/kalakaumudi/media/media_files/2025/02/03/jissRAYaF9qoV1sUtN31.jpg)
P Satheedevi and M Mukesh Mla
തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ നടന്‍ മുകേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി സംസ്ഥാന വനിതാ കമ്മീഷന്‍. നിയമപരമായി മുകേഷ് രാജി വയ്ക്കേണ്ടതില്ലെന്ന് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പി സതീദേവി വ്യക്തമാക്കി.
മുകേഷ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയാല്‍ മാത്രം, രാജി വച്ചാല്‍ മതി. എന്നാല്‍, ധാര്‍മികതയുടെ പേരില്‍, രാജി വയ്ക്കണോ എന്ന് തീരുമാനിക്കേണ്ടത് മുകേഷ് തന്നെയാണെന്നും വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ വ്യക്തമാക്കി.
അതേസമയം, മുകേഷിനെ പൂര്‍ണമായും തള്ളാെതയും കൊള്ളാതെയുമുള്ള നിലപാടാണ് സിപിഎമ്മിലെ വനിതാ നേതാക്കളുടേത്. മുകേഷിനെതിരായി കുറ്റപത്രത്തിലെ വിശദാംശങ്ങള്‍ പുറത്ത് വരട്ടേയെന്ന് സിപിഎം വനിതാ നേതാവ് പികെ ശ്രീമതി വ്യക്തമാക്കി. അന്വേഷണം നടക്കുന്നുണ്ടല്ലോ.., വേവലാതിയുടെ ആവശ്യമില്ല. മുകേഷ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍, ഒരു ഇളവ് പോലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ല.
കുറ്റവാളിയെന്ന് കണ്ടെത്തിയാല്‍ സര്‍ക്കാര്‍ മുകേഷിന്റെ കൂടെയുണ്ടാകില്ല. ഇരയ്ക്കൊപ്പം തന്നെ സര്‍ക്കാര്‍ നില്‍ക്കും. ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിച്ച നടപടി മാതൃകാപരമാണെന്ന് ഇന്ത്യയിലെ പല സംസ്ഥാനങ്ങളും പറഞ്ഞിട്ടുള്ളതാണെന്നും പികെ ശ്രീമതി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് ലൈംഗിക പീഡനക്കേസില്‍ മുകേഷിനെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്.
ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിന്മേലാണ് നടപടി. സിനിമയിലെ അവസരവും അമ്മ സംഘടനയിലെ അംഗത്വവും വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് പരാതി. മുകേഷിനെതിരെ യുവതി ഉയര്‍ത്തിയ എല്ലാ ആരോപണങ്ങളും തെളിഞ്ഞുവെന്നും ഇ-മെയില്‍ സന്ദേശങ്ങളും വാട്സ് ആപ്പ് ചാറ്റുകള്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.