുള്ള നടപടികളും സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.

author-image
Prana
New Update
wayanad landslide 2

വയനാട് ചൂരല്‍മല മുണ്ടക്കൈ ദുരന്തത്തില്‍ പെട്ട് കാണാതായവരുടെ ലിസ്റ്റ് അംഗീകരിച്ചു. ഇതുവരെയും തിരിച്ചറിയാത്ത 32 പേരുടെ ലിസ്റ്റാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചത്. ദുരന്തത്തില്‍ ഉള്‍പ്പെട്ട 231 മൃതദേഹങ്ങളും 223 മൃതദേഹ ഭാഗങ്ങളും അടക്കം മൊത്തം 454 മൃതദേഹം/ഭാഗങ്ങള്‍ ആണ് ഇതുവരെ കണ്ടെടുത്തത്. ഇതില്‍ ആദ്യ ദിവസം തിരിച്ചറിഞ്ഞ് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത 19 മൃതദേഹങ്ങളും ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കാന്‍ കഴിയാത്ത മൂന്ന് മൃതദേഹ ഭാഗങ്ങളും ഒഴികെ ബാക്കി 432 മൃതദേഹം/ഭാഗങ്ങളില്‍ നിന്നും ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചിരുന്നു.കണ്ണൂര്‍ റീജിയണല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലാണ് ആദ്യ ഘട്ടത്തില്‍ ഡിഎന്‍എ സാമ്പിളുകളുടെ പരിശോധന നടത്തിയത്. 223 മൃതദേഹം/ഭാഗങ്ങള്‍ അവിടെ നടത്തിയ പരിശോധനയില്‍ തിരിച്ചറിഞ്ഞു. ഇതിലൂടെ 77 പേരെ തിരിച്ചറിയാന്‍കഴിഞ്ഞിരുന്നു. കണ്ണൂര്‍ ഫോറെന്‍സിക് സയന്‍സ് ലാബില്‍ തിരിച്ചറിയാന്‍ കഴിയാതിരുന്ന 209 മൃതദേഹം/ഭാഗങ്ങള്‍ സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജിയിലേക്കു പരിശോധനക്കയച്ചു. അവിടെ നടത്തിയ പരിശോധനയില്‍ ദുരന്തത്തില്‍ കാണാതായ 22 പേരെ കൂടി തിരിച്ചറിഞ്ഞു. 99 പേരെ ഡിഎന്‍എ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. ദുരന്തത്തില്‍ മരണപ്പെട്ട 167 പേരെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിരുന്നു. മൊത്തം 266 പേരെ തിരിച്ചറിഞ്ഞു. ദുരന്തത്തില്‍ ഉള്‍പ്പെട്ട് കാണാതായ ബാക്കിയുള്ള 32 പേരുടെ ലിസ്റ്റാണ് ഡിഡിഎംഎ അംഗീകരിച്ചത്.ദുരന്തത്തില്‍ 298 പേര്‍ മരിച്ചതായാണ് കണക്കാക്കുന്നത്. സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വെള്ളരി മല വില്ലേജ് ഓഫീസര്‍, മേപ്പാടി പഞ്ചായത് സെക്രട്ടറി, മേപ്പാടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്നിവര്‍ ചേര്‍ന്ന് തയാറാക്കിയ ലിസ്റ്റാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചത്. ലിസ്റ്റ് ആഭ്യന്തരവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി, റെവന്യൂ ആന്‍ഡ് ദുരന്ത നിവാരണം പ്രിന്‍സിപ്പല്‍ സെക്രട്ടറി, തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ അടങ്ങിയ സംസ്ഥാനതല സമിതി പരിശോധിക്കും. അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവരെ ദുരന്തത്തില്‍ മരണപെട്ടവരായി കണക്കാക്കി സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കും. സര്‍ക്കാര്‍ ഉത്തരവിന്റ അടിസ്ഥാനത്തില്‍ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് നല്‍കിയിട്ടുള്ള എല്ലാ ആനുകൂല്യങ്ങളും ഇവരുടെ ബന്ധുക്കള്‍ക്ക് നല്‍കും. ഇവരുടെ മരണം രജിസ്റ്റര്‍ ചെയ്യാന്‍വേണ്ട നടപടിക്രമങ്ങളും സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ മരണം രജിസ്റ്റര്‍ ചെയ്തു മരണസര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിനുള്ള നടപടികളും സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.