എൽഎൽബി പുനർമൂല്യ നിർണയം വൈകുന്നു : കേരള സർവകലാശാലയിൽ വീണ്ടും ഉത്തര കടലാസ് വിവാദം

ത്രിവൽസര എൽഎൽബി കോഴ്സിന്റെ രണ്ടാം സെമസ്റ്ററിലെ പ്രോപ്പർട്ടി ലോ എന്ന പേപ്പറിന് പുനർമൂല്യനിർണയത്തിന് അപേക്ഷ നൽകിയവരാണ് 8 മാസമായി ഫലത്തിനായി കാത്തിരിക്കുന്നത്.

author-image
Anitha
New Update
jkhfhwkasd

തിരുവനന്തപുരം ∙ എംബിഎ ഉത്തരക്കടലാസ് നഷ്ടപ്പെട്ടതിനു പിന്നാലെ കേരള സർവകലാശാലയിൽ വീണ്ടും ഉത്തരക്കടലാസ് വിവാദം. ത്രിവൽസര എൽഎൽബി കോഴ്സിന്റെ രണ്ടാം സെമസ്റ്ററിലെ പ്രോപ്പർട്ടി ലോ എന്ന പേപ്പറിന് പുനർമൂല്യനിർണയത്തിന് അപേക്ഷ നൽകിയവരാണ് 8 മാസമായി ഫലത്തിനായി കാത്തിരിക്കുന്നത്. അതേസമയം ഉത്തരക്കടലാസുകൾ നഷ്ടമായെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നു സർവകലാശാല അറിയിച്ചു.

ഉത്തരക്കടലാസ് മൂല്യനിർണയത്തിനായി കേരളത്തിനു പുറത്തുള്ള അധ്യാപികയ്ക്കു കൈമാറിയെങ്കിലും പ്രതിഫലവുമായി ബന്ധപ്പെട്ട തർക്കം കാരണം അവർ ഉത്തരക്കടലാസുകൾ തിരികെ എത്തിച്ചിരുന്നില്ല. 15ന് അകം ഉത്തരക്കടലാസുകൾ തിരികെ എത്തിക്കണമെന്ന് സർവകലാശാല കർശന നിർദേശം നൽകിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. 

55 പേപ്പറുകളാണ് പുനർമൂല്യനിർണയത്തിനായി തിരുനെൽവേലി ജില്ലയിലെ അധ്യാപികയ്ക്കു കൈമാറിയത്. ഓഡിറ്റ് റിപ്പോർട്ട് അനുസരിച്ചുള്ള തുക മാത്രമേ പ്രതിഫലമായി നൽകാനാവൂ എന്ന് സർവകലാശാല അധ്യാപികയെ അറിയിച്ചിരുന്നു. എംബിഎ ഉത്തരക്കടലാസുകൾ കാണാതായ സംഭവത്തെ തുടർന്നു പ്രതിഫലം കൂട്ടാൻ തീരുമാനിച്ചെങ്കിലും അന്തിമ ഉത്തരവ് ഇറങ്ങിയിട്ടില്ല. പുനർമൂല്യനിർണയത്തിന് 1000 രൂപ വീതമാണ് വിദ്യാർഥികൾ കെട്ടിവയ്ക്കേണ്ടത്. 75 ദിവസത്തിനുള്ളിൽ ഫലം പ്രഖ്യാപിക്കുകയും വേണം. സർവകലാശാലയിൽ ഒട്ടേറെ തവണ പരാതിപ്പെട്ടെങ്കിലും കൃത്യമായി മറുപടി ലഭിച്ചില്ലെന്നു വിദ്യാർഥികൾ കുറ്റപ്പെടുത്തി.

exam paper leaks kerala university