/kalakaumudi/media/media_files/2025/05/06/yAnmASQLmsYFU4kncW0T.png)
കൊച്ചി: വലിയ തെറ്റ് ചെയ്‌ത നടന്റെ പേര് പറയേണ്ടതാണെങ്കിൽ, പറയേണ്ട സമയത്ത് പേടിയില്ലാതെ പറയുകതന്നെ ചെയ്യുമെന്ന് നിർമ്മാതാവ് ലിസ്റ്റിൻ സ്‌റ്റീഫൻ. മാദ്ധ്യമങ്ങൾ സൂചിപ്പിച്ച നടനെതിരെ താനൊന്നും പറഞ്ഞിട്ടില്ല. സിനിമാനിർമ്മാണത്തിന് പലിശയ്‌ക്ക് പണമെടുക്കുന്നത് മോശം കാര്യമല്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
മലയാളത്തിലെ പ്രമുഖനടൻ വലിയ തെറ്റിന് തിരികൊളുത്തിയെന്ന് ലിസ്‌റ്റിൻ സ്‌റ്റീഫൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. തെറ്റ് ആവർത്തിച്ചാൽ വലിയ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് നടന്റെ പേര് പറയാതെ പരാമർശിച്ചതിൽ വിവാദം ഉയർന്ന സാഹചര്യത്തിലാണ് പ്രതികരണം.
നാളെ സിനിമയെടുക്കാൻ കഴിഞ്ഞില്ലെങ്കിലും പേരുപറയാൻ ഭയമില്ല. കഞ്ഞി കുടിക്കാനുള്ള വക താനുണ്ടാക്കിയിട്ടുണ്ട്. സാധാരണക്കാർ ടിക്കറ്റെടുത്താണ് അഭിനേതാക്കളെ വലിയ ആളാക്കിയത്. തനിക്കെതിരെ വലിയ സൈബർ ആക്രമണമാണ് നടന്റെ ഫാൻസ് നടത്തുന്നത്.
പ്രധാന നടനെ ചുറ്റിപ്പറ്റിയാണ് സിനിമ ഒരുക്കുന്നത്. അവരുടെ ഡേറ്റനുസരിച്ചാണ് സഹഅഭിനേതാക്കളെ നിശ്ചയിക്കുന്നത്. അഞ്ചും പത്തും ദിവസമാണ് അവർക്കുണ്ടാകുക. പ്രധാന നടൻ കൃത്യമായി ചിത്രീകരണത്തിന് വന്നില്ലെങ്കിൽ മറ്റുള്ളവരുടെ ഡേറ്റിനെയും ബാധിക്കും. ആസൂത്രണം മൊത്തത്തിൽ പാളുന്നത് വൻനഷ്‌ടം വരുത്തും. നടൻ വിചാരിച്ചാൽ ചർച്ചയിലൂടെ പരിഹരിക്കാവുന്നതാണ് തന്റെ സിനിമയിലെ പ്രശ്‌നം. തനിക്ക് ഈഗോയും ഫാൻസുമില്ല. ടെൻഷന്റെ അവസാനഘട്ടത്തിലാണ് പ്രതികരിച്ചതെന്ന് ലിസ്റ്റിൻ പറഞ്ഞു.