കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പര്യടനം രണ്ടാം ദിവസവും കേരളത്തിൽ തുടരുന്നു.ചൊവ്വാഴ്ച മലപ്പുറം ജില്ലയിലാണ് റോഡ് ഷോ നടക്കുക. ഏറനാട്, വണ്ടൂർ, നിലമ്പൂർ നിയമസഭാ മണ്ഡലങ്ങളിലാണ് റോഡ് ഷോ നടക്കുക.
കോഴിക്കോട് ജില്ലയിലെ പരിപാടികൾക്ക് ശേഷം രാഹുൽ രാവിലെ 11.30 ഓടെ മലപ്പുറം കീഴുപറമ്പിൽ എത്തും. കീഴുപറമ്പ് അങ്ങാടിയിൽ നടക്കുന്ന റോഡ് ഷോയിൽ ലീഗ് നേതാക്കൾ ഉൾപ്പെടെ പങ്കെടുക്കും.തുടർന്ന് വൈകിട്ട് കരുവാരക്കുണ്ടിൽ നടക്കുന്ന റോഡ് ഷോയ്ക്ക് ശേഷം രാഹുൽ ഹെലികോപ്റ്ററിൽ കണ്ണൂർ വിമാനത്താവളത്തിലേക്ക് മടങ്ങും.
കഴിഞ്ഞ ദിവസം വയനാട്ടിലെ റോഡ് ഷോയ്ക്ക് ശേഷം കോഴിക്കോട് മെഗാറാലിയെയും രാഹുൽ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. എൻഡിഎ സർക്കാരിനെയും ആർഎസ്എസിനെയും കടന്നാക്രമിച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസംഗം.
കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് കേരളം നല്ല പാഠങ്ങൾ എന്നെ പഠിപ്പിച്ചു. എൽഡിഎഫും യുഡിഎഫും തമ്മിൽ ആശയപരമായി വ്യത്യാസം ഉണ്ട്. താൻ യുഡിഎഫിന് ഒപ്പം നിൽക്കും. കേരളത്തിന്റെ ശബ്ദം കരുത്തുറ്റതാണ്. സംഘപരിവാർ വെറുപ്പിന്റെ ആശയങ്ങൾ പ്രചരിപ്പിച്ച് കേരളത്തിൽ അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്നും രാഹുൽ വിമർശിച്ചിരുന്നു.