ഇ പി ജയരാജനെ പാർട്ടി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റാൻ കാരണം പ്രവര്‍ത്തന രംഗത്തെ പോരായ്മ; എം വി ഗോവിന്ദന്‍

ജയരാജന്റെ പോരായ്മ പരിഹരിച്ച് മുന്നോട്ട് കൊണ്ടുപോകാനുള്ള എല്ലാ പരിശ്രമവും പാര്‍ട്ടി നടത്തിയിരുന്നു. എന്നാല്‍ അത് ഒന്നും വിജയം കണ്ടില്ല.

author-image
Subi
New Update
mv

തിരുവനന്തപുരം: പ്രവര്‍ത്തന രംഗത്തെ പോരായ്മ മൂലമാണ് ഇ പി ജയരാജനെ ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും മാറ്റിയതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇ പി ജയരാജന്റെ പ്രവര്‍ത്തനത്തില്‍ നേരത്തെ പോരായ്മകളുണ്ടായിരുന്നുവെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികളുടെ ചര്‍ച്ചയ്ക്ക് മറുപടി പറയുമ്പോഴായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ വിശദീകരണം.

 

ജയരാജന്റെ പോരായ്മ പരിഹരിച്ച് മുന്നോട്ട് കൊണ്ടുപോകാനുള്ള എല്ലാ പരിശ്രമവും പാര്‍ട്ടി നടത്തിയിരുന്നു. എന്നാല്‍ അത് ഒന്നും വിജയം കണ്ടില്ല. പിന്നീട് തെരഞ്ഞെടുപ്പ് സമയത്ത് വീണ്ടും വിവാദങ്ങള്‍ ഉണ്ടാക്കി. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇപി ജയരാജനെ പദവിയില്‍ നിന്ന് മാറ്റിയതെന്നും എം വി ഗോവിന്ദന്‍ ജില്ലാ സമ്മേളനത്തില്‍ വ്യക്തമാക്കി.

അതേസമയം പാര്‍ട്ടിയുടെ തെറ്റുതിരുത്തല്‍ നടപടികള്‍ തിരുവനന്തപുരത്തെ പാര്‍ട്ടിയില്‍ കൃത്യമായി നടന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് മധു മുല്ലശ്ശേരിയെപ്പോലുള്ളവര്‍ പാര്‍ട്ടി ഏരിയാ സെക്രട്ടറി സ്ഥാനത്ത് തുടര്‍ന്നത്. അദ്ദേഹം പിന്നീട് ബിജെപിയിലേക്ക് പോയി. ഇത്തരം വ്യതിയാനങ്ങള്‍ പാര്‍ട്ടി നേതൃത്വത്തിന് തിരിച്ചറിയാന്‍ കഴിയാതെ പോയെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു.

 

സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി ജോയിയെ വീണ്ടും തെരഞ്ഞെടുത്തു. എട്ടുപുതുമുഖങ്ങള്‍ ജില്ലാ കമ്മിറ്റിയില്‍ ഇടംപിടിച്ചു. എംഎല്‍എമാരായ ജി സ്റ്റീഫന്‍, വി കെ പ്രശാന്ത്, ഒ എസ് അംബിക, മേയര്‍ ആര്യാ രാജേന്ദ്രന്‍, ആര്‍പി ശിവജി, ഷീജ സുദേവ്, വി അനൂപ്, വണ്ടിത്തടം മധു എന്നിവരാണ് പുതുതായി ജില്ലാ കമ്മിറ്റിയില്‍ ഇടംപിടിച്ചത്.

Trivandrum district secretary e p jayarajan m v govindan V Joy