/kalakaumudi/media/media_files/2025/10/24/election-2025-10-24-08-35-35.jpg)
കാക്കനാട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഹരിതചട്ടം ലംഘിച്ചതിന് കൊച്ചി കോർപ്പറേഷൻ പരിധിയിൽ നിന്ന് നിരോധിത വസ്തുക്കൾ പിടിച്ചെടുത്തു. ജില്ലാ എൻഫോഴ്സ്‌മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് 30 ലക്ഷത്തോളം രൂപയുടെ നിരോധിത വസ്തുക്കൾ ഗോഡൗണിൽ നിന്ന് കണ്ടെത്തിയത്. സ്ഥാപനത്തിന് 50,000 രൂപ പിഴ ചുമത്തുകയും പിടിച്ചെടുത്ത വസ്തുക്കൾ കൊച്ചി കോർപ്പറേഷന് കൈമാറുകയും ചെയ്തു.
മലിനീകരണ നിയന്ത്രണ ബോർഡ് അംഗീകരിച്ച പ്രിന്റിംഗ് മെറ്റീരിയലുകൾ മാത്രമേ ഉപയോഗിക്കാവൂ എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധന ശക്തമാക്കിയത്. നിരോധിത വസ്തുക്കൾ വിൽക്കണമെങ്കിൽ ജില്ലാ കളക്ടറിൽനിന്ന് അനുമതി വാങ്ങണമെന്നും അതുവരെ സ്ഥാപനം അടച്ചിടണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
റീസൈക്കിൾ ചെയ്യാവുന്ന പോളി എത്തിലീൻ വസ്തുക്കൾക്ക് മാത്രമാണ് ഹരിത പെരുമാറ്റ ചട്ട പ്രകാരം പ്രചാരണത്തിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും മലിനീകരണ നിയന്ത്രണ ബോർഡും അനുമതി നൽകിയിട്ടുള്ളത്. കൂടാതെ, പേപ്പറുകളും 100 ശതമാനം കോട്ടൺ തുണികളും പ്രചാരണത്തിന് ഉപയോഗിക്കാം. ഇതിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള പ്രിന്റിംഗ് യൂണിറ്റുകളിൽ പരിശോധന തുടരും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
