കൊച്ചി: ജീവിതങ്ങളെ പഠനവിധേയമാക്കിയതിന്റെ ആകെത്തുകയാണ് മന്ത്രി പി. രാജീവിന്റെ പുസ്തകമെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു. സാധാരണക്കാരന് മനസിലാകുന്ന തരത്തിലാണ് പുസ്തകത്തിൽ കാര്യങ്ങൾ അവതരിപ്പിച്ചിട്ടുള്ളത്. മന്ത്രി പി. രാജീവിന്റെ 'തെരഞ്ഞെടുത്ത ലേഖനങ്ങൾ" എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
മന്ത്രി പി. രാജീവിന്റെ വായനയുടെയും അനുഭവങ്ങളുടെയും പാഠങ്ങളാണ് പുസ്തക രൂപത്തിൽ പുറത്തിറങ്ങിയത്. രാജീവിന്റെ വായന പുസ്തകവായന മാത്രമല്ല, സാമൂഹ്യജീവിതത്തിന്റെ വായനകൂടിയാണ്. ഇത്തരത്തിലുള്ള സമീപനം പി. രാജീവ് പുസ്തകത്തിൽ സ്വീകരിച്ചതായി കാണാനാകുമെന്നും എം.എ. ബേബി പറഞ്ഞു.
സമൂഹത്തെ ചലിപ്പിക്കുന്നത് തൊഴിലാളികളാണെന്ന സത്യവും പുസ്തകം പറയുന്നു. സാമൂഹ്യമാറ്റത്തിന്റെ നേതൃത്വത്തിൽ തൊഴിലാളികൾ വരണമെന്ന് പുസ്തകം ചൂണ്ടിക്കാട്ടുന്നു. വായനയെ എങ്ങനെ സമീപിക്കണമെന്നും ഗൗരവമായി വായനയ്ക്ക് രാഷ്ട്രീയമുണ്ടെന്നും പുസ്തകം ഓർമ്മപ്പെടുത്തുന്നു. ഗഹനമായ വിഷയങ്ങൾ വായനക്കാർക്ക് മനസിലാക്കാൻ ലളിതവും സ്വന്തവുമായ ഭാഷ പി. രാജീവിന് വികസിപ്പിക്കാനായെന്നും എം.എ. ബേബി പറഞ്ഞു. ആദ്യദിവസത്തെ പുസ്തകവില്പനയിലൂടെ ലഭിച്ച 75000രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
എം.എ. ബേബിയിൽനിന്ന് പുസ്തകത്തിന്റെ ആദ്യകോപ്പി എഴുത്തുകാരൻ സുനിൽ പി. ഇളയിടം ഏറ്റുവാങ്ങി. ആശയസമരങ്ങളെ വെറും ഉപരിപ്ലവമാക്കാനുള്ള ശ്രമത്തെ ചെറുക്കാൻ പി. രാജീവിന്റെ പുസ്തകം സഹായിക്കുമെന്ന് സുനിൽ പി. ഇളയിടം പറഞ്ഞു. പ്രൊഫ. എം.കെ. സാനു മുഖ്യാതിഥിയായി. വളരെ വ്യക്തമായി ചിന്തിക്കുന്നയാളാണ് പി. രാജീവ്. ലോക, അഖിലേന്ത്യാ രാഷ്ട്രീയത്തെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്ന അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ റെക്കോഡ് ചെയ്ത് സൂക്ഷിക്കേണ്ടവയാണെന്നും പ്രൊഫ. എം.കെ. സാനു പറഞ്ഞു. പ്രതാപൻ തായാട്ട് പുസ്തകം പരിചയപ്പെടുത്തി.
സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, എഴുത്തുകാരായ മ്യൂസ് മേരി ജോർജ്, എൻ.ഇ. സുധീർ, കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ, എസ്. സതീഷ്, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, ജോൺ ഫെർണാണ്ടസ് എന്നിവർ സംസാരിച്ചു.