/kalakaumudi/media/media_files/2025/07/28/ajiyt-2025-07-28-20-16-37.jpg)
തിരുവനന്തപുരം: എം ആര്‍ അജിത് കുമാറിനെ പൊലീസില്‍ നിന്നും മാറ്റി. എക്‌സൈസ് കമ്മീഷണറായാണ് പുതിയ നിയമനം. ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ട്രാക്ടര്‍ വിവാദത്തില്‍ നടപടിക്ക് ഡിജിപി ശുപാര്‍ശ നല്‍കിയിരുന്നു. നിലവിലെ എക്‌സൈസ് കമ്മീഷണര്‍ അവധിയില്‍ പോയിരുന്നു.
അജിത് കുമാറിന്റെ വിവാദ ശബരിമല ട്രാക്ടര്‍ യാത്രയില്‍ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്. എഡിജിപിയുടെ ട്രാക്ടര്‍ യാത്ര നിര്‍ഭാഗ്യകരമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അജിത് കുമാറിന്റെ പ്രവര്‍ത്തി മന:പൂര്‍വമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.
സന്നിധാനത്തേക്കുള്ള സഞ്ചാരത്തിനിടെയായിരുന്നു ഹൈക്കോടതി വിധി ലംഘിച്ചുള്ള എഡിജിപിയുടെ ട്രാക്ടര്‍ യാത്ര. സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കുന്ന ഭാഗത്ത് ട്രാക്ടര്‍ യാത്ര ഒഴിവാക്കുകയും ചെയ്തു. പമ്പ ഗണപതിക്ഷേത്രത്തില്‍ തൊഴുതശേഷം അദ്ദേഹം സ്വാമി അയ്യപ്പന്‍ റോഡ് വഴി കുറച്ചുദൂരം നടന്നു. ഈ റോഡിനെ മുറിച്ചുകടക്കുന്ന ചെറിയ അരുവി കഴിഞ്ഞ് ഒന്നാംവളവിന് അടുത്തുവെച്ചാണ് പൊലീസിന്റെ ഉടമസ്ഥതയിലുള്ള ട്രാക്ടറിലേക്ക് കയറിയത്.
ഇവിടെ നിന്ന് സന്നിധാനം വരെയുള്ള ഭാഗത്ത് സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് പുറത്തുവന്ന വിവരം. സന്നിധാനത്ത് യു ടേണിന് മുമ്പ് ചെരിപ്പുകള്‍ സൂക്ഷിക്കുന്ന സ്ഥലത്ത് ട്രാക്ടര്‍ നിര്‍ത്തുകയും അവിടെ എഡിജിപി ഇറങ്ങി പിന്നീട് നടന്നു പോവുകയും ചെയ്തു. അവിടം മുതല്‍ സിസിടിവി പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിവരമുണ്ട്.
പമ്പയില്‍ നിന്ന് ശബരിമല സന്നിധാനത്തേക്കും തിരിച്ചുമായിരുന്നു അജിത്കുമാറിന്റെ യാത്ര. പമ്പ-സന്നിധാനം റൂട്ടില്‍ ചരക്കുനീക്കത്തിന് മാത്രമെ ട്രാക്ടര്‍ ഉപയോഗിക്കാവൂവെന്നും ഡ്രൈവറല്ലാതെ മറ്റൊരാളും അതില്‍ ഉണ്ടാകാന്‍ പാടില്ലെന്നും ഹൈക്കോടതി വിധിയുണ്ട്. ഇതാണ് അജിത് കുമാര്‍ ലംഘിച്ചത്.