'വയനാട് എംപിയെന്നത് ഏറ്റവും വലിയ ബഹുമതി, കോൺ​ഗ്രസ് അധികാരത്തിലെത്തിയാൽ പ്രശ്നങ്ങൾ പരിഹരിക്കും': രാഹുൽ ഗാന്ധി

വലിയ ദുരന്തത്തിനിടെ പോലും വയനാട്ടിലെ സാധാരണക്കാരായ ജനങ്ങൾ ക്ഷോഭിച്ചില്ല. മറ്റുള്ളവരെ ആക്ഷേപിക്കുകയോ കുറ്റം പറയുകയോ ചെയ്തില്ല. വയനാട്ടിലെ ജനങ്ങളുടെ വിവേകവും ബുദ്ധിശക്തിയും താൻ കണ്ടെന്നും രാഹുൽ കൂട്ടിച്ചേർത്തു.

author-image
Greeshma Rakesh
New Update
loksabha-election-2024

rahul gandhi in wayanad road show

Listen to this article
0.75x 1x 1.5x
00:00 / 00:00

 കൽപ്പറ്റ: കക്ഷിരാഷ്ട്രീയങ്ങൾക്ക് അതീതമായി എപ്പോഴും വയനാട്ടുകാർക്കൊപ്പമുണ്ടാകുമെന്ന് നിലവിലെ വയനാട് എംപിയും യുഡിഎഫ് സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധി.വയനാട് എംപിയെന്നത് തനിക്ക് ലഭിച്ച ഏറ്റവും വലിയ ബഹുമതിയാണെന്ന് വയനാട്ടിലെത്തിയ രാഹുൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ബുധനാഴ്ച രാവിലെയാണ് രാഹുൽ ഗാന്ധി വയനാട്ടിലെത്തിയത്. പ്രിയങ്കാ ഗാന്ധിയും രാഹുലിനൊപ്പമുണ്ട്. റോഡ്‌ഷോയ്ക്ക് ശേഷം കളക്ടറേറ്റിലെത്തിയ രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു.

'വയനാട്ടിൽ എത്തിയതിൽ വളരെയധികം സന്തോഷമുണ്ട്. അഞ്ച് വർഷം മുമ്പ് ഞാനിവിടെ വന്നപ്പോൾ പുതിയ ഒരാളായിരുന്നു. ഇവിടെ സ്ഥാനാർത്ഥിയായി, നിങ്ങളെന്നെ പാർലമെന്റ് അംഗമായി തിരഞ്ഞെടുത്തു, നിങ്ങളുടെ കുടുംബാംഗമാക്കി. ജാതിമതഭേദമന്യേ, കക്ഷിരാഷ്ട്രീയ ഭേദമന്യേ ഒരോ വയനാട്ടുകാരനും അവരുടെ സ്‌നേഹം നൽകി എന്നെ അവരുടെ ഹൃദയത്തിലേക്ക് സ്വീകരിച്ചു. ഇതെന്റെ ഹൃദയത്തിൽ നിന്നെടുക്കുന്ന വാക്കുകളാണ്'- രാഹുൽ പറഞ്ഞു.

വയനാട്ടിലെ പാർലമെന്റംഗമാകുക എന്നത് ഏറ്റവും വലിയ ബഹുമതിയായാണ് കാണുന്നത്. വയനാട്ടിൽ ഓരോ വീട്ടിലും തനിക്ക് സഹോദിമാരും അമ്മമാരും അച്ഛന്മാരുമുണ്ട്. വയനാട്ടിലെ ജനങ്ങൾ നിരവധി പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. ഇതിനെല്ലാം പരിഹാരത്തിന് വേണ്ടിയുള്ള ജനങ്ങളുടെ പോരാട്ടത്തിൽ മുന്നിൽ താനുമുണ്ടാകും. പ്രശ്‌നപരിഹാരത്തിന് സംസ്ഥാന സർക്കാരിലും കേന്ദ്രത്തിലും സമ്മർദ്ദം ചെലുത്തിയെങ്കിലും പരിഹാരമുണ്ടായില്ലെന്നും യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ ഇതിനെല്ലാം പരിഹാരമുണ്ടാകുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

പ്രളയകാലത്തിലെ പ്രവർത്തനങ്ങൾ എടുത്തു പറഞ്ഞ രാഹുൽ വയനാട്ടുകാരുടെ ഒരുമയും ഐക്യവുമാണ് മഹാപ്രളയത്തിനിടെ പോലും തനിക്ക് മനസിലാക്കാൻ സാധിച്ചതെന്നും കൂട്ടിച്ചേർത്തു. ഇത്ര വലിയ ദുരന്തത്തിനിടെ പോലും വയനാട്ടിലെ സാധാരണക്കാരായ ജനങ്ങൾ ക്ഷോഭിച്ചില്ല. മറ്റുള്ളവരെ ആക്ഷേപിക്കുകയോ കുറ്റം പറയുകയോ ചെയ്തില്ല. വയനാട്ടിലെ ജനങ്ങളുടെ വിവേകവും ബുദ്ധിശക്തിയും താൻ കണ്ടെന്നും രാഹുൽ കൂട്ടിച്ചേർത്തു.

തന്നെ തിരഞ്ഞെടുത്താൽ പാർലമെന്റിനകത്തും പുറത്തും ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കാൻ താനുണ്ടാകുമെന്നും രാഹുൽ ഉറപ്പുനൽകി.സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായി വയനാട്ടിലെത്തുന്ന രാഹുലിന് ആവേശോജ്വലമായ വരവേൽപ്പാണ് യുഡിഎഫ് പ്രവർത്തകർ നൽകിയത്. വയനാട്ടിൽ പ്രത്യേകം തയ്യാറാക്കിയ ഹെലിപാഡിലാണ് രാഹുൽ ഇറങ്ങിയത്. റോഡ് മാർഗമാണ് കൽപ്പറ്റയിലേക്ക് പോയത്.

 

wayanad rahul gandhi congress loksabha elelction 2024