/kalakaumudi/media/media_files/ep5CWZOq0HiyZlRmgrjU.jpg)
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രചരണ തിരക്കിലാണ് സ്ഥാനാർത്ഥികളും പാർട്ടികളും.വിജയമുറപ്പിക്കാൻ പതിനെട്ടടവും പാർട്ടികൾ പുറത്തിറക്കുമ്പോൾ അന്തിമ വിജയം ആർക്കെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാനത്തെ വോട്ടർമാരാണ്.ഇപ്പോഴിതാ കേരളത്തിലെ അന്തിമ വോട്ടർപട്ടിക തയ്യാറായിരിക്കുകയാണ്. 2,77,49,159 വോട്ടർമാരാണ് അവസാന പട്ടികയിലുള്ളതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ അറിയിച്ചു.ജനുവരി 22ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ നിന്ന് 6,49,833 വോട്ടർമാരുടെ വർധനവാണ് ഇത്തവണയുള്ളത്. അതേസമയം പട്ടിക ശുദ്ധീകരണത്തിൽ 2,01,417 പേർ ഒഴിവാക്കപ്പെട്ടിട്ടുണ്ട്.
5,34,394 പേരാണ് 18-19 പ്രായക്കാരായ കന്നിവോട്ടർമാർ.ആകെ വോട്ടർമാരിൽ 1,43,33,499 പേർ സ്ത്രീകളും 1,34,15293 പേർ പുരുഷന്മാരുമാണ്. സ്ത്രീ വോട്ടർമാരിൽ 3,36,770 പേരുടെയും പുരുഷ വോട്ടർമാരിൽ 3,13,005 പേരുടെയും വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ട്രാൻസ്ജെൻഡർ വോട്ടർമാർ -367. സ്ത്രീ പുരുഷ അനുപാതം 1,000:1,068.
ഏറ്റവും കൂടുതൽ വോട്ടർമാരുള്ള ജില്ല -മലപ്പുറം (33,93,884), കുറവ് -വയനാട് (6,35,930), കൂടുതൽ സ്ത്രീ വോട്ടർമാരുള്ള ജില്ല -മലപ്പുറം (16,97,132), കൂടുതൽ ട്രാൻസ്ജെൻഡർ വോട്ടർമാരുള്ള ജില്ല -തിരുവനന്തപുരം (94), പ്രവാസി വോട്ടർമാർ -89,839, പ്രവാസി വോട്ടർമാർ കൂടുതലുള്ള ജില്ല -കോഴിക്കോട് (35,793). 80 വയസ്സിന് മുകളിലുള്ള 6,27,045 വോട്ടർമാരുമാണ് സംസ്ഥാനത്ത് ഉള്ളത്.
നേരത്തെ തയ്യാറിക്കിയ വോട്ടർപട്ടിക സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും പരിഹരിച്ചും മാർച്ച് 25വരെ ലഭിച്ച വിവിധ അപേക്ഷകൾ പരിഗണിച്ചുമാണ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്.ജില്ലകളിൽ അസിസ്റ്റൻറ് റിട്ടേണിങ് ഓഫിസർമാരുടെ നേതൃത്വത്തിൽ പരിശോധനക്ക് പ്രത്യേക സംഘങ്ങളെ നിയോഗിക്കുകയും ബൂത്ത് ലെവൽ ഓഫിസർമാർ സമ്മതിദായകരുടെ വീടുകളിലെത്തി മരിച്ചവരെയും സ്ഥിരതാമസം മാറിയവരെയും ഉൾപ്പെടെ കണ്ടെത്തി ഒഴിവാക്കിയിരുന്നു.