/kalakaumudi/media/media_files/2025/12/16/ldf-2025-12-16-08-50-12.jpg)
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ആദ്യ എല്‍ഡിഎഫ് യോഗം ഇന്ന് ചേരും. ഭരണവിരുദ്ധ വികാരം കാരണമായില്ലെന്ന് സിപിഎമ്മും ഉണ്ടെന്ന് സിപിഐയും പറയുന്നുണ്ട്. ശബരിമല സ്വര്‍ണക്കൊളളയടക്കം വിധിയെഴുത്തില്‍ പ്രതിഫലിച്ചെന്ന് സിപിഐ പറയുമ്പോള്‍ ബിജെപി നേടിയ വോട്ട് കണക്ക് നിരത്തി തിരുത്തുകയാണ് സിപിഎം.
മുഖ്യമന്ത്രി മുന്നണിയെ വിശ്വാസത്തിലെടുക്കാതെ ഒറ്റയാള്‍ പട്ടാളം പോലെ പെരുമാറുന്നുവെന്ന് സിപിഐ യോഗത്തില്‍ വിമര്‍ശനമുണ്ടായി. തദ്ദേശത്തില്‍ എന്തുകൊണ്ട് തോറ്റു എന്നതില്‍ സിപിഐയുടെ വിലയിരുത്തലല്ല സിപിഎമ്മിന്. ഭരണം മികച്ചതെന്നും, പിണറായി സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനം തൃപ്തരെന്നുമാണ് സിപിഎം സെക്രട്ടറിയേറ്റ് വിലയിരുത്തല്‍. ശബരിമല സ്വര്‍ണക്കൊളള ഏറ്റിട്ടില്ലെന്നും കുറ്റം തെളിയാതെ ജയിലില്‍ കഴിയുന്ന സിപിഎം നേതാക്കള്‍ക്കതിരെ നടപടി എടുക്കാനാകില്ലെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.
ശക്തികേന്ദ്രങ്ങളില്‍ പോലും തിരിച്ചടി ഉണ്ടായെന്ന് സിപിഎം സമ്മതിക്കുന്നുണ്ട്. കൊല്ലത്ത് ഞെട്ടിയതും മധ്യകേരളത്തില്‍ വോട്ട് പോയതുമെല്ലാം പ്രത്യേകം പഠിക്കും എന്നാണ് പാര്‍ട്ടി നിലപാട്. തിരുവനന്തപുരം നഗരസഭ ബിജെപി കൊണ്ട് പോയതിന് പിന്നില്‍ യുഡിഎഫ് ബിജെപി അഡ്ജസ്റ്റ്‌മെന്റെന്നും ആരോപണം ഉയര്‍ത്തുന്നുണ്ട്.
എന്നാല്‍ സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ വീണെന്നാണ് സിപിഐ നേതൃയോഗത്തിന്റെ വിലയിരുത്തല്‍. മുന്‍ഗണന നിശ്ചയിക്കുന്നതില്‍ പോരായ്മയുണ്ടെന്നും മുഖ്യമന്ത്രി ഒറ്റയ്ക്ക് തീരുമാനങ്ങളെടുക്കുന്നു, മുന്നണിയില്‍ കൂട്ടായ ചര്‍ച്ചയില്ലെന്നും സിപിഐ വിമര്‍ശനം ഉയര്‍ത്തി. ജില്ലാ പഞ്ചായത്തുകളില്‍ പോള്‍ ചെയ്ത രാഷ്ട്രീയ വോട്ടുകളെടുത്താല്‍ പകുതിയിലധികം മണ്ഡലങ്ങളും ഇടതുമേല്‍ക്കൈ എന്നാണ് സിപിഎം കണക്ക്. എങ്കിലും മുതിര്‍ന്ന നേതാക്കള്‍ നേരിട്ടെത്തി തോല്‍വി പഠിക്കാന്‍ തന്നെയാണ് തീരുമാനം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
