/kalakaumudi/media/media_files/xhINPaYuOhNlUQpoxcLJ.jpeg)
സംസ്ഥാനത്ത് മഴ കനക്കുമ്പോൾ മഴക്കെടുതികളും വർധിക്കുന്നുണ്ട്. ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായ കനത്ത മഴയാണ് ലഭിച്ചത്. ഇതോടെ മഴക്കെടുതികളും സംസ്ഥാന വ്യാപകമായി. തിരുവനന്തപുരം, പാലക്കാട് ജില്ലകളിലാണ് വലിയ തോതിൽ മഴ ലഭിച്ചത്. തലസ്ഥാന നഗരത്തിൽ വലിയ വെള്ളക്കെട്ട് രൂപം കൊണ്ടത് ഗതാഗത തടസം വരെ സൃഷ്ടിച്ചിരുന്നു. അതേസമയം, പാലക്കാട്ട് ഇന്നലെ രാത്രി രേഖപ്പെടുത്തിയത് റെക്കോർഡ് മഴയായിരുന്നു. മുണ്ടൂർ ഉൾപ്പെടെയുള്ള മേഖലയിലും വലിയ നാശനഷ്ടമാണ് വിതച്ചത്.
സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. വടക്കൻ കേരളത്തിന് മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ ഫലമായി കേരളത്തിൽ അടുത്ത5 ദിവസം ഇടി, മിന്നൽ, കാറ്റ് എന്നിവയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. അതിനിടെ, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു.
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്‌നാട് ആന്ധ്രാ തീരത്തിനു സമീപത്താണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. വടക്ക് കിഴക്ക് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം മെയ് 24 രാവിലെയോടെ മധ്യ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദമായും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് ചൂണ്ടിക്കാട്ടുന്നു.
കനത്ത മഴയ്ക്ക് ഒപ്പം കേരള തീരത്ത് ഇന്ന് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്കൻ തമിഴ്‌നാട് തീരത്ത് ഇന്ന് കടലാക്രമണ മുന്നറിയിപ്പുണ്ട്