/kalakaumudi/media/media_files/axiSEhIwwt11ZJo4o4rz.jpg)
തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ തോൽവിയിൽ രൂക്ഷ വിമർശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. സംഘടനാ വീഴ്ചക്കൊപ്പം വാക്കും പ്രവൃത്തിയും തിരിച്ചടിക്ക് കാരണമായി. മാധ്യമങ്ങളെ അകറ്റി നിർത്തിയതും തിരിച്ചടിയായി. ഇപ്പോൾ മുഴങ്ങുന്നത് ഇടതുപക്ഷത്തിന്റെ അപായ മണിയാണെന്നും എംഎ ബേബി ലേഖനത്തിൽ അഭിപ്രായപ്പെട്ടു.
പാർട്ടിക്കകത്തെ ദുഷ്പ്രവണതകൾ മതിയാക്കണം. മാധ്യമങ്ങളോട് കടക്ക് പുറത്ത് എന്ന് പറഞ്ഞത് പിണറായി ശൈലിയായി മാറി. സമൂഹമാധ്യമങ്ങളിലെ മാധ്യമ വിമർശനങ്ങൾ ഗുണത്തേക്കാളേറെ ദോഷകരമായി. മാധ്യമങ്ങളെ വിലക്കിയതും മാധ്യമ പ്രവർത്തകർക്ക് വിലക്കേർപ്പെടുത്തിയും തിരിച്ചടിയായി. ബംഗാളിലെ സിപിഎം 15 വർഷം കൊണ്ട് ഇന്നത്തെ അവസ്ഥയിലേക്ക് എത്തപ്പെട്ടത് ഓർക്കണം. എത്രയും പെട്ടെന്ന് തിരുത്തലുകൾ വേണമെന്നും ബേബി ചൂണ്ടിക്കാട്ടുന്നു.
തെരഞ്ഞെടുപ്പിലെ തിരിച്ചടി അതീവഗുരുതരമാണെന്ന് സമ്മതിക്കാതെ വയ്യ. ഇന്നത്തേക്കാൾ പലമടങ്ങ് സ്വാധീനവും ബഹുജന വിശ്വാസവും ആർജ്ജിക്കുവാനുള്ള നിലയ്ക്കാത്ത പോരാട്ടങ്ങളും പരിശ്രമങ്ങളും ഇടതുപക്ഷം തുടരേണ്ടതുണ്ട്. ജനങ്ങൾക്ക് ബോധ്യമാകുംവിധം സത്യസന്ധവും നിർഭയവും ഉള്ളുതുറന്നതുമായ സ്വയം വിമർശനലൂടെയും മാത്രമേ, വാക്കിലും പ്രവൃത്തിയിലും അനുഭവവേദ്യമാവുന്ന തിരുത്തലുകളിലൂടെ മാത്രമേ ഇടതുപക്ഷത്തിന് നഷ്ടപ്പെട്ട ബഹുജന സ്വാധീനം വീണ്ടെടുക്കാനാവൂ. ഇപ്പോൾ മുഴങ്ങുന്നത് ഇടതുപക്ഷത്തിന്റെ അപായമണിയാണെന്നും ‘തെറ്റുകളും തിരുത്തുകളും ഇടതുപക്ഷവും’ എന്ന ലേഖനത്തിൽ പറയുന്നു.